ബാങ്കോക്കിൽ നിന്ന് പറന്നിറങ്ങിയത് 12 കോടിയുടെ 'ഹൈഡ്രോപോണിക് കഞ്ചാവു'മായി; എയർപോർട്ടിലെ ആ പെരുമാറ്റം ഒടുവിൽ വിനയായി; മുൻ 'മിസിസ് കേരള' മത്സരാർത്ഥി ഹർഷ സണ്ണി മുംബൈയിൽ അറസ്റ്റിൽ; മലയാളി മോഡൽ സുന്ദരി ജയിലിലേക്ക്

മുംബൈ: ബാങ്കോക്കിൽ നിന്ന് കോടിക്കണക്കിന് രൂപ വിലമതിക്കുന്ന മാരക ലഹരിമരുന്നുമായി മലയാളി മോഡൽ മുംബൈയിൽ പിടിയിൽ. മുൻ 'മിസിസ് കേരള 2025' മത്സരത്തിലെ മത്സരാർത്ഥിയായ ഹർഷ സണ്ണി (28) ആണ് 11 കിലോഗ്രാമിലധികം വരുന്ന 'ഹൈഡ്രോപോണിക് കഞ്ചാവുമായി മുംബൈ വിമാനത്താവളത്തിൽ വെച്ച് കസ്റ്റംസിന്റെ പിടിയിലായത്. പിടിച്ചെടുത്ത ലഹരിമരുന്നിന് അന്താരാഷ്ട്ര വിപണിയിൽ 11.82 കോടി രൂപ വിലവരുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ജൂൺ 10ന് രാത്രിയിലാണ് ബാങ്കോക്കിൽ നിന്നുള്ള എയർ ഇന്ത്യയുടെ വിമാനത്തിൽ ഹർഷ സണ്ണി മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. വിമാനത്താവളത്തിലെ പതിവ് നിരീക്ഷണത്തിനിടെ ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ എയർ ഇന്റലിജൻസ് യൂണിറ്റിലെയും കസ്റ്റംസ് വകുപ്പിലെയും ഉദ്യോഗസ്ഥർ ഇവരെ തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് ഇവരെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി.
ഹർഷയുടെ ട്രോളി ബാഗ് പരിശോധിച്ച ഉദ്യോഗസ്ഥർ അതിൽ സീൽ ചെയ്ത 12 പ്ലാസ്റ്റിക് പാക്കറ്റുകൾ കണ്ടെത്തുകയായിരുന്നു. ഈ പാക്കറ്റുകളിൽ പച്ചനിറത്തിലുള്ള പദാർത്ഥമാണ് ഉണ്ടായിരുന്നത്. തുടർന്ന് എൻഡിപിഎസ് കിറ്റ് ഉപയോഗിച്ച് സംഭവസ്ഥലത്തു വെച്ചുതന്നെ നടത്തിയ രാസപരിശോധനയിലാണ് ഇത് ഉയർന്ന ഗുണനിലവാരമുള്ള ഹൈഡ്രോപോണിക് കഞ്ചാവ് ആണെന്ന് സ്ഥിരീകരിച്ചത്. 11.82 കിലോഗ്രാം തൂക്കം വരുന്ന ലഹരിമരുന്ന് കടത്താൻ ശ്രമിച്ചതിനാണ് കസ്റ്റംസ് ഇവരെ അറസ്റ്റ് ചെയ്തത്.
ലഹരിമരുന്ന് നിരോധന നിയമപ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയ ഹർഷ സണ്ണിയെ മുംബൈ ഫോർട്ട് കോടതിയിൽ ഹാജരാക്കി. കോടതി ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത് ജയിലിലേക്ക് അയച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി.
