ഇറാന്റെ 14 ഒഫീഷ്യലുകൾക്ക് വിസ നിഷേധിച്ച് യുഎസ്; ലോകകപ്പ് ഒരുക്കങ്ങൾ പ്രതിസന്ധിയിലെന്ന് ഇറാൻ ഫുട്ബോൾ ഫെഡറേഷൻ; ഫിഫയ്ക്ക് പരാതി

ഇറാന്റെ 14 ഒഫീഷ്യലുകൾക്ക് വിസ നിഷേധിച്ച് യുഎസ്; ലോകകപ്പ് ഒരുക്കങ്ങൾ പ്രതിസന്ധിയിലെന്ന് ഇറാൻ ഫുട്ബോൾ ഫെഡറേഷൻ; ഫിഫയ്ക്ക് പരാതി



വാഷിംഗ്ടൺ: ഫിഫ ലോകകപ്പ് ഫുട്ബോളിന് രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെ, അമേരിക്കയും ഇറാനും തമ്മിൽ വിസ തർക്കം. തങ്ങളുടെ ദേശീയ ടീം ഡെലിഗേഷനിലെ പ്രധാനപ്പെട്ട പല അംഗങ്ങൾക്കും അമേരിക്ക വിസ നിഷേധിച്ചതായും ഇത് ലോകകപ്പ് ഒരുക്കങ്ങളെ ബാധിക്കുന്നതായും ഇറാൻ ഫുട്ബോൾ ഫെഡറേഷൻ ആരോപിച്ചു. ആഴ്ചകൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഇറാന്റെ കളിക്കാർക്ക് അമേരിക്കയിൽ പ്രവേശിക്കാൻ അനുമതി ലഭിച്ച് ദിവസങ്ങൾക്കകമാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്.

നിലവിൽ തുർക്കിയിലെ അന്റാലിയയിലും മെക്സിക്കോയിലെ തിഹുവാനയിലുമായി പരിശീലന ക്യാമ്പ് പൂർത്തിയാക്കി ഇറാൻ ടീം മത്സരങ്ങൾക്കായി കാലിഫോർണിയയിലേക്ക് തിരിക്കാൻ ഒരുങ്ങുകയാണ്. ടീമിന്റെ കളിക്കാർക്ക് വിസ അനുവദിച്ചെങ്കിലും ബാക്ക്റൂം സ്റ്റാഫ്, അഡ്മിനിസ്ട്രേറ്റർമാർ, സീനിയർ എക്സിക്യൂട്ടീവുകൾ എന്നിവരടങ്ങുന്ന 14 ഒഫീഷ്യലുകൾക്ക് ഇതുവരെ വിസ ലഭിച്ചിട്ടില്ലെന്ന് ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. വിസ ലഭിക്കാത്തവരിൽ ഇറാൻ ഫുട്ബോൾ ഫെഡറേഷൻ ജനറൽ സെക്രട്ടറി ഹെദായത്ത് മുംബൈനി, വൈസ് പ്രസിഡന്റ് മെഹ്ദി മുഹമ്മദ് നബി എന്നിവരും ഉൾപ്പെടുന്നുണ്ട്.

അമേരിക്കയുടേത് വിവേചനപരമായ പെരുമാറ്റമാണെന്നും ഫിഫയുടെ കടുത്ത ചട്ടങ്ങൾക്ക് വിരുദ്ധമായാണ് അവർ പ്രവർത്തിക്കുന്നതെന്നും ഇറാൻ കുറ്റപ്പെടുത്തി. കായികരംഗത്ത് രാഷ്ട്രീയം കലർത്താനാണ് അമേരിക്ക ശ്രമിക്കുന്നത്. വിഷയത്തിൽ ഫിഫ അടിയന്തരമായി ഇടപെടണമെന്നും ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ഇറാൻ ടീമിന് വിസ നടപടികൾ വേഗത്തിലാക്കാൻ എംബസി ഉദ്യോഗസ്ഥർ കഠിനമായി ശ്രമിച്ചുവെന്ന് തുർക്കിയിലെ യു.എസ് അംബാസഡർ ടോം ബാരക് പറഞ്ഞിരുന്നു. ഈ വിഷയത്തിൽ യുഎസ് അധികൃതർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എങ്കിലും, എല്ലാ കളിക്കാർക്കും പരിശീലകർക്കും ആവശ്യമായ മറ്റ് ജീവനക്കാർക്കും വിസ നൽകിയിട്ടുണ്ടെന്നാണ് യുഎസ് വൃത്തങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിരസിക്കപ്പെട്ട ചില വിസ അപേക്ഷകളിൽ തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ച വ്യക്തികൾ ഉണ്ടായിരുന്നതാണ് വിസ നിഷേധിക്കാൻ കാരണമെന്നും യുഎസ് വൃത്തങ്ങൾ വ്യക്തമാക്കി.