കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പുറത്തുവരവോടെ മലയാള സിനിമാ ലോകത്ത് രൂപപ്പെട്ട പ്രതിസന്ധികള്‍ പലവിധത്തില്‍ വീണ്ടും കറങ്ങിത്തിരിയുന്നു എന്നതിന്റെ സൂചനയാണ് അമ്മയിലെ പുതിയ ഭരണസമതി രാജിവെച്ചതിലൂടെ വ്യക്തമാകുന്നത്. ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ പുരുഷന്‍മാരായ നടന്‍മാരില്‍ പലരും പ്രതിസന്ധിയിലായപ്പോഴാണ് വനിതകള്‍ നയിക്കട്ടെ എന്ന നിര്‍ദേശം എത്തിയത്. എന്നാല്‍, തലപ്പത്തെത്തിയ വനിതകള്‍ നിസ്സാര ഈഗോ ക്ലാഷില്‍ തമ്മില്‍ തല്ലി പിരിഞ്ഞതോടെ താസംഘടനയില്‍ വീണ്ടും പ്രതിസന്ധി ഉടലെടുത്തിരിക്കയാണ്. പ്രസിഡന്റ് ശ്വേത മേനോന്‍, ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍ തുടങ്ങി എല്ലാ അംഗങ്ങളും രാജിവെച്ചു.
പുരുഷാധിപത്യത്തിന്റെ വേരറുക്കാനും, ആടിയുലഞ്ഞ സംഘടനയെ പെണ്‍കരുത്തില്‍ മുന്‍പോട്ട് നയിക്കാനുമായി ചുക്കാന്‍ പിടിച്ച വനിതാ കോമ്പോ ഒടുവില്‍ ഈഗോ ക്ലാഷില്‍ തട്ടി തകര്‍ന്നുതരിപ്പണമായി. സംഘടനയുടെ 31 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ഒരു വനിതാ അധ്യക്ഷയായി ചുമതലയേറ്റ നടി ശ്വേതാ മേനോന്, ആഭ്യന്തര കലഹങ്ങളെത്തുടര്‍ന്ന് ഒടുവില്‍ തലകുനിച്ച് പടിയിറങ്ങേണ്ടി വന്നിരിക്കുകയാണ്. ഇതോടെ ഭാരവാഹികളില്ലാതായ സംഘടന വീണ്ടും താത്കാലിക ഭരണസംവിധാനമായ അഡ്ഹോക് കമ്മിറ്റിയുടെ കൈകളിലേക്ക് നീങ്ങുകയാണ്.
രക്ഷകരാകാന്‍ വന്നവര്‍; ഒടുവില്‍ തമ്മിലടി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മുന്‍പ് ഉണ്ടായിരുന്ന പുരുഷ നേതൃത്വത്തിനെതിരെ കടുത്ത ലൈംഗികാരോപണങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നപ്പോഴാണ് 'അമ്മ'യുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടരാജി ഉണ്ടായത്. അന്ന് സംഘടന നേരിട്ട ഏറ്റവും വലിയ പ്രതിച്ഛായ പ്രതിസന്ധി മറികടക്കാന്‍ കണ്ടെത്തിയ പോംവഴിയായിരുന്നു വനിതകളെ മുന്‍നിരയിലേക്ക് കൊണ്ടുവരിക എന്നത്. അമ്മയുടെ അധ്യക്ഷ സ്ഥാനത്തേക്ക് ശ്വേതാ മേനോനും മറ്റ് സുപ്രധാന പദവികളിലേക്ക് മറ്റ് പ്രമുഖ വനിതാ താരങ്ങളും നിയോഗിക്കപ്പെട്ടു.
സ്ത്രീ സുരക്ഷയും സുതാര്യതയും ഉറപ്പുനല്‍കി, സംഘടനയെ 'പെണ്‍കരുത്തില്‍' പുതിയൊരു യുഗത്തിലേക്ക് നയിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍, ഈ പ്രതീക്ഷകള്‍ക്ക് മാസങ്ങളുടെ ആയുസ്സ് മാത്രമേ ഉണ്ടായുള്ളൂ. സംഘടനയ്ക്കുള്ളില്‍ പുകഞ്ഞുകൊണ്ടിരുന്ന അഭിപ്രായവ്യത്യാസങ്ങളും വ്യക്തിപരമായ ഈഗോകളും ഒടുവില്‍ പരസ്യമായ തമ്മിലടിയിലേക്കും കൂട്ടരാജികളിലേക്കും നയിക്കുകയായിരുന്നു.
1994-ല്‍ രൂപീകൃതമായതു മുതല്‍ ഇന്നുവരെ പുരുഷ താരങ്ങള്‍ മാത്രം അലങ്കരിച്ച 'അമ്മ'യുടെ പ്രസിഡന്റ് കസേരയിലേക്ക് ശ്വേതാ മേനോന്‍ എത്തിയത് വലിയ മാറ്റങ്ങളുടെ തുടക്കമായാണ് വിലയിരുത്തപ്പെട്ടത്. എന്നാല്‍ സംഘടനയ്ക്കുള്ളിലെ വിരുദ്ധ ചേരികളുടെ സമ്മര്‍ദ്ദങ്ങള്‍ക്കും പാരവെപ്പുകള്‍ക്കും മുന്നില്‍ അവര്‍ക്ക് അധികനാള്‍ പിടിച്ചുനില്‍ക്കാനായില്ല.
തീരുമാനങ്ങള്‍ എടുക്കുന്നതിലെ ഏകപക്ഷീയതയെക്കുറിച്ചും, കമ്മിറ്റിയിലെ മറ്റ് വനിതാ ഭാരവാഹികളുമായുള്ള ആശയവിനിമയത്തിലെ പോരായ്മകളെക്കുറിച്ചും ആക്ഷേപങ്ങള്‍ ഉയര്‍ന്നു. ഒടുവില്‍, ഈഗോ ക്ലാഷുകള്‍ പരിധിവിട്ടതോടെ 31 വര്‍ഷത്തെ ചരിത്രമുള്ള സംഘടനയുടെ അമരത്തുനിന്നും ശ്വേതയ്ക്ക് കടുത്ത നിരാശയോടെയും തലകുനിച്ചും പടിയിറങ്ങേണ്ടി വന്നു.
വീണ്ടും അഡ്‌ഹോക്ക് കമ്മറ്റി ഭരണത്തിലേക്ക്
പ്രസിഡന്റും മറ്റ് പ്രമുഖ ഭാരവാഹികളും രാജിവെച്ചതോടെയോ അല്ലെങ്കില്‍ പുറത്തുപോയതോടെയോ 'അമ്മ'യില്‍ വീണ്ടും ഒരു ഭരണഘടനാ പ്രതിസന്ധി രൂപപ്പെട്ടിരിക്കുകയാണ്. ജനാധിപത്യപരമായി പുതിയൊരു ഭരണസമിതിയെ വോട്ടിംഗിലൂടെ തിരഞ്ഞടുക്കുന്നത് വരെ സംഘടനയുടെ ദൈനംദിന കാര്യങ്ങളും അടിയന്തര തീരുമാനങ്ങളും കൈക്കൊള്ളാന്‍ ഒരു 'അഡ്ഹോക് കമ്മിറ്റി'യെ (താത്കാലിക സമിതി) ചുമതലപ്പെടുത്താനാണ് നിലവിലെ നീക്കം.
നേരത്തെയും സമാനമായ പ്രതിസന്ധി ഘട്ടത്തില്‍ അഡ്ഹോക് കമ്മിറ്റിയായിരുന്നു സംഘടനയെ നിയന്ത്രിച്ചിരുന്നത്. ജനറല്‍ ബോഡി യോഗം വിളിച്ച് ചേര്‍ത്ത് പുതിയ ഭാരവാഹികളെ കണ്ടെത്തുക എന്നത് വരും ദിവസങ്ങളില്‍ സംഘടനയ്ക്ക് മുന്നിലുള്ള വലിയ വെല്ലുവിളിയാണ്.
തുടര്‍ച്ചയായുണ്ടാകുന്ന വിവാദങ്ങളും, വിശ്വാസം നഷ്ടപ്പെടുന്ന തരത്തിലുള്ള തമ്മിലടികളും മലയാള സിനിമയിലെ ഈ ഭീമന്‍ സംഘടനയുടെ നിലനില്‍പ്പിനെത്തുടന്നെ ബാധിച്ചിരിക്കുകയാണ്. താഴെത്തട്ടിലുള്ള കഷ്ടപ്പെടുന്ന കലാകാരന്മാര്‍ക്ക് കൈത്താങ്ങാവേണ്ട സംഘടന, വെറും പവര്‍ ഗ്രൂപ്പുകളുടെയും ഈഗോ പോരുകളുടെയും വേദിയായി മാറുകയായിരുന്നു ഈ സംഘടന.
കുറച്ചുകാലങ്ങളായി പുകഞ്ഞു നിന്ന തര്‍ക്കങ്ങളാണ് ഇപ്പോള്‍ ജനറല്‍ കമ്മറ്റി യോഗത്തില്‍ പൊട്ടിത്തെറിച്ചത്. അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ നേതൃത്വം മാറണമെന്ന ആവശ്യവുമായി അംഗങ്ങള്‍ നേരത്തെ രംഗത്തുവന്നിരുന്നു. നേതൃത്വം സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കിയെന്നും സംഭവിച്ച തെറ്റുകള്‍ക്ക് നിരുപാധികം മാപ്പ് പറയണെന്നും ആവശ്യം. എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ തമ്മിലുള്ള വഴക്ക് പറഞ്ഞു തീര്‍ക്കാനായില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. അവിശ്വാസ പ്രമേയം ഇന്നത്തെ ജനറല്‍ബോഡിയില്‍ ഉന്നയിച്ചു. ഇതിനായി ഒരു വിഭാഗം ഒപ്പ് ശേഖരണം നടത്തിയിരുന്നു.
സംഘടനയിലെ നിലവിലുള്ള എക്‌സിക്യൂട്ടീവ് മാറി പുതിയ നേതൃത്വം വരണമെന്നാണ് ഒരു വിഭാഗം അംഗങ്ങള്‍ കര്‍ശന നിലപാട് എടുത്തു. അന്‍സിബ ഹസ്സന്‍ അടക്കം ഉയര്‍ത്തി നിലപാടാണ് വിവാദമായത്. അമ്മയില്‍ നീതി നിഷേധമെന്ന് ആരോപിച്ച് ട്രഷറര്‍ ഉണ്ണിശിവപാല്‍ സംഘടനയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വിഡിയോ സന്ദേശമയച്ചിരുന്നു. ഓഫീസ് സ്റ്റാഫിന്റെ പരാതിയില്‍ തന്നെ കേട്ടില്ലെന്നും തന്നെ നിര്‍ബന്ധിത അവധിയില്‍ പറഞ്ഞയച്ചെന്നും ഉണ്ണിപാല്‍ പറഞ്ഞു.
ഇന്ന് രാവിലെ തുടങ്ങിയ 'അമ്മ'യുടെ ജനറല്‍ ബോഡി യോഗത്തില്‍ വാര്‍ഷിക റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കുകളും പാസാക്കുന്നതിനെച്ചൊല്ലി വന്‍ തര്‍ക്കവും നാടകീയ രംഗങ്ങളുമാണ് ഉണ്ടായിട്ടുള്ളത്. തര്‍ക്കം രൂക്ഷമായതോടെ അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെക്കുകയാണെന്ന് ശ്വേത മേനോന്‍ വൈകാരികമായി പ്രഖ്യാപിച്ചിരുന്നു. യോഗത്തിനിടെ സ്റ്റേജില്‍ കയറിയാണ് ശ്വേത രാജി പ്രഖ്യാപിച്ചത്. തനിക്ക് യാതൊരുവിധ രാഷ്ട്രീയവുമില്ലെന്നും എന്നാല്‍ തന്നെ ബി ജെ പിക്കാരിയാക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്നും കടുത്ത അമര്‍ഷത്തോടെ വെളിപ്പെടുത്തി. തുടര്‍ന്ന് സ്റ്റേജില്‍ നിന്നും ഇറങ്ങിപ്പോയ ശ്വേതയെ നടന്‍ ബാബുരാജിന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന അംഗങ്ങള്‍ ചേര്‍ന്ന് അനുനയിപ്പിക്കാനും തിരികെ വിളിക്കാനും ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭരണസമിതി ഒന്നാകെ രാജിവെച്ചത്.
ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍ അവതരിപ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടിലെ വരവ് ചെലവ് കണക്കുകളില്‍ വ്യക്തതയില്ലെന്ന് ആരോപിച്ച് സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു എന്നിവരടങ്ങുന്ന പ്രമുഖര്‍ റിപ്പോര്‍ട്ട് പാസാക്കാന്‍ സമ്മതിക്കാതെ രംഗത്തെത്തി. കണക്കുകളില്‍ പിഴവുകളുള്ള റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് രഞ്ജി പണിക്കരും വ്യക്തമാക്കിയതോടെയാണ് യോഗം കലുഷിതമായത്.
