
ഇരിട്ടി : വാണിയപ്പാറ പള്ളി സെമിത്തേരിയിലെ മൃതദേഹത്തെ ചൊല്ലി ഉയർന്നിരുന്ന വിവാദങ്ങൾക്ക് വിരാമം. മൃതദേഹം കണ്ടെത്തിയതിൽ ദുരൂഹത ഇല്ലെന്നും, സെമിത്തേരി നവീകരണത്തിനിടെ കല്ലറകളുടെ നമ്പറുകൾ മാറിയതാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതെന്നും പോലീസ് അറിയിച്ചു.(Kannur Vaniyappara Church Burial Row Clarified By Police)
പള്ളി സെമിത്തേരിയിൽ നടന്ന നവീകരണ പ്രവർത്തനങ്ങൾക്കിടെയാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇതോടെ ഉയർന്നുവന്ന അഭ്യൂഹങ്ങൾക്കിടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം യാദൃശ്ചികമാണെന്ന് വ്യക്തമായത്. 2006-ലും 2015-ലും ഇതേ കല്ലറയിൽ മൃതദേഹങ്ങൾ അടക്കം ചെയ്തിരുന്നു.
നവീകരണ സമയത്ത് കല്ലറകളുടെ നമ്പർ ക്രമീകരണത്തിൽ വന്ന മാറ്റമാണ് മൃതദേഹം അജ്ഞാതമാണെന്ന തെറ്റിദ്ധാരണ പരത്തിയത്. 2015-ൽ ഈ കല്ലറയിൽ സംസ്കരിച്ച മൃതദേഹമാണ് ഇപ്പോൾ കണ്ടെത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അന്ന് സംസ്കാര ചടങ്ങിന്റെ സമയത്ത് എടുത്ത ചിത്രങ്ങൾ പോലീസ് വിശദമായി പരിശോധിച്ചു. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം പായയിൽ പൊതിഞ്ഞാണ് മൃതദേഹം അന്നേ ദിവസം അടക്കം ചെയ്തതെന്ന് ചിത്രങ്ങളിൽ നിന്ന് ബോധ്യമായി
