തിരുവനന്തപുരത്തും ഷിഗെല്ല; രോഗം റിപ്പോര്‍ട്ട് ചെയ്തത് തോന്നയ്ക്കല്‍, ചാക്ക, പുത്തന്‍തോപ്പ് പ്രദേശങ്ങളില്‍; മൂന്നുകുട്ടികളുടെയും നില തൃപ്തികരം; സംസ്ഥാനത്ത് ഈ മാസം ഷിഗെല്ല സ്ഥിരീകരിച്ചത് 38 പേര്‍ക്ക്

തിരുവനന്തപുരത്തും ഷിഗെല്ല; രോഗം റിപ്പോര്‍ട്ട് ചെയ്തത് തോന്നയ്ക്കല്‍, ചാക്ക, പുത്തന്‍തോപ്പ് പ്രദേശങ്ങളില്‍; മൂന്നുകുട്ടികളുടെയും നില തൃപ്തികരം; സംസ്ഥാനത്ത് ഈ മാസം ഷിഗെല്ല സ്ഥിരീകരിച്ചത് 38 പേര്‍ക്ക്



തിരുവനന്തപുരം: വയനാട്, കൊല്ലം ജില്ലകള്‍ക്ക് പുറമെ തിരുവനന്തപുരത്തും ഷിഗെല്ല സ്ഥിരീകരിച്ചു. തോന്നയ്ക്കല്‍, ചാക്ക, പുത്തന്‍ത്തോപ്പ് എന്നീ പ്രദേശങ്ങളിലാണ് ഷിഗെല്ല രോഗം റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച മൂന്ന് കുട്ടികളുടെയും നില തൃപ്തികരമാണ്. വയനാട്ടില്‍ ഒരാള്‍ക്കും കൊല്ലത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും കൂടി രോഗം ബാധിച്ചിട്ടുണ്ട്. ഈ മാസം മാത്രം സംസ്ഥാനത്ത് 38 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും, കോഴിക്കോട് തലക്കുളത്തൂര്‍ സ്വദേശിയായ നാലുവയസുകാരി രോഗബാധയെത്തുടര്‍ന്ന് മരണപ്പെടുകയും ചെയ്തിട്ടുണ്ട്.

മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് ഷിഗെല്ല പ്രധാനമായും പകരുന്നത്. രോഗബാധിതര്‍ പാകം ചെയ്ത ഭക്ഷണം മറ്റുള്ളവര്‍ കഴിക്കുന്നതും രോഗസാധ്യത വര്‍ദ്ധിപ്പിക്കുന്നു.

രോഗലക്ഷണങ്ങള്‍:

രോഗം ബാധിച്ച് ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങും. ആരോഗ്യവാനായ ഒരാളില്‍ അഞ്ച് മുതല്‍ ഏഴ് ദിവസം വരെ ലക്ഷണങ്ങള്‍ നീണ്ടുനിന്നേക്കാം. പ്രതിരോധശേഷി കുറവുള്ള കുട്ടികളില്‍ രോഗം തീവ്രമാകാന്‍ സാധ്യതയുണ്ട്.

വയറിളക്കം, വയറുവേദന, പനി എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

രക്തത്തോടുകൂടിയ മലവിസര്‍ജ്ജനം, വേദനയോട് കൂടിയ മലവിസര്‍ജ്ജനത്തിനുള്ള തോന്നല്‍, വന്‍കുടല്‍ വീക്കം എന്നിവയും കണ്ടുവരുന്നു.

രോഗം തീവ്രമായാല്‍ വിളര്‍ച്ച, മലാശയം പുറത്തേക്ക് തള്ളല്‍, കേന്ദ്ര നാഡീവ്യൂഹത്തിനുള്ള തകരാറുകള്‍, പ്ലേറ്റ്ലെറ്റുകളുടെ കുറവ്, വൃക്ക തകരാറുകള്‍ എന്നിവയും സംഭവിക്കാം.