മഹാരാഷ്ട്രയില്‍ വീണ്ടും ചോദ്യപ്പേപ്പര്‍ ചോര്‍ച്ച; ഞായറാഴ്ച നടത്താനിരുന്ന അധ്യാപക യോഗ്യതാ പരീക്ഷ മാറ്റിവെച്ചു; ദുരിതത്തിലായത് 4.28 ലക്ഷം ഉദ്യോഗാര്‍ത്ഥികള്‍

മഹാരാഷ്ട്രയില്‍ വീണ്ടും ചോദ്യപ്പേപ്പര്‍ ചോര്‍ച്ച; ഞായറാഴ്ച നടത്താനിരുന്ന അധ്യാപക യോഗ്യതാ പരീക്ഷ മാറ്റിവെച്ചു; ദുരിതത്തിലായത് 4.28 ലക്ഷം ഉദ്യോഗാര്‍ത്ഥികള്‍



താനെ: മഹാരാഷ്ട്രയില്‍ വീണ്ടും ചോദ്യപ്പേപ്പര്‍ ചോര്‍ച്ച. ചോര്‍ച്ച സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് ഞായറാഴ്ച നടത്താനിരുന്ന അധ്യാപക യോഗ്യതാ പരീക്ഷ അടിയന്തരമായി മാറ്റിവെച്ചു. സംസ്ഥാനത്തുടനീളമുള്ള 1,028 കേന്ദ്രങ്ങളിലായി നടത്താനിരുന്ന പരീക്ഷയാണ്, തുടങ്ങാന്‍ വെറും 24 മണിക്കൂര്‍ മാത്രം ബാക്കിനില്‍ക്കെ മഹാരാഷ്ട്ര സംസ്ഥാന പരീക്ഷാ കൗണ്‍സില്‍ മാറ്റിവെക്കാന്‍ തീരുമാനിച്ചത്. ഭീവണ്ടി പോലീസിന് ശനിയാഴ്ച ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ മിന്നല്‍ റെയ്ഡിലാണ് ചോദ്യപ്പേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തിയത്.

സീല്‍ ചെയ്ത ടെറ്റ് ചോദ്യപ്പേപ്പര്‍ പാക്കറ്റിലെ പേജുകള്‍ ചില വ്യക്തികളുടെ കൈവശം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പോലീസ് പരിശോധന കര്‍ശനമാക്കിയത്. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തില്‍ കണ്ടെടുത്തത് യഥാര്‍ത്ഥ ചോദ്യപേപ്പറുകള്‍ തന്നെയാണെന്ന് ബോധ്യപ്പെടുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. താനെ മേഖലയിലാണ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നിലവില്‍ പുറത്തുവിട്ടിട്ടില്ല.

ചോദ്യപ്പേപ്പര്‍ ചോര്‍ന്ന സാഹചര്യത്തില്‍ പരീക്ഷ റദ്ദാക്കിയതായി മഹാരാഷ്ട്ര സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് എക്‌സാമിനേഷന്‍ (പൂനെ) ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. മഹാരാഷ്ട്രയിലുടനീളമുള്ള ഏകദേശം 4.28 ലക്ഷം ഉദ്യോഗാര്‍ത്ഥികളാണ് പരീക്ഷയ്ക്കായി തയ്യാറെടുത്തിരുന്നത്. അവസാന നിമിഷമുണ്ടായ പരീക്ഷാ മാറ്റം ഉദ്യോഗാര്‍ത്ഥികളെ കടുത്ത നിരാശയിലാഴ്ത്തിയിട്ടുണ്ട്. പരീക്ഷയുമായി ബന്ധപ്പെട്ട പുതുക്കിയ തീയതിയും മറ്റ് വിശദാംശങ്ങളും കൗണ്‍സിലിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പിന്നീട് പ്രസിദ്ധീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം കോലാപ്പൂരിലും സമാനമായ രീതിയില്‍ ടെറ്റ് പരീക്ഷാ ചോദ്യപ്പേപ്പര്‍ ചോര്‍ന്നിരുന്നു. പരീക്ഷാ നടത്തിപ്പിലെ സുരക്ഷാ വീഴ്ചകള്‍ പരിഹരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന അധികൃതരുടെ അവകാശവാദങ്ങള്‍ക്കിടയിലാണ് ഇപ്പോള്‍ വീണ്ടും ചോര്‍ച്ചയുണ്ടായിരിക്കുന്നത്.