
കൽപ്പറ്റ: വയനാട്ടിൽ ഷിഗെല്ല രോഗബാധ പടരുന്നതായി റിപ്പോർട്ട്. ജില്ലയിൽ ഏഴ് പേർക്ക് കൂടി പുതുതായി ഷിഗെല്ല സ്ഥിരീകരിച്ചു. കോളിയാടി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ഇപ്പോൾ രോഗബാധ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ ജില്ലയിൽ ആകെ ഷിഗെല്ല സ്ഥിരീകരിച്ചവരുടെ എണ്ണം 16 ആയി ഉയർന്നു.
നേരത്തെ സ്കൂളിലെ 16 വിദ്യാർത്ഥികളുടെ സാമ്പിളുകളായിരുന്നു വിശദമായ ലബോറട്ടറി പരിശോധനയ്ക്കായി അയച്ചിരുന്നത്. ഇതിൽ വ്യാഴാഴ്ച വരെ ലഭിച്ച ഒൻപത് പേരുടെ പരിശോധനാ ഫലവും പോസിറ്റീവായിരുന്നു. ബാക്കിയുണ്ടായിരുന്ന ഏഴ് സാമ്പിളുകളുടെ ഫലമാണ് ഇപ്പോൾ പുറത്തുവന്നത്. പുതിയ സാമ്പിളുകളെല്ലാം പോസിറ്റീവായത് ആരോഗ്യവകുപ്പിനെ കൂടുതൽ ജാഗ്രതയിലാക്കിയിട്ടുണ്ട്.
നിലവിൽ രോഗം സ്ഥിരീകരിച്ച കുട്ടികളുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. രോഗബാധയുടെ പശ്ചാത്തലത്തിൽ സ്കൂളിലും പരിസരപ്രദേശങ്ങളിലും പ്രതിരോധ നടപടികളും ബോധവൽക്കരണവും ശക്തമാക്കിയിട്ടുണ്ട്. പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകൾ സൂപ്പർ ക്ലോറിനേഷൻ നടത്താനും ഒപ്പം തന്നെ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകാനും അധികൃതർ നടപടി സ്വീകരിച്ചു.
