
മൈനാഗപ്പള്ളി: കൊല്ലം മൈനാഗപ്പള്ളിയില്‍ പിതാവിന്റെ അതിക്രൂരമായ പീഡനത്തിനിരയായി ദേഹമാസകലം ഗുരുതരമായി പൊള്ളലേറ്റ പത്തുവയസ്സുകാരനെ വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ നെഞ്ച്, വയര്‍, ഇടതു തുട, പുറംഭാഗം എന്നിവിടങ്ങളില്‍ സാരമായി പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തില്‍ കൊല്ലം ശാസ്താംകോട്ട പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
കഴിഞ്ഞ ഞായറാഴ്ചയാണ് കേരളത്തെ നടുക്കിയ ഈ ക്രൂരത അരങ്ങേറിയത്. ചൂടുവെള്ളം വീണ് അബദ്ധത്തില്‍ പൊള്ളിയതാണെന്ന് പറഞ്ഞ് കുട്ടിയെ അന്നുതന്നെ ബന്ധുക്കള്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ചിരുന്നു. അവിടെനിന്നും പ്രാഥമിക ചികിത്സ നല്‍കി അധികൃതര്‍ കുട്ടിയെ വീട്ടിലേക്ക് മടക്കി അയക്കുകയാണുണ്ടായത്. എന്നാല്‍ ചൊവ്വാഴ്ചയോടെ കുട്ടിയുടെ ആരോഗ്യനില വഷളാവുകയും വീണ്ടും ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തപ്പോഴാണ് പൊള്ളലിന്റെ ആഴം ഡോക്ടര്‍മാര്‍ക്ക് ബോധ്യപ്പെട്ടത്.
കുട്ടിയുടെ പരിക്കുകളില്‍ സംശയം തോന്നിയ ഡ്യൂട്ടി ഡോക്ടര്‍ കാര്യങ്ങള്‍ വിശദമായി ചോദിച്ചപ്പോഴാണ് ബന്ധുക്കള്‍ മറച്ചുവെച്ച ക്രൂരത പുറത്തുവന്നത്. തന്നോട് പിതാവ് ചെയ്ത ക്രൂരതയെക്കുറിച്ച് കുട്ടി ഡോക്ടറോട് നേരിട്ട് വെളിപ്പെടുത്തുകയായിരുന്നു. ഇതോടെ ആശുപത്രി അധികൃതര്‍ ഉടന്‍തന്നെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ വിവരമറിയിച്ചു. സി.ഡബ്ല്യു.സിയുടെ അടിയന്തര ഇടപെടലിനെ തുടര്‍ന്നാണ് പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നതിനാല്‍ വിദഗ്ദ്ധ പരിചരണത്തിനായി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അതേസമയം, പിതാവിനെ രക്ഷിക്കാനായി ബന്ധുക്കള്‍ ഇപ്പോഴും ശ്രമം തുടരുന്നതായാണ് സൂചന. കുട്ടി അടുക്കളയില്‍ വെച്ച് സ്വയം ചൂടുള്ള കഞ്ഞിവെള്ളം ദേഹത്തേക്ക് ഒഴിച്ചതാണെന്നാണ് ഒരു ബന്ധു മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാല്‍ ബന്ധുക്കളുടെ ഈ വാദങ്ങള്‍ പൂര്‍ണ്ണമായും തള്ളിക്കളയുന്നതാണ് കുട്ടിയുടെ ശരീരത്തിലെ പരിക്കുകളെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. ശരീരത്തിലേക്ക് സ്വയം തിളച്ച വെള്ളമൊഴിച്ചാല്‍ ഉണ്ടാകുന്ന തരത്തിലുള്ള പരിക്കുകളല്ല കുട്ടിയുടെ ദേഹത്തുള്ളതെന്നും, ഇത് ആരെങ്കിലും മനഃപൂര്‍വ്വം ചെയ്തതാണെന്നതുമാണ് പ്രാഥമിക നിഗമനം. പ്രതിയായ പിതാവിനെ കണ്ടെത്താനായി പൊലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
