വിരമിക്കല്‍ ആഘോഷം പുലര്‍ച്ചെ വരെ നീണ്ടു; മാനന്തവാടി ഡിപ്പോയില്‍ ഞായറാഴ്ച രാവിലെ ബസുകളോടിയില്ല; ഒടുവില്‍ ഉദ്യോഗസ്ഥര്‍ ഇടപെട്ട് സര്‍വീസ് പുനരാരംഭിച്ചു

വിരമിക്കല്‍ ആഘോഷം പുലര്‍ച്ചെ വരെ നീണ്ടു; മാനന്തവാടി ഡിപ്പോയില്‍ ഞായറാഴ്ച രാവിലെ ബസുകളോടിയില്ല; ഒടുവില്‍ ഉദ്യോഗസ്ഥര്‍ ഇടപെട്ട് സര്‍വീസ് പുനരാരംഭിച്ചു



മാനന്തവാടി: കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ യാത്രയയപ്പ് ആഘോഷം അർധരാത്രി വരെ നീണ്ടതിനെ തുടർന്ന് മാനന്തവാടിയിൽ ഞായറാഴ്‌ച രാവിലെയുള്ള ബസ് സർവീസുകൾ മണിക്കൂറുകളോളം വൈകി. ഇടതുപക്ഷ അനുകൂല സംഘടനയുടെ ആഭിമുഖ്യത്തിൽ, സർവീസിൽ നിന്നും വിരമിക്കുന്ന ജീവനക്കാരന് വേണ്ടിയാണ് ശനിയാഴ്ച വൈകുന്നേരം യാത്രയയപ്പ് ചടങ്ങ് ഒരുക്കിയത്.

ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം ആരംഭിച്ച കലാപരിപാടികളും ഗാനമേളയും രാത്രി 11 മണി വരെ നീണ്ടുനിന്നു. ഉയർന്ന ഉദ്യോഗസ്ഥരും വിവിധ യൂണിയൻ നേതാക്കളും വനിതാ ജീവനക്കാരും ഉൾപ്പെടെ വലിയൊരു നിര തന്നെ ഈ ആഘോഷത്തിൽ പങ്കാളികളായിരുന്നു. രാത്രി വൈകും വരെ നീണ്ട ആഘോഷം കാരണം ഞായറാഴ്‌ച പുലർച്ചെ ഡ്യൂട്ടിക്കെത്തേണ്ട ജീവനക്കാർ കൃത്യസമയത്ത് ഡിപ്പോയിൽ റിപോർട്ട് ചെയ്തില്ല.

ഇതേതുടർന്ന് പുലർച്ചെ അഞ്ച് മണിക്കുള്ള കോഴിക്കോട് ടി.ടി സർവീസ് മാത്രമാണ് കൃത്യസമയത്ത് പുറപ്പെട്ടത്. കല്ലോടി, വാളാട്, ആനപ്പാറ, മുതിരേരി, കല്പറ്റ തുടങ്ങിയ റൂട്ടുകളിലേക്കുള്ള സർവീസുകളെല്ലാം പൂർണ്ണമായും തടസ്സപ്പെട്ടു. ബസുകൾ ഓടാത്തത് ശ്രദ്ധയിൽപ്പെട്ടതോടെ ഉന്നത ഉദ്യോഗസ്ഥർ അടിയന്തരമായി ഇടപെട്ടെങ്കിലും ടി.ടി സർവീസുകൾ ആരംഭിച്ചാൽ മാത്രമേ തങ്ങൾ വണ്ടിയെടുക്കൂ എന്ന നിലപാടിലായിരുന്നു ഓർഡിനറി ബസ് ജീവനക്കാർ. ഒടുവിൽ ഡ്യൂട്ടിക്ക് കയറിയില്ലെങ്കിൽ കർശനമായ അച്ചടക്കനടപടി നേരിടേണ്ടിവരുമെന്ന ഉദ്യോഗസ്ഥരുടെ താക്കീതിനെ തുടർന്നാണ് മണിക്കൂറുകൾ വൈകി സർവീസുകൾ ആരംഭിക്കാൻ ജീവനക്കാർ തയ്യാറായത്.

അതേസമയം, ഡിപ്പോയിൽ നിലവിലുള്ള സ്റ്റാഫ് കുറവാണ് സർവീസ് വൈകാൻ കാരണമെന്നാണ് ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള വിശദീകരണം. മാനന്തവാടി ഡിപ്പോയിൽ 15 ഡ്രൈവർമാരുടെയും 10 കണ്ടക്ടർമാരുടെയും കുറവുണ്ടെന്നും ഇതാണ് പ്രതിസന്ധിക്ക് വഴിവച്ചതെന്നും അവർ വ്യക്തമാക്കുന്നു.