
കോട്ടയം: കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ വിനോദയാത്ര പോകുന്നതിനായി വീട് കുത്തിത്തുറന്ന് ലക്ഷക്കണക്കിന് രൂപയുടെ പണവും സ്വര്‍ണ്ണവും കവര്‍ന്ന കേസില്‍ മൂന്ന് പ്രതികളെ പോലീസ് പിടികൂടി. കാഞ്ഞിരപ്പള്ളി കൊടുവന്താനം സ്വദേശിയായ അജിത് അനില്‍ (19), പ്രായപൂര്‍ത്തിയാകാത്ത മറ്റ് രണ്ട് പതിനേഴുകാര് എന്നിവരാണ് കാഞ്ഞിരപ്പള്ളി പോലീസിന്റെ പിടിയിലായത്. മെയ് 24-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കാഞ്ഞിരപ്പള്ളി ആനക്കല്‍ സ്വദേശിയുടെ വീട്ടില്‍ ആളില്ലാതിരുന്ന സമയം നോക്കിയാണ് പ്രതികള്‍ മോഷണം നടത്തിയത്. തിരിച്ചറിയാതിരിക്കാന്‍ പര്‍ദ്ദ പോലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് മൂവരും വീട്ടുപറമ്പില്‍ എത്തിയത്. വീടിന്റെ പൂട്ടുകള്‍ തകര്‍ത്ത് അകത്തുകടന്ന സംഘം 75,000 രൂപയും മൂന്ന് പവന്‍ സ്വര്‍ണ്ണവുമാണ് കവര്‍ന്നത്. മോഷണത്തിന് ശേഷം വീട്ടിലുണ്ടായിരുന്ന സിസിടിവി (CCTV) ദൃശ്യങ്ങള്‍ അടങ്ങുന്ന സിസ്റ്റം നശിപ്പിക്കാനും പ്രതികള്‍ ശ്രമിച്ചിരുന്നു.
എന്നാല്‍, വീടിന് സമീപത്തുള്ള മറ്റ് സ്ഥാപനങ്ങളിലെയും വീടുകളിലെയും സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. മോഷ്ടിച്ച പണവും സ്വര്‍ണ്ണം വിറ്റുകിട്ടിയ തുകയും ഉപയോഗിച്ച് പ്രതികള്‍ മൂന്നാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ആഡംബര യാത്ര നടത്തി വരികയായിരുന്നു. പിടിയിലായ പ്രതികളില്‍ അജിത് അനില്‍ പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ മറ്റ് ചില മോഷണക്കേസുകളിലും പ്രതിയായിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. പ്രതികളെ കോടതിയില്‍ ഹാജരാക്കുന്നതുള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ പോലീസ് സ്വീകരിച്ചു വരികയാണ്.
