'ഞാന്‍ നിന്നെ ഇത്രയധികം സ്‌നേഹിച്ചിട്ടും നീ എന്നെ എന്തിനാണ് വിട്ടുപോയത്?' പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ട് കൊന്ന ശേഷം സോഷ്യല്‍ മീഡിയയില്‍ വൈകാരികമായ കുറിപ്പ്; പ്രീവെഡ്ഡിങ് ഷൂട്ടിനിടെ പ്രതിശ്രുത വരനെ 400 അടി താഴ്ചയിലേക്ക് തള്ളിയിട്ട് കൊന്നത് കാമുകനൊപ്പം ജീവിക്കാന്‍; പ്രതിശ്രുത വധുവും കാമുകനും പിടിയില്‍

പൂനെ: വിവാഹനിശ്ചയം കഴിഞ്ഞ്, പുതിയൊരു ജീവിതത്തിലേക്ക് ചുവടുവെക്കാന്‍ ഒരുങ്ങുകയായിരുന്ന ഒരു ഇരുപത്തിയാറുകാരന്‍. പ്രതിശ്രുത വധുവിന്റെ ജന്മദിനം ആഘോഷിക്കാനും പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ടിനുമായി സന്തോഷത്തോടെയാണ് അവന്‍ സുഹൃത്തുക്കള്‍ക്കൊപ്പം പൂനെയിലെ പ്രശസ്തമായ ലോഹാഗഡ് കോട്ടയിലേക്ക് യാത്ര തിരിച്ചത്. എന്നാല്‍, ആ യാത്ര തന്റെ മരണത്തിലേക്കുള്ള കെണിയായിരുന്നുവെന്ന് പൂനെ ഗാഹുഞ്ജെ സ്വദേശിയായ വ്യവസായി കേതന്‍ വിശാല്‍ അഗര്‍വാള്‍ അറിഞ്ഞിരുന്നില്ല. ശക്തമായ കാറ്റില്‍ നിയന്ത്രണം നഷ്ടപ്പെട്ട് കോട്ടമുകളില്‍നിന്ന് 350-ലധികം അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണ് കേതന്‍ മരിച്ചെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെയുള്ളവര്‍ കേട്ടത്. എന്നാല്‍, ഒരു സാധാരണ അപകടമരണമെന്ന് കരുതിയ സംഭവത്തില്‍ പോലീസ് നടത്തിയ വിശദമായ അന്വേഷണമാണ് നാടിനെ നടുക്കിയ ഒരു ആസൂത്രിത കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
വീട്ടുകാര്‍ ഉറപ്പിച്ച വിവാഹം മുടക്കാനും കാമുകനൊപ്പം ജീവിക്കാനുമായി പ്രതിശ്രുത വധു സിയ ഗോയലും കാമുകന്‍ ചേതന്‍ ചൗധരിയും ചേര്‍ന്ന് നടത്തിയ അതിക്രൂരമായ കൊലപാതകമായിരുന്നു അത്. വരാനിരിക്കുന്ന നവംബറില്‍ വലിയ ആഘോഷത്തോടെ വിവാഹം നടത്താനിരുന്ന കേതനും സിയയും തമ്മിലുള്ള ബന്ധം തകര്‍ക്കാന്‍ സിയ നേരത്തെ തന്നെ പല വഴികളും നോക്കിയിരുന്നു. വിവാഹത്തിന് ശേഷമുള്ള യാത്രയ്ക്കായി ബാലിയിലേക്ക് വലിയ തുകയുടെ ടൂര്‍ പാക്കേജ് വരെ കേതന്‍ ബുക്ക് ചെയ്തിരുന്നു. എന്നാല്‍, തന്റെ പാസ്പോര്‍ട്ട് കാണാനില്ലെന്ന് പറഞ്ഞ് സിയ ഈ യാത്ര ക്യാന്‍സല്‍ ചെയ്യിപ്പിച്ചു. പിന്നീട് പോലീസിനോട് സിയ തന്നെ സമ്മതിച്ചത്, തനിക്ക് കേതനൊപ്പം പോകാന്‍ താല്പര്യമില്ലാത്തതിനാല്‍ പാസ്പോര്‍ട്ട് വാഷ്‌റൂമില്‍ വെച്ച് കീറിക്കളയുകയായിരുന്നു എന്നാണ്.
വിവാഹം പൂര്‍ണ്ണമായും മുടക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പായതോടെയാണ് കേതനെ ഇല്ലാതാക്കാന്‍ ഇവര്‍ പദ്ധതിയിടുന്നത്. മെയ് 31-ന് ഇരുവരും ലോഹഗഡ് സന്ദര്‍ശിച്ചപ്പോഴാണ് കൊലപാതകം നടത്താനുള്ള ആശയം സിയയ്ക്ക് ലഭിക്കുന്നത്. തുടര്‍ന്ന് ജൂണ്‍ 14-ന് വീണ്ടും ഇതേ സ്ഥലത്തെത്തി കേതനെ അപായപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. അപ്പോഴും കേതന് പ്രതിശ്രുത വധുവില്‍ യാതൊരു സംശയവും തോന്നിയിരുന്നില്ല. ഈ പരാജയത്തിന് ശേഷമാണ് ജൂണ്‍ 19-ന് സിയയുടെ ജന്മദിനാഘോഷവും പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ടും എന്ന വ്യാജേന സുഹൃത്തുക്കളെയും കൂട്ടി ഇവര്‍ വീണ്ടും ലോഹാഗഡ് കോട്ടയിലെത്തുന്നത്. കോട്ടയുടെ അരികില്‍ നിന്ന് ഫോട്ടോ എടുക്കുന്നതിനിടയില്‍, കാമുകനൊപ്പം ചേര്‍ന്ന് സിയ കേതനെ മനഃപൂര്‍വ്വം താഴ്ചയിലേക്ക് തള്ളിയിടുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് 400 അടിയോളം താഴ്ചയുള്ള കൊക്കയില്‍ നിന്ന് കേതന്റെ മൃതദേഹം പുറത്തെടുത്തത്.
ശക്തമായ കാറ്റില്‍ ബാലന്‍സ് പോയി വീണതാണെന്ന സിയയുടെയും സുഹൃത്തുക്കളുടെയും മൊഴി ആദ്യഘട്ടത്തില്‍ പോലീസ് വിശ്വസിച്ചെങ്കിലും കേതന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഈ മരണത്തില്‍ വലിയ സംശയമുണ്ടായിരുന്നു. കേതന്‍ ഒരു പരിചയസമ്പന്നനായ ട്രെക്കര്‍ ആയിരുന്നു എന്നതാണ് കുടുംബത്തിന്റെ സംശയത്തിന് ബലം നല്‍കിയത്. അങ്ങനെയൊരാള്‍ക്ക് ഇത്ര എളുപ്പത്തില്‍ കാലിടറി വീഴാന്‍ സാധ്യതയില്ലെന്ന് പോലീസിനും മനസ്സിലായി. തുടര്‍ന്ന് ലോണാവാല റൂറല്‍ പോലീസും പുനെ റൂറല്‍ പോലീസും സിയയെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി. സിയയുടെയും കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെയും മൊഴികളിലെ പരസ്പരവിരുദ്ധമായ കാര്യങ്ങള്‍ ചോദ്യം ചെയ്യലില്‍ പുറത്തുവന്നു. ഇവരുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതോടെയാണ് സിയയ്ക്ക് ചേതന്‍ ചൗധരിയുമായുള്ള പ്രണയബന്ധത്തെക്കുറിച്ചും ഇരുവരും ചേര്‍ന്ന് നടത്തിയ കൊലപാതക പദ്ധതിയെക്കുറിച്ചും പോലീസിന് വ്യക്തമായ തെളിവുകള്‍ ലഭിക്കുന്നത്.
കൊലപാതകത്തിന് ശേഷവും താന്‍ നിരപരാധിയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ സിയ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ നാടകം കളിച്ചിരുന്നു. 'എന്റെ ജന്മദിനത്തില്‍ തന്നെ നീ എന്നെ തനിച്ചാക്കി പോയി... നമ്മള്‍ വിവാഹത്തിലേക്ക് ഇത്രയും അടുത്തപ്പോഴാണ് നീ പോയത്. നീ എന്നോട് എന്തിനാണ് ഇത് ചെയ്തതെന്ന് എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല. എനിക്ക് ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു... ഒരിക്കലും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍. ഞാന്‍ നിന്നെ ഇത്രയധികം സ്‌നേഹിച്ചിട്ടും നീ എന്നെ എന്തിനാണ് വിട്ടുപോയത്? ആത്മാവിന് നിത്യശാന്തി നേരുന്നു' - കേതനെ കൊക്കയിലേക്ക് തള്ളിയിട്ട ശേഷം സിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വൈകാരികമായ കുറിപ്പ് ഇതായിരുന്നു.
എന്നാല്‍ ഈ കപടക്കണ്ണീരിനും സോഷ്യല്‍ മീഡിയ നാടകങ്ങള്‍ക്കും പോലീസിന്റെ ശാസ്ത്രീയ അന്വേഷണത്തിന് മുന്നില്‍ അധികനാള്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. പ്രതികളായ സിയ ഗോയലിനെയും കാമുകന്‍ ചേതന്‍ ചൗധരിയെയും പോലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തു. ഇരുവരും കുറ്റം സമ്മതിച്ചതായി പുണെ റൂറല്‍ പോലീസ് സ്റ്റേഷന്‍ ഓഫീസര്‍ സന്ദീപ് സിങ് ഗില്‍ അറിയിച്ചു. പ്രണയപ്പകയില്‍ ഒരു യുവാവിന്റെ ജീവന്‍ ഹോമിച്ച പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണെന്നും കൊലപാതകത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും പോലീസ് വ്യക്തമാക്കി.
