ലോകകപ്പ് ഡ്രസ്സിങ് റൂമിൽ വികാരനിർഭരമായ കത്തെഴുതിവെച്ച് ഇറാൻ ഫുട്ബോൾ ടീം, സമാധാനത്തിന് അപേക്ഷ


ലോകകപ്പ് ഡ്രസ്സിങ് റൂമിൽ വികാരനിർഭരമായ കത്തെഴുതിവെച്ച് ഇറാൻ ഫുട്ബോൾ ടീം, സമാധാനത്തിന് അപേക്ഷ


ലോസ് ആഞ്ചലസ്:കനത്ത രാഷ്ട്രീയ പ്രതിസന്ധികൾക്കും വിസാ വിലക്കുകൾക്കുമിടയിൽ ഫിഫ ലോകകപ്പിൽ ജീവൻമരണ പോരാട്ടം നടത്തുന്ന ഇറാൻ ദേശീയ ടീം ലോകത്തിന് മുന്നിൽ വെച്ച ഒരു വികാരനിർഭരമായ കുറിപ്പ് അന്താരാഷ്ട്ര മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. കരുത്തരായ ബെൽജിയത്തെ ഗോളില്ലാ സമനിലയിൽ തളച്ച് തങ്ങളുടെ ലോകകപ്പ് പ്രതീക്ഷകൾ സജീവമാക്കിയതിന് പിന്നാലെയാണ്, സോഫി സ്റ്റേഡിയത്തിലെ ഡ്രസ്സിങ് റൂമിൽ കൈപ്പടയിൽ എഴുതിയ ഒരു കത്ത് ഇറാൻ താരങ്ങൾ ബാക്കിവെച്ചത് ലോസ് ആഞ്ചലസ് നഗരം തങ്ങൾക്ക് നൽകിയ സ്വീകരണത്തിന് നന്ദി പറയുന്നതിനൊപ്പം, ലോകത്ത് സമാധാനം പുലരണമെന്ന ശക്തമായ സന്ദേശവും ഈ കത്തിലുണ്ട്. ഇറാൻ ഫുട്ബോൾ ഫെഡറേഷനാണ് ഈ കുറിപ്പ് ഔദ്യോഗികമായി പുറത്തുവിട്ടത്. 'ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള പുരാതന പേർഷ്യ മുതൽ ഇന്നത്തെ ഇറാൻ വരെ, ഇറാന്‍റെ ആത്മാവ് സജീവവും ദൃഢവുമായി നിലനിൽക്കുന്നു.ലോസ് ആഞ്ചലസ്, നിങ്ങളുടെ ആതിഥ്യമര്യാദയ്ക്ക് നന്ദി. ഞങ്ങൾ ഇങ്ങോട്ട് വന്നത് അഭിമാനത്തോടെയാണ്, പോരാടിയത് അന്തസ്സോടെയാണ്, മടങ്ങുന്നതും തലയുയർത്തിപ്പിടിച്ച് തന്നെയാണ്.ഈ 180 മിനിറ്റുകളിലുടനീളം ഞങ്ങൾക്കായി ഹൃദയവും ശബ്ദവും ആത്മാവും നൽകിയ എല്ലാ ഇറാനിയൻ ആരാധകർക്കും നന്ദി. എല്ലാ രാജ്യങ്ങൾക്കുമിടയിൽ സമാധാനവും ബഹുമാനവും സൗഹൃദവും നിലനിൽക്കട്ടെ. കുറിപ്പിന് താഴെ #168, #Minab എന്നീ ഹാഷ്‌ടാഗുകളും ടീം ഉൾപ്പെടുത്തിയിട്ടുണ്ട്. യുഎസും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾക്കിടയിൽ ഇറാന്‍റെ മീനാബ് നഗരത്തിലെ ഒരു സ്‌കൂളിന് നേരെ നടന്ന ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട നിരപരാധികളായ കുട്ടികളുടെ ഓർമ്മപ്പെടുത്തലാണിത്.സ്വന്തം നാട്ടിൽ കളിക്കുന്ന അനുഭവം, ഒപ്പം രാഷ്ട്രീയ ഭിന്നതകളുംഇറാനിയൻ പ്രവാസികൾ ഏറ്റവും കൂടുതലുള്ള നഗരങ്ങളിലൊന്നാണ് യുഎസിലെ ലോസ് ആഞ്ചലസ്. അതുകൊണ്ട് തന്നെ ഗ്രൂപ്പ് ജി-യിലെ ആദ്യ രണ്ട് മത്സരങ്ങളിലും സ്വന്തം നാട്ടിൽ കളിക്കുന്ന അന്തരീക്ഷമാണ് ഇറാൻ താരങ്ങൾക്ക് ലഭിച്ചത്. എന്നാൽ ഗാലറിയിൽ കടുത്ത രാഷ്ട്രീയ ഭിന്നതകളും ദൃശ്യമായിരുന്നു. ചില ആരാധകർ ഇറാന്‍റെ ഔദ്യോഗിക പതാകയേന്തിയപ്പോൾ, മറ്റ് ചിലർ 1979-ലെ വിപ്ലവത്തിന് മുൻപുള്ള പ്രതിപക്ഷ പതാകകളുമായാണ് എത്തിയത്. ഈ ലോകകപ്പിൽ മറ്റ് ടീമുകളെ അപേക്ഷിച്ച് കടുത്ത പ്രതിസന്ധികളിലൂടെയാണ് ഇറാൻ കടന്നുപോകുന്നത്. യുഎസ് എമിഗ്രേഷൻ അധികൃതരുടെ കർശനമായ നിയന്ത്രണങ്ങൾ കാരണം ഇറാൻ ടീമിന് യുണൈറ്റഡ് സ്റ്റേറ്റ്സിൽ തുടർച്ചയായി 48 മണിക്കൂറിൽ കൂടുതൽ താമസിക്കാൻ അനുമതിയില്ല.</p><p>ഇതേതുടർന്ന് തങ്ങളുടെ ബേസ് ക്യാമ്പ് അരിസോണയിൽ നിന്നും മെക്സിക്കോ അതിർത്തിയിലുള്ള ടിവാനയിലേക്ക് മാറ്റാൻ ഇറാൻ നിർബന്ധിതരായി. ഓരോ മത്സരത്തിനുമായി ഇവർ അതിർത്തി കടന്നാണ് യുഎസിലേക്ക് വരുന്നത്. ചില കോച്ചിങ് സ്റ്റാഫുകൾക്ക് വിസ നിഷേധിക്കപ്പെട്ടതും, താരം മെഹ്ദി തൊറാബിയുടെ വിസ കാലാവധി തീർന്നതിനെ തുടർന്ന് മെക്സിക്കോയിൽ പോയി പുതിയ വിസ എടുക്കേണ്ടി വന്നതുമെല്ലാം ടീമിനെ വലച്ചു.ബെൽജിയവുമായുള്ള മത്സരത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ഇറാൻ കോച്ച് അമീർ ഖാലെനോയി കടുത്ത ഭാഷയിലാണ് യുഎസ് നിലപാടുകളെ വിമർശിച്ചത്. ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ വേട്ടയാടപ്പെട്ട ടീം ഇറാനാണ്, എന്നായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകൾ. ഏറ്റവും മോശം സാഹചര്യങ്ങളെ അതിജീവിച്ച് മനോഹരമായ കളി പുറത്തെടുത്ത കളിക്കാരെ അദ്ദേഹം അഭിനന്ദിച്ചു. ആദ്യ മത്സരത്തിൽ ന്യൂസിലാൻഡിനോട് സമനില വഴങ്ങുകയും (2-2), രണ്ടാം മത്സരത്തിൽ ബെൽജിയത്തെ തളയ്ക്കുകയും ചെയ്ത ഇറാൻ വരും ദിവസങ്ങളിൽ അടുത്ത റൗണ്ട് ലക്ഷ്യമിട്ട് സിയാറ്റിലിൽ ഈജിപ്തിനെ നേരിടും. ഈ മത്സരത്തിൽ വിജയിക്കാനായാൽ ഇറാൻ ടീമിന് ലോകകപ്പിന്‍റെ നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടാനാകും