മമത ബാനര്‍ജിക്ക് സ്വന്തം പാര്‍ട്ടിയും കൈവിട്ടുപോകുന്നു! ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുന്നു; പാര്‍ട്ടിയിലെ അധികാര വടംവലിക്കിടെ ആഭ്യന്തര യുദ്ധത്തിനൊടുവില്‍ എല്ലാ പാര്‍ട്ടി കമ്മിറ്റികളും പിരിച്ചുവിട്ടു; വിമത എംഎല്‍എമാരുടെ പടയൊരുക്കത്തിന് പിന്നാലെ നടപടി

മമത ബാനര്‍ജിക്ക് സ്വന്തം പാര്‍ട്ടിയും കൈവിട്ടുപോകുന്നു! ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുന്നു; പാര്‍ട്ടിയിലെ അധികാര വടംവലിക്കിടെ ആഭ്യന്തര യുദ്ധത്തിനൊടുവില്‍ എല്ലാ പാര്‍ട്ടി കമ്മിറ്റികളും പിരിച്ചുവിട്ടു; വിമത എംഎല്‍എമാരുടെ പടയൊരുക്കത്തിന് പിന്നാലെ നടപടി



കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ രാഷ്ട്രീയത്തില്‍ മമത ബാനര്‍ജിയുടെ അപ്രമാദിത്വത്തിന് അന്ത്യമാകുന്നുവോ? നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായ ആഭ്യന്തര യുദ്ധം ഒടുവില്‍ വന്‍ പൊട്ടിത്തെറിയിലേക്ക്. പാര്‍ട്ടി ഒന്നടങ്കം പിളര്‍പ്പിലേക്ക് നീങ്ങുന്നു എന്ന വ്യക്തമായ സൂചനകള്‍ പുറത്തുവരുന്നതിനിടെ, പശ്ചിമ ബംഗാളിലെ എല്ലാ പാര്‍ട്ടി കമ്മിറ്റികളും പോഷക സംഘടനകളും ഒറ്റയടിക്ക് പിരിച്ചുവിട്ടുകൊണ്ട് മമത ബാനര്‍ജിയും നേതൃത്വവും കടുംവെട്ട് വെട്ടിയിരിക്കുകയാണ്.

പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട വിമത നേതാവ് ഋതബ്രത ബാനര്‍ജിയെ പിന്തുണച്ച് 58 തൃണമൂല്‍ എംഎല്‍എമാര്‍ നിയമസഭാ സ്പീക്കറെ കണ്ട് കത്ത് നല്‍കിയതിന് പിന്നാലെയാണ് നാണക്കേട് മറയ്ക്കാന്‍ മമതയുടെ ഈ അടിയന്തര നീക്കം. തിരഞ്ഞെടുപ്പ് തോറ്റതോടെ പാര്‍ട്ടിക്കുള്ളില്‍ മമത ബാനര്‍ജിക്കും കൂട്ടര്‍ക്കുമെതിരെ കനത്ത പടയൊരുക്കമാണ് അണിയറയില്‍ നടന്നിരുന്നത്. ബുധനാഴ്ച ബംഗാള്‍ രാഷ്ട്രീയത്തെ ഞെട്ടിച്ചുകൊണ്ട് വലിയൊരു വിഭാഗം വിമത എംഎല്‍എമാര്‍ പരസ്യമായി രംഗത്തിറങ്ങി.

പാര്‍ട്ടി നേരത്തെ പുറത്താക്കിയ ഋതബ്രത ബാനര്‍ജിയെ തങ്ങളുടെ നിയമസഭാ കക്ഷി നേതാവായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് 58 ടിഎംസി എംഎല്‍എമാരാണ് സ്പീക്കര്‍ക്ക് ഒപ്പിട്ട പിന്തുണ കത്ത് കൈമാറിയത്. ഇതോടെ മമത ഭരണത്തിന്റെ അടിത്തറ ഇളകുമെന്ന് ഉറപ്പായ പശ്ചാത്തലത്തിലാണ് മണിക്കൂറുകള്‍ക്കകം പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിച്ചുപണിക്ക് നേതൃത്വം നിര്‍ബന്ധിതമായത്.

കൈവിട്ടുപോയ പാര്‍ട്ടിയുടെ നിയന്ത്രണം എങ്ങനെയെങ്കിലും തിരിച്ചുപിടിക്കാനുള്ള മമതയുടെ അവസാന അടവായാണ് ഈ അപ്രതീക്ഷിത നടപടിയെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. തങ്ങളുടെ ഒഫീഷ്യല്‍ 'എക്‌സ്' ഹാന്‍ഡിലിലൂടെ പങ്കുവെച്ച പ്രസ്താവനയിലാണ് മുഴുവന്‍ കമ്മിറ്റികളും റദ്ദാക്കിയ വിവരം ടിഎംസി അറിയിച്ചത്. 'ശ്രദ്ധാപൂര്‍വ്വമായ പരിഗണനയ്ക്ക് ശേഷം, ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പശ്ചിമ ബംഗാളിലെ എല്ലാ കമ്മിറ്റികളും പോഷക സംഘടനകളും അടിയന്തരമായി പിരിച്ചുവിടാന്‍ തീരുമാനിച്ചിരിക്കുന്നു,' എന്ന് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

എല്ലാ തലങ്ങളിലും സമഗ്രമായ ആത്മപരിശോധനയും പ്രകടന അവലോകനവും നടത്തിയ ശേഷമായിരിക്കും മാതൃസംഘടനയുടെയും പോഷക സംഘടനകളുടെയും പുനഃസംഘടന എന്ന് പാര്‍ട്ടി അവകാശപ്പെടുന്നുണ്ടെങ്കിലും, യഥാര്‍ത്ഥ കാരണം പാര്‍ട്ടിക്കുള്ളിലെ കൂട്ടത്തല്ല് തന്നെയാണ്. വിമതന്‍ ഋതബ്രത ബാനര്‍ജിയുടെ നേതൃത്വത്തില്‍ പാര്‍ട്ടിയില്‍ വന്‍ പിളര്‍പ്പ് ഉണ്ടാകുന്നത് തടയാന്‍ വിമതര്‍ക്ക് സ്വാധീനമുള്ള കമ്മിറ്റികളെല്ലാം വെട്ടിനിരത്തുകയാണ് മമത ചെയ്തത്. എന്നാല്‍ പുറമേക്ക്, പാര്‍ട്ടിയെ പുതിയ ഊര്‍ജ്ജത്തോടെ ഭാവി വെല്ലുവിളികള്‍ നേരിടാന്‍ സജ്ജമാക്കാനാണ് ഈ പുനഃസംഘടന എന്നാണ് നേതൃത്വം പടച്ചുവിടുന്ന ന്യായീകരണം.

സമീപകാല ചരിത്രത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസും മമത ബാനര്‍ജിയും നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര പ്രതിസന്ധിയാണിത്. എംഎല്‍എമാര്‍ കൂട്ടത്തോടെ പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നതോടെ ബംഗാളില്‍ വരും ദിവസങ്ങളില്‍ വന്‍ രാഷ്ട്രീയ നാടകങ്ങള്‍ക്കാണ് അരങ്ങ് ഒരുങ്ങുന്നത്.