ഇടതുപക്ഷ സഹയാത്രികനെന്ന പരിവേഷത്തിന് വിട, ഇനി അടിമുടി സഖാവാകാന്‍ കെ ടി ജലീല്‍! നാല് തവണ സ്വതന്ത്ര എംഎല്‍എ ആയിരുന്ന കെ ടി ജലീല്‍ സിപിഎമ്മില്‍ അംഗത്വമെടുക്കുന്നു; മലപ്പുറം ജില്ലാനേതൃത്വത്തെ താല്‍പ്പര്യം അറിയിച്ചു മുന്‍ മന്ത്രി; ജലീലിനെ നേരിട്ടു ജില്ലാ കമ്മറ്റിയില്‍ ഉള്‍പ്പെടുത്താന്‍ ഒരുങ്ങുന്ന സിപിഎം നീക്കം തീപ്പൊരി പ്രസംഗികനെ പാര്‍ട്ടിയുടെ ജില്ലയിലെ മുഖമാക്കാന്‍

ഇടതുപക്ഷ സഹയാത്രികനെന്ന പരിവേഷത്തിന് വിട, ഇനി അടിമുടി സഖാവാകാന്‍ കെ ടി ജലീല്‍! നാല് തവണ സ്വതന്ത്ര എംഎല്‍എ ആയിരുന്ന കെ ടി ജലീല്‍ സിപിഎമ്മില്‍ അംഗത്വമെടുക്കുന്നു; മലപ്പുറം ജില്ലാനേതൃത്വത്തെ താല്‍പ്പര്യം അറിയിച്ചു മുന്‍ മന്ത്രി; ജലീലിനെ നേരിട്ടു ജില്ലാ കമ്മറ്റിയില്‍ ഉള്‍പ്പെടുത്താന്‍ ഒരുങ്ങുന്ന സിപിഎം നീക്കം തീപ്പൊരി പ്രസംഗികനെ പാര്‍ട്ടിയുടെ ജില്ലയിലെ മുഖമാക്കാന്‍


മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിലെ ഞെട്ടിക്കുന്ന തോല്‍വിയോടെ കടുത്ത പ്രതിസന്ധിയിലാണ് സിപിഎം. പാര്‍ട്ടിയുടെ പ്രബല കേന്ദ്രങ്ങളില്‍ അടക്കം സിപിഎമ്മിന് വെല്ലുവിളി നേരിടേണ്ടി വന്നു. ഈ തിരിച്ചടിയുടെ ആഘാതം മറികടക്കാനുള്ള ശ്രമങ്ങളിലേക്ക് പാര്‍ട്ടി ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഇതിനായി പാര്‍ട്ടിയിലെ ജനകീയ മുഖങ്ങളെ നേതൃനിരയിലേക്ക് കൊണ്ടുവരാനാണ് നീക്കം. സിപിഎം സമ്പൂര്‍ണ തോല്‍വി നേരിട്ട മലപ്പുറം ജില്ലയില്‍ നേതൃത്വത്തിലേക്ക് ജനപ്രിയ നേതാക്കളെ ഉയര്‍ത്തികൊണ്ടുവരാനാണ് പാര്‍ട്ടി ശ്രമം. ഇതിന്റെ ഭാഗമായി നാല് തവണ ഇടതു സ്വതന്ത്ര എംഎല്‍എയായ കെ ടി ജലീലിന് പാര്‍ട്ടി അംഗത്വം നല്‍കാനാണ് നീക്കം.

സിപിഎം അംഗത്വം എടുക്കാന്‍ കെ.ടി. ജലീലും താല്‍പ്പര്യം അറിയിച്ചു. പാര്‍ട്ടിയില്‍ സജീവമാകനുള്ള തീരുമാനത്തിന് പിന്നാലെയാണ് അംഗത്വം എടുക്കാന്‍ ഒരുങ്ങുന്നത്. മലപ്പുറം ജില്ലാ നേതൃത്വത്തെ ഇത് സംബന്ധിച്ച് താല്പര്യമാറിയിച്ചു. നാല് തവണ സ്വതന്ത്ര എംഎല്‍എ ആയിരുന്ന ജലീല്‍ പാര്‍ട്ടി അംഗത്വം എടുക്കാന്‍ മുന്‍പ് താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നില്ല.

ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം മാറിയതാണ് പുതിയ തീരുമാനത്തിന് പിന്നില്‍. എംഎല്‍എ പദവി ഒഴിഞ്ഞതോടെ പാര്‍ട്ടിയുടെ ഔദ്യോഗിക വേദികളിലും തീരുമാനങ്ങളിലും സജീവമാകാന്‍ ജലീലിന് സംഘടനാപരമായ പദവികള്‍ അനിവാര്യമാണ്. പാര്‍ട്ടി അംഗമാകുന്നതോടെ കെ.ടി. ജലീലിന് സിപിഎം കമ്മിറ്റികളില്‍ നേരിട്ട് ഭാരവാഹിത്വത്തിലേക്ക് വരാന്‍ സാധിക്കും. നേരത്തെ മാധ്യമപ്രവര്‍ത്തകന്‍ എം.വി. നികേഷ് കുമാറിനെ സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലേക്ക് നേരിട്ട് ഉള്‍പ്പെടുത്തിയ മാതൃക ജലീലിന്റെ കാര്യത്തിലും മലപ്പുറത്ത് ഉണ്ടായേക്കും.

മലപ്പുറം ജില്ലയിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ കെ.ടി. ജലീലിനെ ഔദ്യോഗികമായി പാര്‍ട്ടിയിലേക്ക് കൊണ്ടുവരുന്നത് സി.പി.എമ്മിനും വലിയ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ടി.കെ ഹംസ അടക്കമുള്ള മുതിര്‍ന്ന സി.പി.എം നേതാക്കള്‍ സജീവ പാര്‍ട്ടി ഭാരവാഹിത്വങ്ങളില്‍ നിന്ന് മാറിനില്‍ക്കുന്ന സാഹചര്യത്തില്‍, മലപ്പുറത്ത് പാര്‍ട്ടിക്കായി ശക്തമായി വാദിക്കാനും പ്രസംഗിക്കാനും ജനങ്ങളെ സ്വാധീനിക്കാനും കെ.ടി. ജലീലിനെപ്പോലൊരു നേതാവിന്റെ സാന്നിധ്യം സി.പി.എമ്മിന് ആവശ്യമാണ്. മുസ്ലിം ലീഗ് രാഷ്ട്രീയത്തിന്റെ കോട്ടകളില്‍ ലീഗിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള ജലീലിന്റെ വരവ് മലപ്പുറത്തെ സി.പി.എമ്മിന്റെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം നല്‍കും.

ഒന്നാം പിണറായി മന്ത്രിസഭയിലെ ഉന്നത വിദ്യാഭ്യാസം, ന്യൂനപക്ഷക്ഷേമം, ഹജ്ജ്, വഖഫ് എന്നീ വകുപ്പുകളുടെ ചുമതല വഹിച്ച മന്ത്രികൂടിയാണ് കെ ടി ജലീല്‍. ബന്ധു നിയമന വിവാദത്തിന് പിന്നാലെ മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന ലോകായുക്ത ഉത്തരവിന്റെ പശ്ചാത്തലത്തില്‍ രാജിവെയ്ക്കുകയായിരുന്നു. നേരത്തെ 'ലീഗ് എന്റേയും കൂടി പാര്‍ട്ടിയാണ്. തിരിച്ചുവിളിച്ചാല്‍ ഞാന്‍ പോകാന്‍ തയ്യാറാണ്' എന്ന് കെ ടി ജലീല്‍ പറഞ്ഞുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടന്നിരുന്നു. എന്നാല്‍ ചെങ്കൊടി വിട്ടൊരു രാഷ്ട്രീയം ഇനി ഇല്ലെന്നും ചുവപ്പിനെ പ്രണയിച്ച് ശക്തമായി പൊതുരംഗത്ത് തുടരുമെന്നുമായിരുന്നു കെ ടി ജലീല്‍ പ്രതികരിച്ചത്. ഇതിനിടെയാണ് പാര്‍ട്ടി അംഗത്വം എടുക്കാനുള്ള നീക്കം.

'ഇടതുപക്ഷത്തോടൊപ്പം നെഞ്ചുറപ്പോടെ മുന്നോട്ടു കുതിക്കും. തല പോയാലും വിശ്വസിച്ചവരെ വഞ്ചിക്കില്ല. സുഖത്തിലും ദു:ഖത്തിലും കൂടെയുണ്ടാകും. ജയ-പരാജയങ്ങളില്‍ കട്ടക്ക് നില്‍ക്കും. അവസാനം വരെ പഴശ്ശിക്കൊപ്പം നിന്ന ഉണ്ണിമൂസയുടെയും അത്തന്‍കുരിക്കളുടെയും പിന്‍മുറക്കാരന്‍ സഖാവ് പിണറായിക്കും പാര്‍ട്ടിക്കും പിന്നില്‍ അടിയുറച്ചു മുന്നേറും', എന്നും കെ ടി ജലീല്‍ പറഞ്ഞിരുന്നു.

ഇക്കുറി മത്സരരംഗത്തു നിന്നും മാറിനില്‍ക്കാനായിരുന്നു കെ ടി ജലീല്‍ തീരുമാനിച്ചിരുന്നത്. സി.പി.എമ്മില്‍നിന്നുള്ള സമ്മര്‍ദം ഉയര്‍ന്നതോടെയാണ് തവനൂരില്‍ കെ.ടി. ജലീല്‍ തന്നെ സ്ഥാനാര്‍ഥിയായതും. മണ്ഡലം രൂപവത്കരിച്ചശേഷം നടന്ന മൂന്നു തിരഞ്ഞെടുപ്പിലും ജലീലിലൂടെയാണ് ഇടതുപക്ഷം മണ്ഡലം പിടിച്ചത്. കെ.ടി. ജലീലിനെ തോല്‍പ്പിച്ച് തവനൂര്‍ സീറ്റ് പിടിക്കണമെന്ന മോഹം ഇക്കുറി വി എസ് ജോയിയിലൂടെയാണ് സാധ്യമായത്. കഴിഞ്ഞതവണ ഫിറോസ് കുന്നുംപറമ്പിലിനെ നിര്‍ത്തി നടത്തിയ പോരാട്ടത്തില്‍ ജലീലിന്റെ ഭൂരിപക്ഷം 2564 വോട്ടിലേക്കു ചുരുക്കാന്‍ കഴിഞ്ഞിരുന്നു.

മുസ്ലിം സ്റ്റുഡന്റ്സ് ഫെഡറേഷനിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് കെ ടി ജലീല്‍ കടന്നുവന്നത്. പിന്നീട് ഐ.യു.എം.എല്‍ യുവജന വിഭാഗമായ യൂത്ത് ലീഗിന്റെ നേതൃനിരയിലെത്തി. എന്നാല്‍, പാര്‍ട്ടി നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് അദ്ദേഹത്തെ മുസ്ലീം ലീഗില്‍നിന്ന് പുറത്താക്കി. തുടര്‍ന്ന് 2006-ല്‍ കുറ്റിപ്പുറം മണ്ഡലത്തില്‍നിന്ന് എല്‍.ഡി.എഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ചു. അന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ നിയമസഭാ പ്രവേശം.

2011 മുതല്‍ തവനൂര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ജലീല്‍, ആ വര്‍ഷം കോണ്‍ഗ്രസിലെ വി.വി. പ്രകാശിനെ 6,854 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. 2016-ല്‍ വന്‍ ഭൂരിപക്ഷത്തില്‍ തവനൂരില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിയുമായി ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ അഡ്വ. വി.എസ്. ജോയിയോട് 14,647 വോട്ടുകള്‍ക്ക് ജലീല്‍ പരാജയപ്പെട്ടു.