തൃശൂര്‍: നഗരത്തിലെ പെണ്‍വാണിഭ കേന്ദ്രത്തില്‍ കൊലപാതകം. ഒഡീഷ സ്വദേശിയായ ധന്‍പത് നായിക് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നാലുസ്ത്രീകളെയും രണ്ട് പുരുഷന്മാരെയും പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷ സ്വദേശി ബിച്ചു നായിക് ആണ് പെണ്‍വാണിഭ കേന്ദ്രം നടത്തിയിരുന്നതെന്ന് പോലീസ് പറയുന്നു. തൃശൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള രണ്ട് നില കെട്ടിടത്തിലാണ് ഈ വാണിഭകേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് മാത്രമാണ് ഇവിടേക്ക് പ്രവേശനം ഉണ്ടായിരുന്നത്.
ജൂൺ പതിനെട്ടിന് തൃശൂര്‍ നഗരത്തിലെ ഹോട്ടലില്‍ ജോലി ചെയ്യുന്ന ഒഡീഷ സ്വദേശികളായ കാര്‍ത്തിക് നായിക്, മക്രഹാജി, തൃണാദ് മാദി, ധന്‍പതി നായിക്ക് എന്നിവര്‍ പെണ്‍വാണിഭ കേന്ദ്രത്തിലേക്ക് എത്തിയിരുന്നു. പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് ബിച്ചുവുമായി ഇവർ തര്‍ക്കമുണ്ടാക്കി. തർക്കത്തിനുശേഷം പുറത്തേക്കിറങ്ങിയ ഇവരെ വീണ്ടും അകത്തേക്ക് വിളിച്ച് ഇയാളും കൂട്ടരും ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
ധന്‍പതി നായിക്കിന് തലച്ചോറിനാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങി.

