ആലക്കോട്: പൈതൽമല മഞ്ഞപ്പുല്ലിൽ ഇടിമിന്നലേറ്റ് ദാരുണമായി മരണപ്പെട്ട വിനോദസഞ്ചാരി അഞ്ജുവിന്റെ മൃതസംസ്കാര ചടങ്ങുകൾ നാളെ (ചൊവ്വാഴ്ച) നടക്കും. ചെറുപുഴ കൊല്ലാടയിലെ വാഴപ്പള്ളി സോനുവിന്റെ ഭാര്യ അഞ്ജുവിന്റെ (31) ഭൗതിക ശരീരം ഇന്ന് വൈകുന്നേരം 6 മണി വരെ കൊല്ലാടയിലെ വാഴപ്പള്ളി സെബാസ്റ്റ്യന്റെ ഭവനത്തിൽ പൊതുദർശനത്തിന് വെച്ചിരുന്നു
തുടർന്ന് അഞ്ജുവിന്റെ സ്വന്തം സ്വഭവനമായ കോളയാട് മേനാച്ചോടിയിലെ ഉള്ളാത്തോട്ടത്തിലെ വീട്ടിലേക്ക് മൃതശരീരം കൊണ്ടുപോകുന്നതാണ്. സംസ്കാര ചടങ്ങുകൾ ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കൊളയാട് പള്ളി സെമിത്തേരിയിൽ വെച്ച് നടക്കും.
കഴിഞ്ഞദിവസം വൈകുന്നേരത്തോടെ സ്കൂട്ടർ ഓടിക്കാൻ പഠിക്കാനായി വീട്ടിൽ നിന്നിറങ്ങിയ ദമ്പതികൾ പൈതൽമല സന്ദർശിക്കുന്നതിനിടയിലാണ് കനത്ത ഇടിമിന്നലിന്റെ രൂപത്തിൽ ദുരന്തം എത്തിയത്. അപകടത്തിൽ ഭർത്താവ് സോനുവിനും വനംവകുപ്പ് താൽക്കാലിക വാച്ചർ സതീശനും പരിക്കേറ്റിരുന്നു. രണ്ട് വർഷം മുൻപ് മാത്രം വിവാഹിതരായ യുവ സർക്കാർ ജീവനക്കാരുടെ ജീവിതം തകർത്ത ദുരന്തത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും മലയോര മേഖല. സുരക്ഷ മുൻനിർത്തി പൈതൽമലയിലേക്കുള്ള പ്രവേശനം അധികൃതർ താൽക്കാലികമായി നിരോധിച്ചിരിക്കുകയാണ്
