കപ്പലില്‍ ‘ഐ ലവ് പാകിസ്ഥാന്‍’ : രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്ത് പൊലീസ്

കപ്പലില്‍ ‘ഐ ലവ് പാകിസ്ഥാന്‍’ : രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്ത് പൊലീസ്



കൊച്ചി: കപ്പല്‍ശാലയില്‍ നിര്‍മാണം പുരോഗമിക്കുന്ന കപ്പലില്‍, ഐ ലവ് പാകിസ്ഥാന്‍ എന്നെഴുതിയ സംഭവത്തില്‍ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്ത് പൊലീസ്. യു കെയിലെ നോര്‍ത്ത് സ്റ്റാര്‍ ഷിപ്പിംഗ് കമ്പനിക്കായി നിര്‍മ്മിക്കുന്ന കപ്പലിലാണ് ഈ എഴുത്ത് ശ്രദ്ധയില്‍ പെട്ടത്. കേസില്‍ ഇതുവരെ 162പേരുടെ മൊഴിയെടുത്തു.

ബ്രിട്ടനിലെ നോര്‍ത്ത് സ്റ്റാര്‍ ഷിപ്പിംഗിനായി 2025 ല്‍ നിര്‍മാണം ആരംഭിച്ച കപ്പലിലാണ് ഐ ലവ് പാകിസ്ഥാന്‍ എന്ന എഴുത്ത് പ്രത്യക്ഷപെട്ടത്.രണ്ടാഴ്ച മുമ്പാണ് എഴുത്ത് ശ്രദ്ധയില്‍പെട്ടത്. പിന്നാലെ കപ്പല്‍ശാല അധികൃതര്‍ എറണാകുളം സൗത്ത് പൊലീസില്‍ പരാതി നല്‍കി.

പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് ബി എന്‍ എസ് 152 പ്രകാരം കേസ് എടുത്തത്. രാജ്യത്തിന്റെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവ അപകടപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വകുപ്പാണ് ഇത്. എഴുതിയ ഭാഗത്ത് സിസിടിവി ഇല്ലാത്തതിനാല്‍ ഇവിടെ ജോലി ചെയ്ത ആളുകളെ കേന്ദ്രികരിച്ചാണ് അന്വേഷണം. മുമ്പും കൊച്ചി കപ്പല്‍ശാലയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കേന്ദ്ര ഏജന്‍സികളും വിവരങ്ങള്‍ തേടിയിട്ടുണ്ട്.