മമ്മൂട്ടിക്ക് പദ്മഭൂഷൺ തിളക്കം; രാഷ്ട്രപതിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി; കുടുംബാംഗങ്ങൾക്കൊപ്പം അഭിമാന നിമിഷത്തിൽ മെഗാസ്റ്റാർ

മമ്മൂട്ടിക്ക് പദ്മഭൂഷൺ തിളക്കം; രാഷ്ട്രപതിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി; കുടുംബാംഗങ്ങൾക്കൊപ്പം അഭിമാന നിമിഷത്തിൽ മെഗാസ്റ്റാർ



ന്യൂഡൽഹി: പദ്മഭൂഷൺ ബഹുമതി ഏറ്റുവാങ്ങി മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു പുരസ്കാരം സമ്മാനിച്ചു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ഉന്നത ബഹുമതികളാണ് ഇന്ന് വിതരണം ചെയ്തത്. ചടങ്ങിൽ ജസ്റ്റിസ് കെ.ടി. തോമസ്, പി. നാരായണൻ എന്നിവർക്ക് പദ്മവിഭൂഷൺ ബഹുമതികൾ സമ്മാനിച്ചു. മമ്മൂട്ടിക്കൊപ്പം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രശസ്ത ഗായിക അൽക യാഗ്നിക് എന്നിവരും പദ്മഭൂഷൺ ഏറ്റുവാങ്ങി.

കുടുംബസമേതം കഴിഞ്ഞ ദിവസം തന്നെ മമ്മൂട്ടി ഡൽഹിയിൽ എത്തിയിരുന്നു. രാഷ്ട്രപതിയുടെ കൈയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങുന്ന വേളയിൽ സദസ്സിലിരുന്ന ദുൽഖർ സൽമാൻ കൈയടിക്കുന്നത് ദൃശ്യങ്ങളിൽ കാണാമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭ സ്പീക്കർ ഓം ബിർള, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരെ കൈകൂപ്പി അഭിവാദ്യം ചെയ്തശേഷമാണ് മമ്മൂട്ടി വേദിയിലേക്ക് നടന്നത്. മമ്മൂട്ടിയുടെ സഹപ്രവർത്തകരായ എസ്. ജോർജ്, ആന്റോ ജോസഫ് എന്നിവരും ചടങ്ങിന് സാക്ഷികളായി.

1998-ൽ പദ്മശ്രീ നൽകി രാജ്യം ആദരിച്ച മമ്മൂട്ടിയെ തേടി 28 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പദ്മഭൂഷൺ എത്തുന്നത്. മികച്ച നടനുള്ള മൂന്നു ദേശീയ പുരസ്കാരങ്ങളും ഏഴു തവണ മികച്ച നടനുള്ളതടക്കം പത്തു സംസ്ഥാന പുരസ്കാരങ്ങളും അദ്ദേഹം ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞവർഷത്തെ മികച്ച നടനുള്ള സംസ്ഥാനപുരസ്കാരം സ്വീകരിക്കുന്ന അതേദിവസമായിരുന്നു പദ്മഭൂഷൺ പ്രഖ്യാപനമെന്നത് മറ്റൊരു കൗതുകം.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും തന്റെ അഭിനയശേഷി തെളിയിച്ച മമ്മൂട്ടി, ഇന്ത്യൻ സിനിമയുടെ തന്നെ തിളങ്ങുന്ന നക്ഷത്രമാണ്. അഞ്ചു പതിറ്റാണ്ടിലേറെയായി വെള്ളിത്തിരയിൽ നിറഞ്ഞുനിൽക്കുന്ന അദ്ദേഹം, ഇന്നും പുതുതലമുറയുടെ പരീക്ഷണ ചിത്രങ്ങളിൽപ്പോലും അഭിനയമികവ് കാഴ്ചവെച്ച് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു.