അയോധ്യയില്‍ ഭൂമി ഇടപാടിലും ക്രമക്കേട്; വിപണി വിലയിലും കൂടിയ വിലക്ക് ക്ഷേത്ര ട്രസ്റ്റ് ഭൂമി വാങ്ങിക്കൂട്ടി, അന്വേഷിക്കാൻ പ്രത്യേക സംഘം


അയോധ്യയില്‍ ഭൂമി ഇടപാടിലും ക്രമക്കേട്; വിപണി വിലയിലും കൂടിയ വിലക്ക് ക്ഷേത്ര ട്രസ്റ്റ് ഭൂമി വാങ്ങിക്കൂട്ടി, അന്വേഷിക്കാൻ പ്രത്യേക സംഘം



ദില്ലി: സംഭാവന തട്ടിപ്പിനൊപ്പം ഭൂമി ഇടപാടിലും അയോധ്യയില്‍ വന്‍ ക്രമക്കേട്. വിപണി വിലയിലും കൂടിയ വിലക്ക് ക്ഷേത്ര ട്രസ്റ്റ് ഭൂമി വാങ്ങിക്കൂട്ടിയതും പ്രത്യേക സംഘം അന്വേഷിക്കും. പ്രാഥമിക റിപ്പോര്‍ട്ട് കൈമാറിയ അന്വേഷണ സംഘം വിശദമായ അന്വേഷണത്തിന് കൂടുതല്‍ സമയം തേടിയേക്കും. കേസെടുക്കണമെന്നും കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നുമാവശ്യപ്പെടുന്ന ഹര്‍ജി അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് ഇന്ന് പരിഗണിക്കും.രാമക്ഷേത്രം ഉള്‍പ്പെടുന്ന പ്രദേശത്തിന്‍റെ വിസ്തൃതി 70ല്‍ നിന്ന് 170 ഏക്കറായി കൂട്ടാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയത്. മാര്‍ക്കറ്റ് വിലയുടെ 17 ഇരട്ടി പോലും വില നല്‍കി ഭൂമി വാങ്ങിയെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. തര്‍ക്കം നിലനില്‍ക്കുന്ന ഭൂമി പോലും അക്കാര്യം മനസ്സിലാക്കിയോ അല്ലാതെയോ കോടികള്‍ നല്‍കി ട്രസ്റ്റ് വാങ്ങിയെന്നാണ് വിവരം. ക്ഷേത്രത്തിലെ സംഭാവന തട്ടിപ്പിൽ നൂറിലേറെ പേരുടെ മൊഴിയെടുത്ത അന്വേഷണ സംഘം കൂടുതല്‍ പേരെ ചോദ്യം ചെയ്യണമെന്നറിയിച്ചിരിക്കുകയാണ്. 20ലധികം പേര്‍ക്കെതിരെ കേസെടുക്കാന്‍ പ്രാഥമിക റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുവെന്നാണ് വിവരം. ട്രസ്റ്റ് ഭാരവാഹികളോടും ക്ഷേത്ര ജീവനക്കാരോടും അയോധ്യ വിട്ടുപോകരുതെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഒരു വര്‍ഷം മുന്‍പ് നടന്ന കുംഭമേളക്കാലത്ത് വലിയ തട്ടിപ്പ് നടന്നെന്നാണ് കണ്ടെത്തല്‍. അന്ന് ക്ഷേത്രത്തില്‍ കുമിഞ്ഞ് കൂടിയ കോടിക്കണക്കിന് രൂപയുടെ കാണിക്കയെ കുറിച്ച് ഒരു കണക്കും രേഖപ്പെടുത്തിയിട്ടില്ല. ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് അന്വേഷണ റഡാറിലുണ്ടെന്നാണ് വിവരം. ചമ്പത് റായിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് രാമജന്മഭൂമി പ്രക്ഷോഭകാലത്തെ കര്‍സേവകനടക്കം അയോധ്യ പൊലീസിനെ സമീപിച്ചിട്ടുണ്ട്. ഇതിനിടെ സാഹചര്യം മനസിലാക്കാനായി വെള്ളിയാഴ്ച അയോധ്യയിലെത്തുമെന്ന് അരവിന്ദ് കെജരിവാള്‍ അറിയിച്ചു. അയ്യായിരം കോടി രൂപയുടെ തട്ടിപ്പെങ്കിലും നടന്നിട്ടുണ്ടാകാമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും ചൂണ്ടിക്കാട്ടി