ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റി തട്ടിപ്പ്: മീറ്റ് ഫാക്ടറിയും ഭൂമിയും പൊതുലേലത്തിൽ വിൽക്കാൻ കോടതി ഉത്തരവ്
സുൽത്താൻ ബത്തേരി: ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിയിലെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള മീറ്റ് ഫാക്ടറിയും അനുബന്ധ ഭൂമിയും പൊതുലേലത്തിൽ വിൽക്കാൻ കോടതി ഉത്തരവ്. വയനാട് നെന്മേനി മഞ്ഞാടിയിൽ സ്ഥിതി ചെയ്യുന്ന ഫാക്ടറിയാണ് ലേലം ചെയ്യുക. നിക്ഷേപ തുക തിരികെ നൽകാൻ കോടതി നേരത്തെ വിധിച്ചിട്ടും സൊസൈറ്റി പണം നൽകാത്തതിനെ തുടർന്ന് സുൽത്താൻ ബത്തേരി സബ് കോടതിയുടേതാണ് ഈ നിർണ്ണായക നടപടി. അടുത്ത മാസം എട്ടിന് ലേലം നടക്കും. മീനങ്ങാടി സ്വദേശികളായ മറിയാമ്മ ജോസഫ്, ജോബി കെ. മാത്യു എന്നിവർ നൽകിയ ഹർജികളിലാണ് കോടതി ഉത്തരവ്. കരാർ പ്രകാരം കാലാവധി കഴിഞ്ഞിട്ടും തങ്ങൾ നിക്ഷേപിച്ച തുകയും ലാഭവിഹിതവും തിരികെ ലഭിക്കാതെ വന്നതോടെയാണ് ഇവർ കോടതിയെ സമീപിച്ചത്. മറിയാമ്മ അമ്പത് ലക്ഷം രൂപയും, ജോബി ഇരുപത്തിരണ്ട് ലക്ഷം രൂപയുമാണ് ബ്രഹ്മഗിരി സൊസൈറ്റിയിൽ നിക്ഷേപിച്ചിരുന്നത്.നിക്ഷേപത്തുകയും പ്രതിമാസം നൽകാമെന്ന് ഏറ്റ ലാഭവിഹിതവും കോടതിച്ചെലവും അടക്കം ഹർജിക്കാർക്ക് തിരികെ നൽകണമെന്ന് 2024-ൽ കോടതി വിധിച്ചിരുന്നു. മറിയാമ്മ ജോസഫിന് 65,10,000 രൂപയും, വിധി വന്ന ദിവസം മുതലുള്ള 6% പലിശയും, കോടതിച്ചെലവായ 7,68,865 രൂപയും നൽകണം. ജോബി കെ മാത്യുവിന് 28,11,900 രൂപയും, വിധി വന്ന ദിവസം മുതലുള്ള 6% പലിശയും, കോടതിച്ചെലവായ 3,43,582 രൂപയും. എന്നാൽ കോടതി വിധി വന്നിട്ടും തുക നൽകാൻ ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റി തയ്യാറാകാത്തതിനെ തുടർന്നാണ് ഹർജിക്കാർ വീണ്ടും കോടതിയെ സമീപിച്ചതും അനുകൂല ഉത്തരവ് സമ്പാദിച്ചതും. ലേലം നിശ്ചയിച്ച സാഹചര്യത്തിൽ കോടതി അമീൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഇന്ന് ഫാക്ടറി സ്ഥലത്തെത്തി പരിശോധന നടത്തുമെന്നാണ് വിവരം. കോടതിയുടെ ഈ കടുത്ത നടപടി വലിയ പ്രതീക്ഷയോടെയാണ് മറ്റ് നിക്ഷേപകരും വീക്ഷിക്കുന്നത്