മലയാളികളെ മൂന്ന് പതിറ്റാണ്ടോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പ്രിയ നടന്‍ സലിം കുമാറിന് വിട നല്‍കി കേരളം.

ചിരിയുടെ ആശാന് കണ്ണീര്‍വിട! ചിതയ്ക്ക് തീകൊളുത്തി ചന്തുവും ആരോമലും; നിറകണ്ണുകളോടെ പ്രിയപ്പെട്ടവന് വിടനല്‍കി സുനിതയും; മരണത്തിലും മതം തൊടാതെ മടക്കം; സലിം എന്ന പേരിട്ട അച്ഛന്റെ മനസ് പോലെ മരണാനന്തര ചടങ്ങുകളില്ല; കോണ്‍ഗ്രസ് പതാക പുതച്ച് ചിതയിലേക്ക്..! ഔദ്യോഗിക ബഹുമതികളോടെ സലിം കുമാറിന്റെ സംസ്‌കാരം; അന്ത്യാഞ്ജലി അര്‍പ്പിച്ച് രാഷ്ട്രീയ-സിനിമാ ലോകം

കൊച്ചി: മലയാളികളെ മൂന്ന് പതിറ്റാണ്ടോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പ്രിയ നടന്‍ സലിം കുമാറിന് വിട നല്‍കി കേരളം. ഭൗതിക ശരീരം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ പറവൂര്‍ ചിറ്റേത്തുകരയിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ചിതയ്ക്ക് തീക്കൊളുത്തുംമുമ്പ് മക്കളായ ചന്തുവും ആരോമലും പിതാവിന് അവസാന ചുംബനം നല്‍കി ഭാര്യ സുനിതയും കണ്ണീരോടെയാണ് സലിംകുമാറിന് വിട നല്‍കിയത്. ചന്തുവും ആരോമലും ചേര്‍ന്ന് ചിതയ്ക്ക് തീക്കൊളുത്തി. മുഖ്യമന്ത്രി വി.ഡി. സതീശനും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി അടക്കമുള്ളവരും സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍. അവസാനനിമിഷവും ഒട്ടേറെപ്പേരാണ് പ്രിയനടനെ അവസാനമായി കാണാന്‍ വീട്ടിലേക്ക് ഒഴുകിയെത്തിയത്.

ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ന്യൂമോണിയ ബാധിച്ചതിനെത്തുടര്‍ന്ന് ആരോഗ്യനില വഷളായി വെന്റിലേറ്ററിലായിരുന്നു. തുടര്‍ന്നുണ്ടായ പെട്ടെന്നുള്ള ഹൃദയാഘാതത്തെ തുടര്‍ന്ന് രാത്രി 10.43-നായിരുന്നു അന്ത്യം. 1969 ഒക്ടോബര്‍ 10-ന് എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരില്‍ ഗംഗാധരന്റെയും കൗസല്യയുടെയും ഇളയ മകനായി ജനിച്ച സലിം കുമാര്‍ 56-ാം വയസ്സിലാണ് സിനിമാലോകത്തെയും ആരാധകരെയും കണ്ണീരിലാഴ്ത്തി ലോകത്തോട് വിടചൊല്ലിയത്. പേര് കേട്ടാല്‍ മതം തിരിച്ചറിയരുത് എന്ന് കരുതി പിതാവ് ഇട്ട 'സലിം' എന്ന പേരിനൊപ്പം സ്‌കൂളിലെ അധ്യാപിക നിര്‍ബന്ധിച്ച് ചേര്‍ത്ത 'കുമാര്‍' കൂടിയായപ്പോഴാണ് അദ്ദേഹം സലിം കുമാറായി മാറിയത്.

തന്റെ മരണാനന്തര ചടങ്ങുകളെക്കുറിച്ച് കൃത്യമായ നിലപാടുകളുണ്ടായിരുന്ന സലിം കുമാറിന്റെ ആഗ്രഹപ്രകാരം പൂര്‍ണ്ണമായും മതപരമായ ചടങ്ങുകള്‍ ഒഴിവാക്കിയാണ് സംസ്‌കാരം നടത്തിയത്. അസ്ഥി പുഴയില്‍ ഒഴുക്കുന്നത് ഉള്‍പ്പെടെയുള്ള യാതൊരുവിധ മതപരമായ ചടങ്ങുകളും വേണ്ടെന്ന് അദ്ദേഹം മുന്‍പേ കുടുംബാംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. കേരളം നെഞ്ചേറ്റിയ കലാകാരന് കോണ്‍ഗ്രസ് പതാക പുതപ്പിച്ച ശേഷം, കേരള പൊലീസിന്റെ ബ്യൂഗിള്‍ സല്യൂട്ടോടെയും ഔദ്യോഗിക ബഹുമതികളോടെയും ഭൗതികശരീരം ചിതയിലേക്ക് എടുക്കുകയായിരുന്നു.

രാവിലെ എട്ട് മണിയോടെ ആശുപത്രിയില്‍ നിന്നും പറവൂര്‍ ടൗണ്‍ഹാളില്‍ എത്തിച്ച മൃതദേഹത്തില്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ ആയിരക്കണക്കിന് ജനങ്ങളാണ് ഒഴുകിയെത്തിയത്. ഉച്ചയ്ക്ക് ഒരു മണിവരെ നീണ്ട പൊതുദര്‍ശനത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍, കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി, എംഎല്‍എയും നടനുമായ രമേശ് പിഷാരടി, സംവിധായകന്‍ കമല്‍, നടന്‍ ജയറാം, നടി നവ്യ നായര്‍ തുടങ്ങി സിനിമാ-രാഷ്ട്രീയ-സാംസ്‌കാരിക മേഖലകളിലെ പ്രമുഖരും മന്ത്രിമാരും ജനപ്രതിനിധികളും അന്ത്യാഞ്ജലി അര്‍പ്പിച്ചു. തുടര്‍ന്ന് മൃതദേഹം പറവൂര്‍ ചിറ്റേത്തുകരയിലെ അദ്ദേഹത്തിന്റെ വസതിയായ 'ലാഫിങ് വില്ല'യില്‍ എത്തിച്ചപ്പോഴും പ്രിയതാരത്തെ ഒരുനോക്ക് കാണാന്‍ വന്‍ ജനവലി ദൃശ്യമായി. തുടര്‍ന്ന് ഉച്ചകഴിഞ്ഞ് മൂന്നര മണിയോടെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാരം.

മാല്യങ്കര എസ്എന്‍എം കോളേജിലെ പ്രീഡിഗ്രി പഠനകാലത്ത് മിമിക്രി രംഗത്തേക്ക് കടന്ന അദ്ദേഹം, സിനിമാ നടനാകണമെന്ന മോഹത്തോടെയാണ് എറണാകുളം മഹാരാജാസ് കോളേജില്‍ ബിരുദ പഠനത്തിന് ചേര്‍ന്നത്. എംജി സര്‍വ്വകലാശാല കലോത്സവത്തില്‍ തുടര്‍ച്ചയായി മൂന്ന് തവണ മിമിക്രിയില്‍ ഒന്നാം സ്ഥാനം നേടി തരംഗമായി. പിന്നീട് മലയാളം മിമിക്രിയുടെ പ്രധാന കേന്ദ്രമായിരുന്ന കൊച്ചിന്‍ കലാഭവന്‍, സാഗര്‍ തുടങ്ങിയ ട്രൂപ്പുകളിലൂടെ വേദികളില്‍ സജീവമായി. മെലിഞ്ഞ രൂപവും ഹാസ്യരസം മിന്നിമറയുന്ന മുഖവും വേറിട്ട ചിരിയുമായി ആരാധകരെ കയ്യിലെടുത്ത അദ്ദേഹത്തിന് 'കോമിക്കോള' എന്ന ടെലിവിഷന്‍ പ്രോഗ്രാമാണ് സിനിമയിലേക്കുള്ള വഴിതുറന്നത്. പ്രണയിനിയായ സുനിതയെ 1996 സെപ്റ്റംബര്‍ 14-ന് ജീവിതസഖിയാക്കിയതിന്റെ പിറ്റേന്നാണ് സിനിമയിലേക്ക് ആദ്യ വിളി വരുന്നത്. 'ഇഷ്ടമാണ് നൂറുവട്ടം' എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.

തുടര്‍ന്ന് 2000-ല്‍ പുറത്തിറങ്ങിയ 'തെങ്കാശിപ്പട്ടണം' എന്ന സൂപ്പര്‍ഹിറ്റ് ചിത്രം അദ്ദേഹത്തിന്റെ സിനിമാ ജീവിതം മാറ്റിമറിച്ചു. 2000 മുതല്‍ 2005 വരെയുള്ള കാലഘട്ടം സലിം കുമാര്‍ എന്ന നടന്റെ സുവര്‍ണ്ണകാലമായിരുന്നു. തെങ്കാശിപ്പട്ടണത്തിലെ കഥാപാത്രവും ഈ പറക്കും തളികയിലെ മായാണ്ടി, സിഐഡി മൂസയിലെ പേരില്ലാത്ത അനാഥന്‍, കല്യാണരാമനിലെ പ്യാരി, പുലിവാല്‍ കല്യാണത്തിലെ മണവാളന്‍, മീശമാധവനിലെ അഡ്വക്കേറ്റ് മുകുന്ദനുണ്ണി, മായാവി, തിളക്കം, ചതിക്കാത്ത ചന്തു, ചെസ്സ് തുടങ്ങിയ സിനിമകളിലെ മലയാളി ഇന്നും നെഞ്ചോട് ചേര്‍ക്കുന്ന അനശ്വരമായ നിരവധി ഹാസ്യ കഥാപാത്രങ്ങളിലൂടെ അദ്ദേഹം മലയാളത്തിലെ ഏറ്റവും മികച്ച കോമഡി താരങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തി. മൂന്ന് പതിറ്റാണ്ടോളം നീണ്ട സിനിമാ ജീവിതത്തില്‍ 320-ലധികം ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടു. മലയാളത്തിന് പുറമെ മൂന്ന് തമിഴ് സിനിമകളിലും ഒരു ഒഡിയ സിനിമയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ഹാസ്യനടന്‍ എന്ന ലേബലില്‍ മാത്രം ഒതുങ്ങാതെ ആഴമുള്ളതും സീരിയസ്സായതുമായ കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് സലിം കുമാര്‍ പില്‍ക്കാലത്ത് തെളിയിച്ചു. പെരുമഴക്കാലം, ഗ്രാമഫോണ്‍ തുടങ്ങിയ ചിത്രങ്ങള്‍ ഇതിന് അടിത്തറയിട്ടു. 2005-ല്‍ പുറത്തിറങ്ങിയ ലാല്‍ജോസ് ചിത്രം 'അച്ഛനുറങ്ങാത്ത വീട്' എന്ന സിനിമയിലെ സാമുവല്‍ എന്ന കഥാപാത്രത്തിലൂടെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അദ്ദേഹം സ്വന്തമാക്കി. തുടര്‍ന്ന് 2010-ല്‍ പുറത്തിറങ്ങിയ 'ആദാമിന്റെ മകന്‍ അബു' എന്ന ചിത്രത്തിലെ ഹൃദയസ്പര്‍ശിയായ പ്രകടനത്തിലൂടെ 2011-ലെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും സംസ്ഥാന പുരസ്‌കാരവും ഒരേവര്‍ഷം നേടി അദ്ദേഹം ഇന്ത്യന്‍ സിനിമയുടെ നെറുകയിലെത്തി. 2013-ല്‍ 'അയാളും ഞാനും തമ്മില്‍' എന്ന ചിത്രത്തിലൂടെ മികച്ച ഹാസ്യനടനായും 2013-ല്‍ മികച്ച ടെലിവിഷന്‍ നടനായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

അഭിനയത്തിന് പുറമെ സംവിധായകനായും തിരക്കഥാകൃത്തായും സലിം കുമാര്‍ കഴിവ് തെളിയിച്ചു. കമ്പാര്‍ട്ട്‌മെന്റ്, കറുത്ത ജൂതന്‍, ദൈവമേ കൈതൊഴാം കെ. കുമാറാകണം എന്നീ സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തു. ഇതില്‍ സ്വന്തമായി കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത 'കറുത്ത ജൂതന്‍' എന്ന ചിത്രത്തിലൂടെ 2016-ലെ മികച്ച കഥാകൃത്തിനുള്ള സംസ്ഥാന പുരസ്‌കാരവും അദ്ദേഹം കരസ്ഥമാക്കി. 'ഈശ്വരാ വഴക്കില്ലല്ലോ' എന്ന പേരില്‍ തന്റെ ഓര്‍മ്മക്കുറിപ്പുകളും അദ്ദേഹം പുസ്തകമാക്കിയിട്ടുണ്ട്. ഭാര്യ സുനിതയും, അച്ഛന്റെ കലാപാരമ്പര്യം പിന്തുടരുന്ന നടന്‍ ചന്തു, ആരോമല്‍ എന്നിവര്‍ മക്കളുമാണ്.