കണ്ണൂർ: കൊട്ടിയൂരിൽ അടുത്ത വർഷത്തെ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് തീർത്ഥാടകർക്കായി 150 ശുചിമുറികൾ കൂടി നിർമിക്കുമെന്ന് കൊട്ടിയൂർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ. ഗോകുൽ അറിയിച്ചു. കളക്ടറേറ്റിൽ നടന്ന വൈശാഖ മഹോത്സവത്തിന്റെ പ്രതിമാസ അവലോകനയോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. ഇതിന് പുറമെ അടുത്ത വർഷം കുടിവെള്ളത്തിനായി മൂന്ന് കുഴൽ കിണറുകൾ കൂടി നിർമ്മിക്കും.
ഈ വർഷത്തെ ഉത്സവ സീസൺ മികച്ച രീതിയിലാണ് നടന്നതെന്ന് യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ വിലയിരുത്തി. മാലിന്യസംസ്കരണം, ഗതാഗതം, പാർക്കിംഗ് എന്നീ മേഖലകളിൽ വലിയ പരാതികൾ ഉയർന്നുവന്നില്ലെന്ന് ജില്ലാ കളക്ടർ പി. വിഷ്ണുരാജ് പറഞ്ഞു. ഇതര സംസ്ഥാന തീർത്ഥാടകർ പുഴയിൽ തുണി ഉപേക്ഷിക്കുന്ന പ്രവണത കൃത്യമായ ബോധവൽക്കരണത്തിലൂടെ തടയാൻ സാധിച്ചതായും അദ്ദേഹം വ്യക്തമാക്കി. വരും വർഷങ്ങളിൽ കൂടുതൽ തീർത്ഥാടകർ എത്താൻ സാധ്യതയുള്ളതിനാൽ പ്രദേശവാസികൾക്ക് ഹോംസ്റ്റേ മാതൃക മികച്ച വരുമാനമാർഗമായി മാറ്റാമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂട്ടിച്ചേർത്തു.
പേരാവൂർ ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകളിൽ നിന്നുള്ള ഹരിതകർമ്മ സേനാംഗങ്ങളെ ശുചീകരണത്തിനായി നിയോഗിക്കും. ഇവരുടെ പട്ടിക ഉത്സവം തുടങ്ങുന്നതിന് ഒരു മാസം മുമ്പ് കൈമാറും. റോഡിന്റെ വശങ്ങൾ വൃത്തിയാക്കൽ, കുടിവെള്ള പൈപ്പുകൾക്കുള്ള കുഴിയെടുക്കൽ എന്നിവ ഉത്സവ സീസൺ തുടങ്ങുന്നതിന് മുൻപ് പൂർത്തിയാക്കാൻ തീരുമാനമായി. കൂടാതെ, കുടിവെള്ള ശുദ്ധീകരണത്തിനായി കേന്ദ്രീകൃത സംവിധാനം നടപ്പാക്കുന്നതിനെ കുറിച്ച് പരിശോധിക്കാൻ ജില്ലാ കളക്ടർ ജല അതോറിറ്റിക്ക് നിർദേശം നൽകി.
യോഗത്തിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ, തലശ്ശേരി സബ് കളക്ടർ ഇൻ-ചാർജ് സി.വി പ്രകാശൻ, ഇരിട്ടി തഹസിൽദാർ എൻ. സീമ, ഹുസൂർ ശിരസ്തദാർ രാജേഷ് ഖന്ന എന്നിവർക്കൊപ്പം പൊതുമരാമത്ത്, കെ.എസ്.ഇ.ബി, ആരോഗ്യം, ജല അതോറിറ്റി, പോലീസ്, വനം, അഗ്നിരക്ഷാസേന തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു

