ഹരിപ്പാട്: കരുവാറ്റയില്‍ വാടകവീട്ടില്‍ താമസിച്ചിരുന്ന ഗൃഹനാഥനെ കൊലപ്പെടുത്തി സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസില്‍ എട്ടാം ക്ലാസ്സുകാരിയായ പേരക്കുട്ടിയും പ്രായപൂര്‍ത്തിയാകാത്ത മൂന്ന് ആണ്‍സുഹൃത്തുക്കളും പോലീസ് കസ്റ്റഡിയില്‍. കേസില്‍ പ്രതികളെല്ലാം പ്രായപൂര്‍ത്തിയാകാത്തവരായതിനാല്‍ കൊല്ലപ്പെട്ടയാളുടെയോ പ്രതികളുടെയോ വിവരങ്ങള്‍ പോലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഹരിപ്പാട് കരുവാറ്റ ബ്ലോക്ക് പഞ്ചായത്ത് അതിര്‍ത്തിയിലെ ഒറ്റപ്പെട്ട വാടകവീട്ടില്‍ ശനിയാഴ്ച രാത്രിയാണ് കൊലപാതകം നടന്നതെന്നാണ് സൂചനകള്‍.
വനിതാ സി.ഐയുടെ നിര്‍ണ്ണായകമായ ചോദ്യം ചെയ്യലിലാണ് നാടിനെ നടുക്കിയ കൊലപാതകത്തിന്റെ ഭയാനകമായ ആസൂത്രണ വിവരങ്ങള്‍ പുറത്തുവന്നത്. തിങ്കളാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയ സംഭവസ്ഥലത്ത് പോലീസ് എത്തുമ്പോള്‍ എട്ടാം ക്ലാസ്സുകാരിയായ പെണ്‍കുട്ടി സ്ഥലത്തുണ്ടായിരുന്നു. ചോരക്കറ പുരണ്ട അന്തരീക്ഷത്തിലും പോലീസിനോട് തനിക്ക് പരീക്ഷ എഴുതാന്‍ സ്‌കൂളില്‍ പോകണമെന്ന് പെണ്‍കുട്ടി വീണ്ടും വീണ്ടും ആവശ്യപ്പെട്ടതാണ് സംശയത്തിന് വഴിവെച്ചത്.
പെണ്‍കുട്ടിയുടെ ഈ അസ്വാഭാവിക പെരുമാറ്റത്തില്‍ സംശയം തോന്നിയ അന്വേഷണ സംഘം ഉച്ചയ്ക്ക് ശേഷം ചോദ്യം ചെയ്യല്‍ ശക്തമാക്കി. വനിതാ സി.ഐയുടെ മനഃശാസ്ത്രപരമായ ചോദ്യം ചെയ്യലിന് മുന്നിലാണ് പെണ്‍കുട്ടി ഒടുവില്‍ സത്യം തുറന്നുപറഞ്ഞത്. താന്‍ നല്‍കിയ നിര്‍ദ്ദേശപ്രകാരമാണ് കൊലപാതകം നടന്നതെന്ന് 13-കാരി സമ്മതിക്കുകയായിരുന്നു.
മൂന്ന് വര്‍ഷമായി കരുവാറ്റയില്‍ വാടകയ്ക്ക് താമസിക്കുകയാണ് കൊല്ലപ്പെട്ടയാളുടെ കുടുംബം. നാട്ടുകാരുമായോ അയല്‍വാസികളുമായോ വലിയ സമ്പര്‍ക്കമില്ലാത്ത ഒറ്റപ്പെട്ട രീതിയിലായിരുന്നു ഇവരുടെ താമസം. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി പെണ്‍കുട്ടി കൊല്ലത്തുള്ള ബന്ധുവീട്ടിലായിരുന്നു താമസിച്ച് പഠിച്ചിരുന്നത്. അവിടെ വെച്ചാണ് കസ്റ്റഡിയിലുള്ള മറ്റ് കൗമാരക്കാരായ ആണ്‍സുഹൃത്തുക്കളെ പെണ്‍കുട്ടി പരിചയപ്പെടുന്നത്.
വിലപിടിപ്പുള്ള ഐഫോണും ആഡംബര ബൈക്കുകളും സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൗമാരസംഘം മോഷണവും കൊലപാതകവും ആസൂത്രണം ചെയ്തത്. മകള്‍ പ്രസവത്തിനായി ആശുപത്രിയിലായതിനാല്‍ ഗൃഹനാഥന്‍ വീട്ടില്‍ ഒറ്റയ്ക്കാകുന്ന ശനിയാഴ്ച രാത്രി തന്നെ പെണ്‍കുട്ടി പ്രതികള്‍ക്കായി തിരഞ്ഞെടുക്കുകയായിരുന്നു.
കൊലപാതകം നടത്താനായി കൊല്ലത്തു നിന്നും എത്തിയ സുഹൃത്തുക്കള്‍ക്ക് വീടിന്റെ വഴിയും ഗൃഹനാഥന്‍ തനിച്ചാണെന്ന വിവരവും പെണ്‍കുട്ടിയാണ് നല്‍കിയത്. കൃത്യം നടത്താന്‍ രാത്രി ഒമ്പത് മണിക്ക് ശേഷമാണ് കൗമാരസംഘം കരുവാറ്റയിലെ വീട്ടില്‍ എത്തിയത്. വീടിന്റെ അടുക്കള വാതിലിലെ ഗ്രില്ലിലൂടെ കൈയിട്ട് സാക്ഷ മാറ്റിയാണ് അക്രമികള്‍ അകത്തുകയറിയത്.
പിടിക്കപ്പെടാതിരിക്കാന്‍ കടുത്ത മുന്‍കരുതലുകളാണ് പ്രായപൂര്‍ത്തിയാകാത്ത പ്രതികള്‍ സ്വീകരിച്ചത്. പ്രധാന പ്രതിയടക്കം ആരും തന്നെ സ്വന്തം മൊബൈല്‍ ഫോണുകള്‍ കൈവശം കരുതിയിരുന്നില്ല. മുന്‍ വൈരാഗ്യവും മോഷണശ്രമവുമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഗൃഹനാഥന്റെ കൈകാലുകള്‍ കിടക്കവിരിയും തുണികളും ഉപയോഗിച്ച് കൂട്ടിക്കെട്ടി കഴുത്തില്‍ തുണി മുറുക്കിയാണ് കൊലപ്പെടുത്തിയത്.
കൃത്യത്തിനു ശേഷം കിടപ്പുമുറിയിലെ അലമാര പൊളിച്ച് സ്വര്‍ണ്ണാഭരണങ്ങളും പണവും കവര്‍ന്നു. കൊലപാതകത്തിന് ശേഷം ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണ്‍ വഴി പെണ്‍കുട്ടിയെ കാണിച്ചുകൊടുക്കുകയും ചെയ്തു. അന്വേഷണം വഴിതിരിച്ചുവിടാന്‍ വീട്ടിലുണ്ടായിരുന്ന മുളകുപൊടി തറയിലും വാതില്‍ പടികളിലും വിതറിയ ശേഷമാണ് സംഘം മടങ്ങിയത്.
സംഭവത്തില്‍ ലഹരിമാഫിയയുടെ സാന്നിധ്യമുണ്ടോ എന്ന കാര്യവും പോലീസ് ശക്തമായി സംശയിക്കുന്നുണ്ട്. കസ്റ്റഡിയിലുള്ള കൗമാരക്കാര്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എ. ഉപയോഗിച്ചിരുന്നോ എന്നും ഇതിന് പിന്നില്‍ വന്‍ ലഹരി ശൃംഖല പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും പോലീസ് വിശദമായി അന്വേഷിച്ച് വരികയാണ്.
മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ നിന്നും ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് സര്‍ജന്റെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കും. പ്രായപൂര്‍ത്തിയാകാത്ത പ്രതികളെ നടപടിക്രമങ്ങള്‍ക്ക് ശേഷം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കും.
