കേന്ദ്ര സർക്കാരിനെയും ബിജെപിയെയും ഞെട്ടിച്ച് പുതിയ സോഷ്യൽ മീഡിയ മൂവ്മെന്‍റ്. ‘ഇ20 ജനതാ പാർട്ടി’ എന്ന പേരിൽ ഒരു പുതിയ അക്കൗണ്ട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ‘ഇ20 ജനതാ പാർട്ടി 100 ശതമാനം ശുദ്ധമായ പെട്രോൾ വാങ്ങാനുള്ള ഓരോ പൗരന്‍റെയും അവകാശത്തിനായി പോരാടുന്നു. ഉപഭോക്താക്കൾ അവരുടെ ഇന്ധന ടാങ്കുകളിലേക്ക് എന്ത് പോകണമെന്ന് തീരുമാനിക്കട്ടെ’ എന്നാണ് അക്കൗണ്ടിന്റെ ബയോയിൽ വ്യക്തമാക്കിയിരിക്കുന്നത്.
ശുദ്ധമായ പെട്രോളും ലഭ്യമാക്കണമെന്നാണ് ഇവര്‍ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നത്. ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ സമരത്തിന് ലഭിച്ച ശ്രദ്ധയ്ക്ക് പിന്നാലെയാണ് ഈ പുതിയ അക്കൗണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
അതേസമയം, രാജ്യത്ത് ഉപയോഗിക്കുന്ന ഇ20 പെട്രോൾ (20 ശതമാനം എഥനോൾ ചേർത്ത പെട്രോൾ) പൂർണമായും സുരക്ഷിതവും പരിസ്ഥിതി സൗഹാർദപരവുമായ ഇന്ധനമാണെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. എഥനോൾ കലർത്താത്ത പഴയ പെട്രോളിലേക്ക് ഇനി ഒരു തിരിച്ചു പോക്കില്ലെന്ന് പെട്രോളിയം, പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി പാർലമെന്‍റിനെ അറിയിച്ചിരുന്നു. അതേ സമയം 20 ശതമാനത്തിൽ കൂടുതൽ എഥനോൾ പെട്രോളിൽ കലർത്താൻ ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

