രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ 2027ൽ ഓടിത്തുടങ്ങും: പുതിയ മൂന്ന് കോറിഡോറുകൾ പ്രഖ്യാപിച്ച് അശ്വിനി വൈഷ്ണവ്

രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ 2027ൽ ഓടിത്തുടങ്ങും: പുതിയ മൂന്ന് കോറിഡോറുകൾ പ്രഖ്യാപിച്ച് അശ്വിനി വൈഷ്ണവ് 


ഹൈദരാബാദ്: രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതി അതിവേഗം പുരോഗമിക്കുകയാണെന്നും മുംബൈ-അഹമ്മദാബാദ് റൂട്ടിലെ ആദ്യ ഘട്ടം അടുത്ത വർഷം സർവീസ് ആരംഭിക്കുമെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഹൈദരാബാദിൽ നടന്ന ബിസിനസ്സ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(India’s First Bullet Train Service To Begin Next Year Announces Ashwini Vaishnaw)

ഗുജറാത്തിലെ സൂരത്തിനും ബിലിമോറയ്ക്കും ഇടയിലുള്ള റൂട്ടിലാണ് ആദ്യ ഘട്ടത്തിൽ ബുള്ളറ്റ് ട്രെയിൻ സർവീസ് ആരംഭിക്കുന്നത്. തുടർന്ന് വാപി-സൂരത്, വാപി-അഹമ്മദാബാദ്, അഹമ്മദാബാദ്-താനെ, ഒടുവിൽ അഹമ്മദാബാദ്-മുംബൈ എന്നിങ്ങനെ ഘട്ടങ്ങളായി മറ്റ് സെക്ഷനുകളും കമ്മീഷൻ ചെയ്യും. ബുള്ളറ്റ് ട്രെയിനുകൾ നിർമ്മിക്കാനുള്ള ശേഷി ഇന്ത്യ ഇപ്പോൾ കൈവരിച്ചതായും ഉയർന്ന വേഗതയുള്ള റെയിൽ ശൃംഖല പ്രാദേശിക സാമ്പത്തിക വളർച്ചയ്ക്ക് വലിയ ഊർജ്ജം പകരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഹൈദരാബാദിനെ പുണെ, ചെന്നൈ, ബെംഗളൂരു എന്നിവയുമായി ബന്ധിപ്പിക്കുന്ന മൂന്ന് പുതിയ ഹൈ-സ്പീഡ് റെയിൽ കോറിഡോറുകളും കേന്ദ്രസർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മന്ത്രി അറിയിച്ചു. നിർദ്ദിഷ്ട മുംബൈ-പുണെ ബുള്ളറ്റ് ട്രെയിൻ കോറിഡോർ യാഥാർത്ഥ്യമാകുന്നതോടെ 170 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ വെറും 48 മിനിറ്റ് മാത്രം മതിയാകും. പുണെ-ഹൈദരാബാദ് റൂട്ടിലെ 500 കിലോമീറ്റർ യാത്ര വെറും രണ്ട് മണിക്കൂറും എട്ട് മിനിറ്റുമായി ചുരുങ്ങും. കേന്ദ്രത്തിന്റെ ‘നവ്-നിർമ്മാൺ’ പദ്ധതിക്ക് കീഴിൽ രാജ്യത്തുടനീളമുള്ള 261 റെയിൽവേ സ്റ്റേഷനുകൾ ഇതിനകം നവീകരിച്ചതായും സെക്കന്തരാബാദ് സ്റ്റേഷന്റെ വികസന ജോലികൾ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി