
പാലക്കാട്: കൂട്ടുകാർക്കൊപ്പം കൊടൈക്കനാലിലേക്ക് ടൂർ പോയ പാലക്കാട് സ്വദേശിയായ യുവാവിനെ മൂന്നാഴ്ചയായി കാണാനില്ലെന്ന് പരാതി. തച്ചമ്പാറ മുരിങ്ങേനി സ്വദേശി വിഷ്ണുവിനെയാണ് (31) ദുരൂഹ സാഹചര്യത്തിൽ കാണാതായത്. സംഭവത്തിൽ കല്ലടിക്കോട് പൊലീസിലും കൊടൈക്കനാൽ പൊലീസിലും കുടുംബം പരാതി നൽകിയെങ്കിലും അന്വേഷണം കാര്യക്ഷമമല്ലെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി.
ആറ് സുഹൃത്തുക്കൾക്കൊപ്പമാണ് ജൂൺ 28-ന് വിഷ്ണു കൊടൈക്കനാലിലേക്ക് യാത്ര തിരിഞ്ഞത്. തുടർന്ന് കൊടൈക്കനാലിലെ ഹോം സ്റ്റേയിൽ താമസിച്ച് വരികയായിരുന്ന വിഷ്ണുവിനെ ജൂൺ 30 മുതലാണ് കാണാതാകുന്നത്.
ഇതിനുശേഷം വിഷ്ണുവിന്റെ ഫോൺ പൂർണ്ണമായും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. മൂന്നാഴ്ച പിന്നിട്ടിട്ടും മകനെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തതിനെ തുടർന്നാണ് പൊലീസിന്റെ ഭാഗത്തുനിന്ന് കൃത്യമായ അന്വേഷണം ഉണ്ടാകുന്നില്ലെന്ന് കാട്ടി കുടുംബം പ്രതിഷേധം അറിയിച്ചത്.
