റോഡുകൾ എല്ലാം പൊട്ടി ഒലിച്ചുപോയി; കരകവിഞ്ഞൊഴുകുന്ന നദികൾ; ശക്തമായ മഴയിൽ പല പ്രദേശങ്ങളും പ്രളയത്തിൽ മുങ്ങുന്ന കാഴ്ച; ജമ്മു കശ്മീരിനെ നടുക്കി മേഘവിസ്ഫോടനം; പത്ത് പേർക്ക് ദാരുണാന്ത്യം; രക്ഷാപ്രവർത്തനത്തിന് സൈന്യം



റോഡുകൾ എല്ലാം പൊട്ടി ഒലിച്ചുപോയി; കരകവിഞ്ഞൊഴുകുന്ന നദികൾ; ശക്തമായ മഴയിൽ പല പ്രദേശങ്ങളും പ്രളയത്തിൽ മുങ്ങുന്ന കാഴ്ച; ജമ്മു കശ്മീരിനെ നടുക്കി മേഘവിസ്ഫോടനം; പത്ത് പേർക്ക് ദാരുണാന്ത്യം; രക്ഷാപ്രവർത്തനത്തിന് സൈന്യം



ശ്രീനഗർ: ജമ്മു കശ്മീരിലെ വിവിധ പ്രദേശങ്ങളിൽ കനത്ത നാശനഷ്ടം വിതച്ച് മേഘവിസ്ഫോടനവും മിന്നൽ പ്രളയവും. അതിരൂക്ഷമായ മഴക്കെടുതിയിൽ ഇതുവരെ പത്ത് പേർ മരണപ്പെട്ടതായാണ് ഔദ്യോഗിക സ്ഥിരീകരണം. രജൗരി, സുരാൻകോട്ട്, കിഷ്ത്വാർ തുടങ്ങിയ മേഖലകളിലാണ് പ്രളയം കനത്ത ആഘാതം സൃഷ്ടിച്ചത്. മലവെള്ളപ്പാച്ചിലിൽ രജൗരിയിൽ റോഡുകൾ ഒലിച്ചുപോയതിനെ തുടർന്ന് ജില്ലാ ഭരണകൂടം അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

നദികളിൽ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്നതോടെ തീരപ്രദേശങ്ങളിലുള്ളവർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രളയത്തെ തുടർന്ന് ജമ്മു-ശ്രീനഗർ ദേശീയപാതയിലെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. തെക്കൻ കശ്മീരിലും സമാനമായ രീതിയിൽ മഴക്കെടുതി രൂക്ഷമാണ്. പ്രാഥമിക വിലയിരുത്തലുകൾ പ്രകാരം ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ദുരന്തബാധിത പ്രദേശങ്ങളിൽ കരസേനയുടെ നേതൃത്വത്തിൽ അതിസാഹസികമായ രക്ഷാപ്രവർത്തനമാണ് പുരോഗമിക്കുന്നത്. തവി നദിയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കുടുങ്ങിപ്പോയ കുട്ടികളെയടക്കമുള്ളവരെ സൈന്യം സുരക്ഷിതമായി കരയ്ക്കെത്തിച്ചു. ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായങ്ങളും എത്തിക്കുമെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഉറപ്പുനൽകി. ജമ്മുവിലെത്തിയ അദ്ദേഹം ഉന്നതതല യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയും ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.