നാല് മണിക്കൂര്‍ മാരത്തണ്‍ യോഗം; അമിത് ഷായുടെ തന്ത്രപരമായ നീക്കം! ആശുപത്രി ഉറപ്പുകള്‍ നല്‍കി നദ്ദയും ജിതേന്ദ്ര സിംഗും; വിദ്യാര്‍ത്ഥികള്‍ക്കും പ്രക്ഷോഭകര്‍ക്കുമെതിരെ കേസെടുക്കില്ല; മതിയായ നഷ്ടപരിഹാരം; സോനം വാങ്ചുക്കിന്റെ നിരാഹാരമവസാനിപ്പിക്കലിന് പിന്നിലെ നാടകീയ നീക്കങ്ങള്‍

നാല് മണിക്കൂര്‍ മാരത്തണ്‍ യോഗം; അമിത് ഷായുടെ തന്ത്രപരമായ നീക്കം! ആശുപത്രി  ഉറപ്പുകള്‍ നല്‍കി നദ്ദയും ജിതേന്ദ്ര സിംഗും; വിദ്യാര്‍ത്ഥികള്‍ക്കും പ്രക്ഷോഭകര്‍ക്കുമെതിരെ കേസെടുക്കില്ല; മതിയായ നഷ്ടപരിഹാരം; സോനം വാങ്ചുക്കിന്റെ നിരാഹാരമവസാനിപ്പിക്കലിന് പിന്നിലെ നാടകീയ നീക്കങ്ങള്‍


ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ ഉയര്‍ന്നുവന്ന ശക്തമായ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍, സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക് 26 ദിവസം നീണ്ടുനിന്ന നിരാഹാര സമരം അവസാനിപ്പിച്ചത് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുകൂലമായ ഉറപ്പുകള്‍ ലഭിച്ചതിനെ തുടര്‍ന്ന്. വ്യാഴാഴ്ച രാത്രി ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ വെച്ചാണ് അദ്ദേഹം ഉപവാസം അവസാനിപ്പിച്ചത്. കേന്ദ്രമന്ത്രിമാരായ ജെ.പി നദ്ദ, ഡോ. ജിതേന്ദ്ര സിംഗ് എന്നിവര്‍ ആശുപത്രിയിലെത്തി സര്‍ക്കാരിന്റെ ഉറപ്പുകള്‍ രേഖാമൂലം കൈമാറുകയായിരുന്നു.

അമിത് ഷായുടെ അടിയന്തര യോഗവും നയതന്ത്ര നീക്കങ്ങളും

വിദ്യാര്‍ത്ഥി പ്രക്ഷോഭം രാജ്യതലസ്ഥാനത്ത് കനക്കുകയും 26 ദിവസത്തെ ഉപവാസം കാരണം സോനം വാങ്ചുകിന്റെ ആരോഗ്യനില അതീവ ഗുരുതരമാകുകയും ചെയ്തതോടെ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തുകയായിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ നാല് മണിക്കൂര്‍ നീണ്ട ഉന്നതതല യോഗം ചേര്‍ന്നു. ആരോഗ്യ മന്ത്രി ജെ.പി നദ്ദയും പി.എം.ഒ സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗും യോഗത്തില്‍ പങ്കെടുത്തു. വാങ്ചുകിന്റെ ജീവന്‍ രക്ഷിക്കുന്നതിനും അദ്ദേഹം ഉന്നയിച്ച ന്യായമായ ആവശ്യങ്ങളോട് അനുകൂലമായി പ്രതികരിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി.

നിഷ്പക്ഷ വേദിയിലെ ചര്‍ച്ചയും ഭേദഗതി ബില്ലും

ആഭ്യന്തരമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്, വാങ്ചുകിന്റെ ഭാര്യ ഗീതാഞ്ജലി ആങ്‌മോയുമായി ഫോണില്‍ സംസാരിക്കുകയും സര്‍ക്കാരിന്റെ പിന്തുണ അറിയിക്കുകയും ചെയ്തു. സമരം നയിക്കുന്ന സി.ജെ.പി (CJP) നേതാക്കള്‍ കേന്ദ്രമന്ത്രിമാരുടെ വസതിയിലെ ചര്‍ച്ച നിരസിക്കുകയും പൊതുവേദിയില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതംഗീകരിച്ച സര്‍ക്കാര്‍, വെള്ളിയാഴ്ച നിഷ്പക്ഷ വേദിയില്‍ വെച്ച് സമരക്കാരുടെ പ്രതിനിധികളുമായി ഔദ്യോഗിക ചര്‍ച്ച നടത്താമെന്ന് സമ്മതിച്ചു.

കൂടാതെ, ചോദ്യപേപ്പര്‍ ചോര്‍ച്ചയും പരീക്ഷാ തട്ടിപ്പുകളും തടയുന്നതിനായി DoPT കൈകാര്യം ചെയ്യുന്ന കര്‍ശനമായ പുതിയ ബില്‍ അടുത്ത ആഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും കേന്ദ്രം ഉറപ്പുനല്‍കി.

വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുക്കില്ല; ആത്മഹത്യ ചെയ്തവര്‍ക്ക് നഷ്ടപരിഹാരം

ആശുപത്രിയിലെത്തി നദ്ദയും ജിതേന്ദ്ര സിംഗും വായിച്ചുകേള്‍പ്പിച്ച രേഖയില്‍ പ്രധാനമായും മൂന്ന് കാര്യങ്ങളാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്

1. ജന്തര്‍ മന്ദറിലും പാര്‍ലമെന്റിലേക്കും സമാധാനപരമായി പ്രതിഷേധ മാര്‍ച്ച് നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കും പ്രക്ഷോഭകര്‍ക്കുമെതിരെ കേസെടുക്കില്ല.

2. നീറ്റ് ചോര്‍ച്ചയെ തുടര്‍ന്ന് ആത്മഹത്യ ചെയ്യേണ്ടിവന്ന വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് അനുയോജ്യമായ നഷ്ടപരിഹാരം നല്‍കുന്നത് സര്‍ക്കാര്‍ അനുകമ്പയോടെ പരിഗണിക്കും.

3.വിദ്യാഭാസ പരിഷ്‌കരണങ്ങളെക്കുറിച്ചും പരീക്ഷാ തട്ടിപ്പുകളെക്കുറിച്ചും പാര്‍ലമെന്റില്‍ വിപുലമായ ചര്‍ച്ച അനുവദിക്കും.

പ്രധാനമന്ത്രിയുടെ സന്ദേശവും വാങ്ചുകിന്റെ പ്രതികരണവും

വാങ്ചുക് ഉപവാസം അവസാനിപ്പിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്തോഷം പങ്കുവെച്ചു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ദിനചര്യകള്‍ പാലിക്കാനും വേഗത്തില്‍ ആരോഗ്യം വീണ്ടെടുക്കാനും പ്രധാനമന്ത്രി ആശംസിച്ചു.

തുടര്‍ന്ന് സംസാരിച്ച സോനം വാങ്ചുക്, സര്‍ക്കാരിന്റെ ഉറപ്പുകളില്‍ വിശ്വാസമര്‍പ്പിക്കാന്‍ വിദ്യാര്‍ത്ഥികളോട് അഭ്യര്‍ത്ഥിച്ചു. സമരം ക്രിയാത്മകമായ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകുമെന്നും, ജനകീയ പ്രക്ഷോഭത്തെ വഞ്ചിക്കാന്‍ നോക്കുന്ന 'സാമൂഹിക വിരുദ്ധ ശക്തികളുടെ' സ്വാധീനത്തില്‍ വിദ്യാര്‍ത്ഥികള്‍ പെടരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ആരോഗ്യം വീണ്ടെടുത്ത ശേഷം ലഡാക്കിലേക്ക് മടങ്ങാനാണ് അദ്ദേഹത്തിന്റെ തീരുമാനം.