സംസ്ഥാനത്ത് ഇന്ന് നടക്കേണ്ടിയിരുന്ന പി.എസ്.സി പരീക്ഷകളുടെ ചോദ്യപേപ്പർ മാറി നൽകിയതിനെത്തുടർന്ന് പരീക്ഷകൾ റദ്ദാക്കി.

'രണ്ടുമണിക്ക് നടക്കേണ്ട പരീക്ഷയാണ്..'; ഉച്ചയ്ക്കത്തെ..ചോദ്യപേപ്പര്‍ രാവിലെ കൊടുത്തു; ആലപ്പുഴയില്‍ ലജനത് സ്‌കൂളിലെ പിഴവില്‍ പെരുവഴിയിലായത് ആയിരക്കണക്കിന് പാവം ഉദ്യോഗാര്‍ത്ഥികള്‍; പി.എസ്.സി ലാസ്റ്റ് ഗ്രേഡ് പരീക്ഷ മാറ്റിവെച്ചു; വിവാദങ്ങള്‍ക്കിടെ പി.എസ്.സിക്ക് വലിയ വീഴ്ച്ച


ആലപ്പുഴ: സംസ്ഥാനത്ത് ഇന്ന് നടക്കേണ്ടിയിരുന്ന പി.എസ്.സി പരീക്ഷകളുടെ ചോദ്യപേപ്പർ മാറി നൽകിയതിനെത്തുടർന്ന് പരീക്ഷകൾ റദ്ദാക്കി. പത്താം ക്ലാസ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ള വിവിധ തസ്തികകളിലേക്ക് ഇന്ന് ഉച്ചയ്ക്ക് രണ്ടിന് നടക്കേണ്ടിയിരുന്ന എൽ.ജി.എസ് (ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ്), സ്റ്റോർമാൻ പരീക്ഷകളാണ് സംസ്ഥാനവ്യാപകമായി റദ്ദാക്കിയത്. ആലപ്പുഴ ലജനത് സ്കൂളിലെ പരീക്ഷാ കേന്ദ്രത്തിലാണ് ഗുരുതരമായ ഈ വീഴ്ച സംഭവിച്ചത്.

ഇന്ന് രാവിലെ നടന്ന പരീക്ഷയ്ക്കായി വിതരണം ചെയ്തത് ഉച്ചയ്ക്ക് നടക്കേണ്ടിയിരുന്ന പരീക്ഷയുടെ ചോദ്യപേപ്പറായിരുന്നു. പരീക്ഷാ നടത്തിപ്പിൽ സംഭവിച്ച ഈ വൻ അപാകത ശ്രദ്ധയിൽപ്പെട്ടതോടെ ഉച്ചയ്ക്ക് ഒരു മണിയോടെ പരീക്ഷകൾ റദ്ദാക്കുകയാണെന്ന് പി.എസ്.സി അധികൃതർ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. സാങ്കേതിക കാരണങ്ങളാലാണ് പരീക്ഷകൾ മാറ്റിവെച്ചതെന്നാണ് പി.എസ്.സിയുടെ വിശദീകരണം.

മാസങ്ങളോളം കഠിനമായി പരിശ്രമിച്ച് പരീക്ഷയ്ക്കായി തയ്യാറെടുത്ത് പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിയ ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളാണ് പി.എസ്.സിയുടെ ഈ ഗുരുതരമായ അനാസ്ഥ കാരണം ദുരിതത്തിലായത്. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. പരീക്ഷാ നടത്തിപ്പിലെ സുരക്ഷാ വീഴ്ചയെക്കുറിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.