പെട്ടെന്ന് ഫ്രീസറിലെ 'ഐസ്' കട്ട സാക്ഷാൽ 'ശിവലിംഗ'ത്തിന്റെ രൂപമായി മാറി; പിന്നെ പറയണോ..കഥ; ആഗ്രയിലെ വിചിത്രമായ കാഴ്ചയിൽ ഞെട്ടൽ; പ്രാർത്ഥിക്കാൻ ഓടിയെത്തി വിശ്വാസികൾ

പെട്ടെന്ന് ഫ്രീസറിലെ 'ഐസ്' കട്ട സാക്ഷാൽ 'ശിവലിംഗ'ത്തിന്റെ രൂപമായി മാറി; പിന്നെ പറയണോ..കഥ; ആഗ്രയിലെ വിചിത്രമായ കാഴ്ചയിൽ ഞെട്ടൽ; പ്രാർത്ഥിക്കാൻ ഓടിയെത്തി വിശ്വാസികൾ



ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിലുള്ള ഭുജയിൽ സിംഗിൾ ഡോർ ഫ്രിഡ്ജിന്റെ ഫ്രീസറിനുള്ളിൽ രൂപപ്പെട്ട ഐസ് കട്ടയെച്ചൊല്ലി വലിയ ചർച്ചകളും അത്ഭുതക്കാഴ്ചകളും അരങ്ങേറുന്നു. ഫ്രീസറിനുള്ളിൽ രൂപപ്പെട്ട ഐസ് കട്ടയ്ക്ക് ശിവലിംഗത്തിന്റെ ആകൃതിയുണ്ടെന്ന വാർത്ത പരന്നതോടെ, വീട്ടുടമയുടെ വസതിയിലേക്ക് പ്രാർത്ഥനയുമായി നിരവധി വിശ്വാസികളാണ് എത്തിക്കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് വീട്ടുടമ ഫ്രീസറിനുള്ളിൽ വിചിത്രമായ ആകൃതിയിൽ ഐസ് കട്ട രൂപപ്പെട്ടത് ശ്രദ്ധിക്കുന്നത്. വിവരം അയൽവാസികളുമായി പങ്കുവെച്ചതോടെ സംഭവം കാണാൻ ആളുകൾ കൂട്ടത്തോടെ എത്തിത്തുടങ്ങി. എത്തിയവരിൽ പലരും ഫ്രിഡ്ജിന്റെ ഫ്രീസറിനുള്ളിലേക്ക് നാണയങ്ങളും പൂഷ്പങ്ങളും സമർപ്പിച്ച് പൂജകളും പ്രാർത്ഥനകളും ആരംഭിച്ചു. ഫ്രീസറിലെ ഐസ് കട്ടയെ ജമ്മു കശ്മീരിലെ അമർനാഥ് ഗുഹയിൽ രൂപപ്പെടുന്ന മഞ്ഞുലിംഗത്തോടാണ് ദർശനത്തിനെത്തിയവർ താരതമ്യം ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അമർനാഥിലെ മഞ്ഞുരുകുന്ന സമയമായതിനാൽ ഭഗവാൻ ഫ്രിഡ്ജിനുള്ളിൽ ദർശനം നൽകിയതാണെന്നാണ് പൂജയ്ക്കായി എത്തിയ ചില യുവാക്കൾ അഭിപ്രായപ്പെടുന്നത്. എന്നാൽ, സംഭവത്തിനെതിരെ കടുത്ത വിമർശനവും സാമൂഹ്യമാധ്യമങ്ങളിൽ ഉയരുന്നുണ്ട്. ഫ്രിഡ്ജിന്റെ സാങ്കേതിക തകരാറുകൾ മൂലമോ ഡിഫ്രോസ്റ്റ് ചെയ്യാത്തതിനാലോ സ്വാഭാവികമായി ഉണ്ടാകുന്ന ഐസ് കട്ടയെ ദൈവീകമായി ചിത്രീകരിക്കുന്നത് അന്ധവിശ്വാസമാണെന്നാണ് യുക്തിവാദികളും ഒരുവിഭാഗം നെറ്റിസൺസും ചൂണ്ടിക്കാണിക്കുന്നത്.

ഇത്തരം അന്ധവിശ്വാസങ്ങളിൽ നിന്ന് രാജ്യം മുക്തമായാൽ മാത്രമേ യഥാർത്ഥ പുരോഗതി കൈവരിക്കാനാകൂ എന്ന തരത്തിലുള്ള പ്രതികരണങ്ങളും വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്. ശാസ്ത്രീയമായ കാരണങ്ങൾ നിലനിൽക്കുമ്പോഴും, ഇതിനെ പൂർണ്ണമായും വിശ്വാസവുമായി ബന്ധപ്പെടുത്തി കാണാനാണ് എത്തുന്നവരിൽ ഭൂരിഭാഗം ആളുകളും താല്പര്യപ്പെടുന്നത്. പ്രദേശത്ത് ഇപ്പോഴും ഈ കാഴ്ച കാണാനായി ജനത്തിരക്ക് തുടരുകയാണ്