
കൊച്ചി: കൊച്ചിയില്‍ ഭക്ഷ്യവിഷബാധ. കതൃക്കടവിലുള്ള അല്‍ റീം കുഴിമന്തി റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച അന്‍പതോളം പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കഴിഞ്ഞ ബുധനാഴ്ച മുതല്‍ ഇവിടെനിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് വയറുവേദനയും അസ്വസ്ഥതകളും അനുഭവപ്പെട്ടത്. തുടര്‍ന്ന് പത്തോളം പേര്‍ കടവന്ത്രയിലെ ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലടക്കം ചികിത്സ തേടുകയായിരുന്നു. അടുത്തടുത്ത ദിവസങ്ങളിലും ഇവിടുന്ന് മന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. മൊത്തം അമ്പതോളം പേര്‍ ചികിത്സ തേടിയിട്ടുണ്ട്.
ഭക്ഷ്യസുരക്ഷാ വകുപ്പിന് ഇന്നലെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയും ഹോട്ടലിന്റെ പ്രവര്‍ത്തനം അടിയന്തരമായി നിര്‍ത്തിവെപ്പിക്കുകയും ചെയ്തു. തുടര്‍നടപടികളുടെ ഭാഗമായി ഇന്ന് രാവിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു.
റസ്റ്റോറന്റില്‍ നിന്ന് ശേഖരിച്ച ഭക്ഷണ സാമ്പിളുകള്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
