'സമരം ചെയ്താല്‍ പോക്കറ്റില്‍ കഞ്ചാവ് വെച്ച് ജയിലിലടയ്ക്കും; ശിഷ്ടകാലം ജയിലില്‍ കിടക്കാം'; നീറ്റ് ക്രമക്കേടുകള്‍ക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥി സമരക്കാരെ വ്യാജ ലഹരിമരുന്ന് കേസില്‍ കുടുക്കുമെന്ന് പോലീസിന്റെ ഭീഷണി; വിദ്യാര്‍ഥികള്‍ വീഡിയോയില്‍ പകര്‍ത്തി പുറത്തുവിട്ടതോടെ മുംബൈ പോലീസ് വെട്ടില്‍; മുഖം രക്ഷിക്കാന്‍ ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍; കരുതല്‍ തടങ്കലിനുള്ള അധികാരം നീട്ടിയ ഡല്‍ഹി പോലീസ്

'സമരം ചെയ്താല്‍ പോക്കറ്റില്‍ കഞ്ചാവ് വെച്ച് ജയിലിലടയ്ക്കും; ശിഷ്ടകാലം ജയിലില്‍ കിടക്കാം'; നീറ്റ് ക്രമക്കേടുകള്‍ക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥി സമരക്കാരെ വ്യാജ ലഹരിമരുന്ന് കേസില്‍ കുടുക്കുമെന്ന് പോലീസിന്റെ ഭീഷണി; വിദ്യാര്‍ഥികള്‍ വീഡിയോയില്‍ പകര്‍ത്തി പുറത്തുവിട്ടതോടെ മുംബൈ പോലീസ് വെട്ടില്‍; മുഖം രക്ഷിക്കാന്‍ ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍; കരുതല്‍ തടങ്കലിനുള്ള അധികാരം നീട്ടിയ ഡല്‍ഹി പോലീസ്


മുംബൈ: നീറ്റ് പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ തെരുവിലിറങ്ങി പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ നാര്‍ക്കോട്ടിക് കേസില്‍ കുടുക്കി ജീവിതം തകര്‍ക്കുമെന്ന് മുംബൈ പോലീസിന്റെ തുറന്ന ഭീഷണി. സമരക്കാര്‍, സംഭവം സമര്‍ത്ഥമായി ഫോണില്‍ പകര്‍ത്തി വിദ്യാര്‍ത്ഥികള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടതോടെ മുംബൈ പോലീസ് കടുത്ത പ്രതിരോധത്തിലായി. സംഭവം വന്‍ വിവാദമായതോടെ മുഖം രക്ഷിക്കാന്‍ ഭീഷണിപ്പെടുത്തിയ പോലീസ് ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് മുംബൈ പോലീസ് ഉന്നതര്‍.

ഡല്‍ഹിയില്‍ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന രാജ്യവ്യാപക വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് മുംബൈയിലും വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങിയത്. ഈ പ്രതിഷേധം അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ക്കിടയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.

സമരവുമായി മുന്നോട്ട് പോകുന്ന വിദ്യാര്‍ത്ഥികളെ വ്യാജ കേസില്‍ കുടുക്കുമെന്നായിരുന്നു പോലീസ് വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറുടെ ഭീഷണി. വിദ്യാര്‍ത്ഥികളുടെ കയ്യിലോ പോക്കറ്റിലോ അറിയാതെ മയക്കുമരുന്ന് വെച്ചുപിടിപ്പിക്കുമെന്നും, കടുത്ത നാര്‍ക്കോട്ടിക് (ചഉജട) നിയമപ്രകാരം കേസെടുത്ത് ശിഷ്ട ജീവിതകാലം മുഴുവന്‍ ജയിലിലടയ്ക്കുമെന്നും ഇയാള്‍ പരസ്യമായി മുന്നറിയിപ്പ് നല്‍കുന്നത് പുറത്തുവന്ന വീഡിയോയില്‍ വ്യക്തമാണ്.

വീഡിയോ വൈറലായതോടെ പോലീസിന്റെ അധാര്‍മ്മിക നടപടിക്കെതിരെ രാജ്യമെമ്പാടും കടുത്ത പ്രതിഷേധവും അമര്‍ഷവും അണപൊട്ടി. തുടര്‍ന്നാണ് സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതും ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ നിലവിലെ ചുമതലകളില്‍ നിന്ന് നീക്കി സസ്‌പെന്‍ഡ് ചെയ്തതും. അതേസമയം, മഹാരാഷ്ട്രയില്‍ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ മുംബൈ പോലീസ് വേറെയും തന്ത്രങ്ങള്‍ മെനയുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ വീടുകള്‍ സന്ദര്‍ശിച്ചും ഫോണുകളിലേക്ക് നേരിട്ട് വിളിച്ചും വലിയ തോതില്‍ ഭീഷണിപ്പെടുത്തുന്നുണ്ട്.

പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവര്‍ തങ്ങളുടെ വാട്സാപ്പ് ലൈവ് ലൊക്കേഷന്‍ നിരന്തരം സ്റ്റേഷനിലേക്ക് ഷെയര്‍ ചെയ്യണമെന്ന് ആവശ്യപ്പെടുന്നതായി പരാതികളുണ്ട്. ഇതിനുപുറമേ, ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ സെക്ഷന്‍ 35(3) പ്രകാരം ഓണ്‍ലൈന്‍ വഴി ലീഗല്‍ നോട്ടീസുകള്‍ അയച്ച് ചോദ്യം ചെയ്യലിനായി സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പ്രക്ഷോഭകരുടെ വീര്യം കെടുത്താനും അധികൃതര്‍ നീക്കം നടത്തുന്നുണ്ട്.

അതേസമയം ദേശീയ സുരക്ഷാ നിയമം അനുസരിച്ച് ഡല്‍ഹി പോലീസിന് ആളുകളെ കരുതല്‍ തടങ്കലിലാക്കാനുള്ള അധികാരം നീട്ടി നല്‍കിയ ഉത്തരവിനെ ചൊല്ലിയും വിവാദം കൊഴുക്കുന്നുണ്ട്. വിവാദം. ജൂലായ് 19 മുതല്‍ ഒക്ടോബര്‍ 18 വരെ മൂന്ന് മാസത്തേക്കാണ് നീട്ടിയിരിക്കുന്നത്. കുറ്റാരോപണങ്ങളൊന്നും കൂടാതെ തന്നെ 12 മാസം വരെ തടങ്കലിലാക്കാന്‍ കഴിയുന്നതാണ് ദേശീയ സുരക്ഷാ നിയമം. ഡല്‍ഹിയില്‍ നടക്കുന്ന സിജെപി പ്രതിഷേധങ്ങളുടെ ഭാഗമായിട്ടാണ് ഇത്തരമൊരു ഉത്തരവ് ഇറങ്ങിയതെന്ന് ഇതിന് പിന്നാലെ പ്രചാരണവുമുണ്ടായി.

ഇത് വ്യാപകമായി പ്രചരിച്ചതോടെ ഡല്‍ഹി പോലീസ് വിശദീകരണവുമായി രംഗത്തെത്തി. ഇത് സിജെപി പ്രക്ഷോഭങ്ങളെ നേരിടാനായി എടുത്ത പ്രത്യേക നടപടിയല്ലെന്നും, സാധാരണയായി നടക്കാറുള്ള ഭരണപരമായ പുനഃപരിശോധനയും ഉത്തരവ് പുതുക്കലും മാത്രമാണെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി. ഈ അനുമതി പത്രത്തിനായുള്ള ഭരണപരമായ നടപടികള്‍ 2026 ജൂലൈ 07-ന് തന്നെ പൂര്‍ത്തിയാക്കി ഉത്തരവിറക്കിയിരുന്നു. അതായത് സിജെപി പ്രതിഷേധങ്ങള്‍ ആരംഭിക്കുന്നതിന് വളരെ മുമ്പുതന്നെ ഈ നടപടിക്രമങ്ങള്‍ കഴിഞ്ഞിരുന്നതാണെന്നും ഡല്‍ഹി പോലീസ് അറിയിച്ചു.

ഡല്‍ഹി പോലെയുള്ള കേന്ദ്രഭരണ പ്രദേശങ്ങളില്‍ പൊതു ക്രമസമാധാനം തകരാതിരിക്കാനും രാജ്യസുരക്ഷ മുന്‍നിര്‍ത്തിയും പൊലീസ് മേധാവിക്ക് കരുതല്‍ തടങ്കല്‍ അധികാരം സാധാരണയായി ഓരോ 3 മാസം കൂടുമ്പോഴും പുതുക്കി നല്‍കുന്ന പതിവുണ്ടെന്നും അവര്‍ വ്യക്തമാക്കി.