തിരുവനന്തപുരം: വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങളുമായി പ്രതിപക്ഷം. വഖഫ് ബോര്‍ഡില്‍ അമുസ്ലീങ്ങളെ ഉള്‍പ്പെടുത്താനുള്ള നീക്കം സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണെന്നും ഇത് നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ആരോപിച്ചു. സംസ്ഥാന വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട കേസില്‍ ഹരജിക്കാരോട് ചേര്‍ന്ന് സര്‍ക്കാര്‍ ഒത്തുകളിച്ചെന്നാണ് പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം.
ഹൈകോടതിയില്‍ നിന്നുണ്ടായ ഇടക്കാല വിധി ഞെട്ടിപ്പിക്കുന്നതാണെന്നും വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനം ആകെ സ്തംഭിപ്പിക്കുന്ന നിലപാടാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 2025 ലാണ് കേന്ദ്രസര്‍ക്കാര്‍ അതേവരെയുണ്ടായിരുന്ന വഖഫ് നിയമം പൊളിച്ചെഴുതി ഭേദഗതി ചെയ്തത്. ഇതിനെതിരെ ബിജെപി ഇതര സംസ്ഥാന സര്‍ക്കാറുകള്‍ അന്ന് ശക്തമായ നിലപാടാണ് സ്വീകരിച്ചത്. കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സര്‍ക്കാരുകള്‍ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. പുതിയ ഭേദഗതി അനുസരിച്ച് അമുസ്‌ലിംകളെ വഖഫ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ മാത്രമാണ്. ആ വഴിക്കാണ് ഇപ്പോള്‍ കേരള സര്‍ക്കാരും നീങ്ങുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു
'സംഘപരിവാര്‍ അജണ്ട അനുസരിച്ചുള്ളതായിരുന്നു ഭേദഗതി. അതിന്റെ ഭാഗമായി വഖഫ് ബോര്‍ഡില്‍ അമുസ്‌ലിംകളെ തിരുകികയറ്റാനുള്ള നടപടികള്‍ ഉണ്ടായി. അതോടൊപ്പം പലതരത്തിലുള്ള മാറ്റങ്ങള്‍ ഭേദഗതിയായി കൊണ്ടുവന്നു. അന്ന് കേന്ദ്രസര്‍ക്കാരിന്റെ ഇത്തരമൊരു ഇടപെടലിനെതിരെ കോണ്‍ഗ്രസും മുസ്‌ലിം ലീഗ് അടങ്ങുന്ന യുഡിഎഫും ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, ഏതു കാര്യത്തിലാണോ ആശങ്ക പ്രകടിപ്പിച്ചത് ആ നിയമം അതിന്റെ വള്ളിപുള്ളി വ്യത്യാസമില്ലാതെ പൂര്‍ണമായി നടപ്പാക്കാനാണ് തങ്ങള്‍ തയ്യാറാകുന്നത് എന്നാണ് കേരള ഹൈകോടതിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്.
രാജ്യത്ത് വ്യത്യസ്ത മതവിഭാഗങ്ങള്‍, അവരുടെ വിശ്വാസങ്ങള്‍, അവ സംബന്ധിച്ച സ്ഥാപനങ്ങള്‍ എല്ലാം അതത് മതവിഭാഗങ്ങളില്‍പെട്ടവര്‍ തന്നെയാണ് പൊതുവേ കൈകാര്യം ചെയ്തുപോകുന്നത്. ഇതാണ് മതനിരപേക്ഷതയുടെ ഭാഗമായി നമ്മുടെ രാജ്യം പൊതുവേ അംഗീകരിച്ചിട്ടുള്ളത്. അതനുസരിച്ചുള്ള നടപടികളാണ് ഇതേവരെ തുടര്‍ന്നുവരുന്നത്. ഇവിടെ വിവിധ മതവിഭാഗങ്ങളുടെ ഒട്ടേറെ സ്ഥാപനങ്ങളും സംവിധാനങ്ങളും ഉണ്ട്. അവയുടെ മാനേജ്‌മെന്റുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മറ്റു മതസ്ഥര്‍ കൈകടത്തുന്നത് സാധാരണഗതിയില്‍ ശരിയായ രീതിയല്ല.
പൊതുവില്‍ ഇതിന് യോജിക്കാത്ത, ഇതിനെതിരായ സമീപനമാണ് പുതിയ വഖഫ് ഭേദഗതിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്. രാജ്യത്തുള്ള വിവിധ മതവിഭാഗങ്ങളില്‍ ഒന്നാണ് മുസ്‌ലിം. മുസ്‌ലിം വിഭാഗവുമായി ബന്ധപ്പെട്ടവരുടെ മാത്രം സംവിധാനമാണ് വഖഫ് ബോര്‍ഡ്. അതിന്റെ മാനേജ്‌മെന്റില്‍ അമുസ്‌ലിംകളെ തിരികയറ്റാനുള്ള ശ്രമമാണ് സംഘപരിവാര്‍ നടത്തിയത്. അതാണ് നിയമഭേദഗതിയിലൂടെ ബി.ജെ.പി സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കിയത്.
ഇന്ന് മുസ്‌ലിംകള്‍ക്ക് എതിരെയാണ് വന്നതെങ്കില്‍ നാളെ മറ്റുമതവിഭാഗങ്ങളുടെ കാര്യത്തിലും ഇതേ നയം സ്വീകരിക്കുമെന്ന് തന്നെയാണ് കാണേണ്ടത്. പൊതുവില്‍ മതനിരപേക്ഷ സമീപനത്തിന് നിരക്കാത്തതും മതനിരപേക്ഷ വിരുദ്ധവുമായ നിലപാടാണ് ബിജെപി സ്വീകരിച്ചിട്ടുള്ളത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കെ 2024 ഒക്ടോബര്‍ 14ന് ന്യൂനപക്ഷ വിഭാഗങ്ങളുടെ ഭരണഘടന അവകാശങ്ങളെ ഹനിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. ആ പ്രമേയം ഐകകണ്‌ഠ്യേനയാണ് നിയമസഭ അംഗീകരിച്ചത്' -പിണറായി പറഞ്ഞു.
