നിയമസഭയില്‍ നിന്ന് ഫാമിലി പെന്‍ഷന്‍ വാങ്ങുന്നുവെന്ന വ്യാജപ്രചരണം; നിയമ നടപടി ആരംഭിച്ച് പി കെ ശ്രീമതി

നിയമസഭയില്‍ നിന്ന് ഫാമിലി പെന്‍ഷന്‍ വാങ്ങുന്നുവെന്ന വ്യാജപ്രചരണം; നിയമ നടപടി ആരംഭിച്ച് പി കെ ശ്രീമതി



തിരുവനന്തപുരം: മുന്‍ എംഎല്‍എയുടെ ഭാര്യയായി നടിച്ച് നിയമസഭയില്‍ നിന്ന് ഫാമിലി പെന്‍ഷന്‍ വാങ്ങുന്നുവെന്ന വ്യാജപ്രചരണത്തിനെതിരെ നിയമ നടപടി ആരംഭിച്ച് സിപിഎം നേതാവ് പി കെ ശ്രീമതി. മുഖ്യമന്ത്രി, അഭ്യന്തര മന്ത്രി, ഡിജിപി, വനിതാ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയതായാണ് റിപ്പോര്‍ട്ട്. തന്നെ അവഹേളിച്ചവര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് പി കെ ശ്രീമതി പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സമൂഹമാധ്യമങ്ങളില്‍ നിന്ന് വാര്‍ത്തകള്‍ നീക്കം ചെയ്യണമെന്നും പരാതിയിലുണ്ട്. വാര്‍ത്തകളുടെ ലിങ്കുകള്‍ അടക്കം പരാതിയില്‍ കൊടുത്തിട്ടുണ്ട്. ജനം ടിവി, കര്‍മ്മ ന്യൂസ്, സുദിനം പത്രം, ഭാരത് ലൈവ് തുടങ്ങിയവര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. പി കെ ശ്രീമതിയുടെ പരാതി ഗൗരവത്തിലാണ് സര്‍ക്കാര്‍ കാണുന്നതെന്നും ഉചിതമായ നടപടി ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്.

സംഘപരിവാര്‍ മാധ്യമങ്ങളില്‍ നിന്നുള്ള അധിക്ഷേപ വാര്‍ത്തകളില്‍ വൈകാരികമായായിരുന്നു പി കെ ശ്രീമതി കഴിഞ്ഞ ദിവസം പ്രതികരിച്ചത്. പി ആര്‍ കൃഷ്ണന്‍ എംഎല്‍എയുടെ ഭാര്യയായി അഭിനയിച്ച് എംഎല്‍എയുടെ ഫാമിലി പെന്‍ഷന്‍ താന്‍ വാങ്ങുന്നു എന്നതാണ് വാര്‍ത്ത. കേട്ടാല്‍ വിശ്വസിച്ചുപോകുന്ന തരത്തില്‍ വള്‍ഗറായാണ് വാര്‍ത്ത അവതരിപ്പിക്കുന്നത്. 50 കൊല്ലമായി പൊതുമേഖലയില്‍ താനുണ്ട്. തന്നോട് എന്താണ് സംഭവം, ഇങ്ങനൊന്നുണ്ടോ എന്ന് ചോദിക്കാതെയാണ് വാര്‍ത്ത കൊടുത്തത്. പൊതുപ്രവര്‍ത്തകയെ നാറ്റിക്കാന്‍, അവമതിപ്പുണ്ടാക്കുക എന്ന ദുരുദ്ദേശത്തോടെ വാര്‍ത്ത കൊടുക്കുകയാണെന്നും പി കെ ശ്രീമതി കുറ്റപ്പെടുത്തി