വിദ്യാർഥി പ്രക്ഷോഭത്തിലെ പ്രതികരണം വിവാദമായി; പേളി മാണിക്ക് സോഷ്യൽ മീഡിയയിൽ തിരിച്ചടി, ലക്ഷക്കണക്കിന് ഫോളോവേഴ്സ് നഷ്ടമായതായി റിപ്പോർട്ട്

വിദ്യാർഥി പ്രക്ഷോഭത്തിലെ പ്രതികരണം വിവാദമായി; പേളി മാണിക്ക് സോഷ്യൽ മീഡിയയിൽ തിരിച്ചടി, ലക്ഷക്കണക്കിന് ഫോളോവേഴ്സ് നഷ്ടമായതായി റിപ്പോർട്ട് 


കൊച്ചി: ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) നേതൃത്വത്തിൽ നടന്ന വിദ്യാർഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പങ്കുവെച്ച പ്രതികരണത്തിന് പിന്നാലെ നടിയും അവതാരകയുമായ പേളി മാണിക്ക് സോഷ്യൽ മീഡിയയിൽ വലിയ തിരിച്ചടിയെന്ന് റിപ്പോർട്ടുകൾ (Pearle Maaney Instagram Followers). ഇൻസ്റ്റഗ്രാമിൽ മാത്രം മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്സിനെ പേളിക്ക് നഷ്ടമായെന്നാണ് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യൂട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയ മറ്റ് പ്ലാറ്റ്ഫോമുകളിലും ഫോളോവേഴ്സിന്റെ എണ്ണത്തിൽ ഇടിവ് രേഖപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്.

വിദ്യാർഥി പ്രക്ഷോഭത്തെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലാണ് പേളി, സമരത്തെ പിന്തുണയ്ക്കുന്നതിനൊപ്പം വിദ്യാർഥികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്ന് ആവശ്യപ്പെട്ടത്. “ആർക്കും പരിക്കേൽക്കരുത്, എല്ലാവരും സുരക്ഷിതരായിരിക്കണം. ജീവൻ അപകടത്തിലാകുന്ന സാഹചര്യമുണ്ടെങ്കിൽ വീട്ടിലേക്ക് മടങ്ങുക. സ്വന്തം ജീവൻ നഷ്ടപ്പെടുത്താൻ മാത്രം പ്രാധാന്യമുള്ള ഒരു ലക്ഷ്യവുമില്ല,” എന്നായിരുന്നു പേളിയുടെ പ്രതികരണം. വിദ്യാർഥികൾക്ക് നീതിയുക്തവും സുതാര്യവുമായ വിദ്യാഭ്യാസ സംവിധാനം ലഭിക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച താരം, പ്രക്ഷോഭത്തിന്റെ യഥാർഥ ലക്ഷ്യം വഴിമാറിപ്പോകരുതെന്നും കുറിച്ചിരുന്നു. എന്നാൽ “കമന്റ് സെക്ഷൻ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പ്രതിഫലനമാണ്” എന്ന് പോസ്റ്റിൽ രേഖപ്പെടുത്തിയതിന് പിന്നാലെ കമന്റ് ബോക്സ് ഓഫ് ചെയ്ത നടപടി കൂടുതൽ വിമർശനങ്ങൾക്ക് വഴിവെച്ചു.

പേളിയുടെ നിലപാടിനെതിരെ സംവിധായകൻ സിബി മലയിലിന്റെ മകനും നടനുമായ ജോ സിബി മലയിൽ പരസ്യമായി രംഗത്തെത്തി. വിഷയത്തിൽ സോഷ്യൽ മീഡിയയിലും വ്യാപക വിമർശനങ്ങളാണ് ഉയർന്നത്. വിവാദം ശക്തമായതോടെ, “ഒരു പരാജയപ്പെട്ട സിനിമാ സംവിധായകൻ” എന്ന പരാമർശത്തോടെ പേളി ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവെച്ചതും കൂടുതൽ ചർച്ചയായി. തന്റെ നിലപാട് ചിലരെ അസ്വസ്ഥരാക്കിയെന്നും, തന്റെ നാലു പേജുള്ള പോസ്റ്റിനെക്കുറിച്ച് ഒരു പരാജയപ്പെട്ട സംവിധായകൻ പത്ത് പേജുള്ള തിരക്കഥ എഴുതുകയാണെന്നുമായിരുന്നു പേളിയുടെ വിമർശനം.

ഇതിന് മറുപടിയായി ജോ സിബി മലയിൽ വീണ്ടും രംഗത്തെത്തി. പേളി പരാമർശിച്ച “പരാജയപ്പെട്ട സംവിധായകൻ” തന്റെ പിതാവ് സിബി മലയിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. തുടർന്ന് പേളിയുടെ വിവിധ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെയും വലിയ തോതിൽ വിമർശനങ്ങളും വിയോജിപ്പുകളും തുടരുകയാണ്.
ഫോളോവേഴ്സിന്റെ എണ്ണത്തിൽ ഉണ്ടായ ഇടിവിനെക്കുറിച്ച് പേളി മാണി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം, സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കണക്കുകൾക്ക് സ്വതന്ത്രമായ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.