
ന്യൂഡൽഹി: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്തുള്ള അധ്യാപകൻ ഡോ. എം. കെ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. വിദ്യാർത്ഥികളോട് ഒരു അധ്യാപകൻ പെരുമാറേണ്ടത് ഇങ്ങനെയാണോ എന്ന് കോടതി രൂക്ഷമായ ഭാഷയിൽ ചോദിച്ചു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്.(Nithin Raj death case, Supreme Court dismisses anticipatory bail plea of teacher)
പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ നിരസിച്ച കേരള ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി ശരിവെക്കുകയായിരുന്നു. കേസ് പരിഗണിക്കുന്നതിനിടെ ഡോ. റാമിനെതിരെ കടുത്ത പരാമർശങ്ങളാണ് കോടതി നടത്തിയത്. നിതിൻ രാജ് ക്ലാസ് മുറിയിൽ വെച്ച് ക്രൂരമായി അധിക്ഷേപിക്കപ്പെട്ടുവെന്ന് കോടതി ചൂണ്ടിക്കാട്ടി.
സഹപാഠികളുടെ മുന്നിൽ വെച്ച് ഇത്തരത്തിൽ അപമാനിതരാകുന്ന വിദ്യാർത്ഥികളുടെ മാനസികാവസ്ഥയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ എന്ന് ചോദിച്ച കോടതി, ഇത്തരം പെരുമാറ്റങ്ങൾ കാട്ടുന്ന അധ്യാപകർക്ക് അതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും നിരീക്ഷിച്ചു. മനുഷ്യത്വരഹിതം എന്ന വാക്ക് മാത്രമാണ് ഈ സംഭവത്തെക്കുറിച്ച് ഓർക്കുമ്പോൾ മനസ്സിൽ വരുന്നത് എന്ന് ബെഞ്ച് വ്യക്തമാക്കി. ഇത്തരം പ്രവൃത്തികൾ ചെയ്യുന്ന അധ്യാപകർ അതിന്റെ പ്രത്യാഘാതം എന്താണെന്ന് മനസ്സിലാക്കണമെന്നും കോടതി കൂട്ടിച്ചേർത്തു. അതേസമയം, ഡോ. റാം കഴിഞ്ഞ മൂന്ന് മാസമായി ഒളിവിലാണെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു
