‘വീടുകളിൽ വെള്ളം കയറിയ എല്ലാ കുടുംബങ്ങൾക്കും 10,000 രൂപ ധനസഹായം’: ദുരിതാശ്വാസ ക്യാമ്പിൽ താമസിക്കണമെന്ന നിബന്ധനയില്ലെന്ന് റവന്യൂമന്ത്രി

‘വീടുകളിൽ വെള്ളം കയറിയ എല്ലാ കുടുംബങ്ങൾക്കും 10,000 രൂപ ധനസഹായം’: ദുരിതാശ്വാസ ക്യാമ്പിൽ താമസിക്കണമെന്ന നിബന്ധനയില്ലെന്ന് റവന്യൂമന്ത്രി 

കോട്ടയം: പ്രകൃതിക്ഷോഭത്തെത്തുടർന്ന് വീടുകളിൽ വെള്ളം കയറിയ എല്ലാ കുടുംബങ്ങൾക്കും സർക്കാർ പ്രഖ്യാപിച്ച 10,000 രൂപ അടിയന്തര ധനസഹായം ലഭ്യമാക്കുമെന്ന് റവന്യൂമന്ത്രി എ.പി. അനിൽകുമാർ അറിയിച്ചു. ചങ്ങനാശേരി താലൂക്കിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.(Kerala Government Announces Ten Thousand Rupees Flood Relief Aid For Houses And Shops)

ധനസഹായം ലഭിക്കാൻ ദുരിതാശ്വാസ ക്യാമ്പുകളിൽ നിർബന്ധമായി താമസിക്കണമെന്ന നിബന്ധനയില്ലെന്ന് മന്ത്രി വ്യക്തമാക്കി. വെള്ളം കയറി നാശനഷ്ടമുണ്ടായ വീടുകളിലെ താമസക്കാർ നിലവിൽ എവിടെയായിരുന്നാലും അർഹതയുണ്ടെങ്കിൽ സഹായത്തിന് അർഹരായിരിക്കും.

വീടുകൾക്ക് പുറമെ പ്രകൃതിക്ഷോഭത്തിൽ വെള്ളം കയറിയ വ്യാപാര സ്ഥാപനങ്ങൾക്കും 10,000 രൂപ വീതം ധനസഹായം നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അർഹരായ ഒരാൾക്ക് പോലും സർക്കാർ സഹായം ലഭിക്കാത്ത സാഹചര്യം ഉണ്ടാകില്ലെന്നും മന്ത്രി ഉറപ്പുനൽകി. ദുരന്തത്തിൽ പൂർണ്ണമായും ഭാഗികമായും തകർന്ന വീടുകൾ ഉൾപ്പെടെയുള്ള എല്ലാ നാശനഷ്ടങ്ങളുടെയും കണക്കെടുപ്പ് വേഗത്തിൽ പൂർത്തിയാക്കാൻ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി.

മഴ മാറിയാലുടൻ നദികളിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്ത് ഒഴുക്ക് വർദ്ധിപ്പിക്കാനുള്ള നടപടികൾ ആരംഭിക്കും. 2018-ലെ മഹാപ്രളയത്തിന് ശേഷം സംസ്ഥാനത്ത് സ്വീകരിച്ച പ്രതിരോധ നടപടികളുടെ ഫലപ്രാപ്തി വരും ദിവസങ്ങളിൽ വിശദമായി വിലയിരുത്തുമെന്നും റവന്യൂമന്ത്രി കൂട്ടിച്ചേർത്തു. ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച മന്ത്രി അവിടുത്തെ പ്രവർത്തനങ്ങൾ തൃപ്തികരമാണെന്ന് വിലയിരുത്തി.