
മധുര: തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ പ്രായപൂര്‍ത്തിയാകാത്ത നാല് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സുവിശേഷ പ്രസംഗകനും മ്യൂസിക് അധ്യാപകനുമായ പ്രതിക്ക് പോക്‌സോ സ്പെഷ്യല്‍ കോടതി വധശിക്ഷ വിധിച്ചു. തിരുനെല്‍വേലി തേവര്‍കുളം സ്വദേശിയായ എസ്. അബ്രഹാമിനെയാണ് (47) ജഡ്ജ് സുരേഷ് കുമാര്‍ വധശിക്ഷയ്ക്ക് വിധിച്ചത്. വധശിക്ഷയ്ക്ക് പുറമേ ഇയാള്‍ ഇരകളായ നാല് പെണ്‍കുട്ടികള്‍ക്കും 10 ലക്ഷം രൂപ വീതം പിഴ തുകയും നല്‍കണം.
2020 കോവിഡ് കാലം മുതല്‍ 2022 വരെയുള്ള കാലയളവിലാണ് അബ്രഹാം പെണ്‍കുട്ടികളെ പീഡനത്തിന് ഇരയാക്കിയത്. പള്ളിയില്‍ സംഗീത പഠനത്തിന് എത്തിയ പെണ്‍കുട്ടികളെ സമീപത്തെ ഒഴിഞ്ഞ സ്ഥലത്ത് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ കുറ്റകൃത്യം തുടര്‍ന്നത്. 2022-ല്‍ എട്ടുവയസ്സുകാരിയായ പെണ്‍കുട്ടി പീഡനവിവരം അമ്മയോട് തുറന്നുപറഞ്ഞതോടെയാണ് ക്രൂരത പുറംലോകമറിയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സംഗീതം പഠിക്കാന്‍ എത്തിയ മറ്റ് മൂന്ന് പെണ്‍കുട്ടികളും ഇയാളുടെ ഇരകളാണെന്ന് വ്യക്തമായി.
എട്ടുവയസ്സുകാരിയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 2022-ല്‍ പോലീസ് അബ്രഹാമിനെ അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് കേസ് വിചാരണയും അന്വേഷണവും മന്ദഗതിയിലാവുകയായിരുന്നു. എന്നാല്‍ 2026-ല്‍ ചുമതലയേറ്റ എ.എസ്.പി. കെ. ഷണ്‍മുഖം അന്വേഷണം വേഗത്തിലാക്കുകയും കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. ഉഷ ഹാജരായ വിചാരണ ഘട്ടത്തില്‍, കുട്ടികളും രക്ഷിതാക്കളും നല്‍കിയ കൃത്യമായ മൊഴികളും ശാസ്ത്രീയ തെളിവുകളുമാണ് പ്രതിക്ക് വധശിക്ഷ ഉറപ്പാക്കുന്നതില്‍ നിര്‍ണായകമായത്.
