കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി ആവിലോറയില്‍ വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് 12 വയസ്സുകാരനായ വിദ്യാര്‍ത്ഥിയെ പിതാവിന്റെ സഹോദരനും കുടുംബവും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു. കേസില്‍ പ്രതിയായ കൊടുവള്ളി സ്വദേശിയാണ് കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളം വഴി ദുബായിലേക്ക് കടന്നത്. പ്രതികള്‍ക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നതിനിടയിലാണ് ഇയാള്‍ രാജ്യം വിട്ടതെന്നാണ് ലഭിക്കുന്ന വിവരം.
സംഭവത്തില്‍ മുഖ്യപ്രതിയെ കൂടാതെ കുട്ടിയുടെ പിതാവിന്റെ സഹോദരനും ഭാര്യയും പ്രതികളാണ്. കേസില്‍ ഒളിവിലുള്ള മറ്റ് പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കേസെടുക്കുന്നതില്‍ ആരംഭത്തില്‍ പോലീസ് കാണിച്ച വീഴ്ചയാണ് പ്രതിക്ക് രാജ്യം വിടാന്‍ സൗകര്യമൊരുക്കിയതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
കഴിഞ്ഞ ആഴ്ചയാണ് സമീപവാസിയും പിതൃസഹോദരന്റെ കിഴക്കോത്തെ വീട്ടിലേക്ക് കുട്ടിയെ വിളിച്ചുകൊണ്ടുപോയി ക്രൂര പീഡനത്തിനിരയാക്കിയത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന വാച്ച് കാണാതായതിനെ തുടര്‍ന്നാണ് കുട്ടിയെ ചോദ്യം ചെയ്യാനെന്ന പേരില്‍ കൂട്ടിക്കൊണ്ടുപോയത്. കുട്ടി മോഷണക്കുറ്റം സമ്മതിക്കാതിരുന്നതോടെ പൂട്ടിയിട്ട മുറിയില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു.
കേട്ടുകേള്‍വിയില്ലാത്ത ക്രൂരതകള്‍ക്കാണ് ആറാം ക്ലാസുകാരനായ കുട്ടി ഇരയായത്. കുട്ടിയുടെ വായില്‍ തുണി തിരുകി ശബ്ദം പുറത്തുവരാത്ത രീതിയിലായിരുന്നു മര്‍ദ്ദനം. ശരീരത്തില്‍ കമ്പികൊണ്ട് അടിക്കുകയും കൈയിലെയും കാലിലെയും നഖങ്ങള്‍ക്കിടയിലൂടെ ഈര്‍ക്കില്‍ കയറ്റുകയും ചെയ്തു. ഇതിനുപുറമെ ശരീരത്തിലെ മുറിവുകളില്‍ ഉപ്പും നാരങ്ങാനീരും മുളകുപൊടിയും തേച്ചുപിടിപ്പിക്കുകയും ചെയ്തു.
അടുത്ത ദിവസവും കുറ്റം സമ്മതിച്ചില്ലെങ്കില്‍ ബ്ലേഡ് കൊണ്ട് മുറിക്കുമെന്നും മുറിവില്‍ മുളകുപൊടി തേക്കുമെന്നും ഭീഷണിപ്പെടുത്തി. ഭയന്നുപോയ കുട്ടി ബോധംകെട്ടു വീഴുകയായിരുന്നു. തുടര്‍ന്ന് രാത്രിയോടെ വീണ്ടും ബോധം വന്നപ്പോള്‍ കാലിലെ കെട്ട് അയഞ്ഞതായി കണ്ട കുട്ടി, കെട്ടിടത്തിന്റെ വശത്തുള്ള കവുങ്ങിലൂടെ താഴേക്ക് ഊര്‍ന്നിറങ്ങി രക്ഷപ്പെടുകയായിരുന്നു.
രക്ഷപ്പെട്ട കുട്ടി നേരെ കൊടുവള്ളി പോലീസ് സ്റ്റേഷനിലെത്തി അഭയം തേടി. എന്നാല്‍, സംഭവത്തിന്റെ ഗുരുതരാവസ്ഥ മനസ്സിലാക്കാതെ പോലീസ് കുട്ടിയുടെ പിതാവിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ കൂട്ടിക്കൊണ്ടുപോകാന്‍ സ്റ്റേഷനിലെത്തിയത് അതിക്രമം നടത്തിയ പിതൃസഹോദരനും കുടുംബവുമാണെന്നതും, പോലീസ് കുട്ടിയെ ഇവര്‍ക്കൊപ്പം തന്നെ തിരികെ അയച്ചതും വലിയ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
പിന്നീട് വീട്ടിലെത്തിയ ശേഷമാണ് കുട്ടി താന്‍ നേരിട്ട ദാരുണമായ പീഡനങ്ങളെക്കുറിച്ച് സ്വന്തം സഹോദരനോടും വീട്ടുകാരോടും തുറന്നുപറഞ്ഞത്. കുട്ടിയുടെ കാലില്‍ തറച്ചിരുന്ന ഈര്‍ക്കില്‍ ഊരിയെടുത്തത് സഹോദരനാണ്. സംഭവം നാട്ടില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കുകയും മാധ്യമങ്ങളിലൂടെ വാര്‍ത്ത പുറത്തുവരുകയും ചെയ്തതോടെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായത്.
അതിനിടെ, കേസ് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവരുകയും സംഭവം വിവാദമാവുകയും ചെയ്തതോടെ വിഷയം ഒത്തുതീര്‍പ്പാക്കാന്‍ പ്രതികളുടെ ഭാഗത്തുനിന്ന് ശ്രമങ്ങള്‍ നടന്നിരുന്നു. കുട്ടിയുടെ കുടുംബത്തിന് സാമ്പത്തിക സഹായ വാഗ്ദാനവും പുതിയ സൈക്കിള്‍ വാങ്ങിനല്‍കാമെന്ന വാഗ്ദാനവും നല്‍കുന്ന ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്.
പ്രതികള്‍ക്കെതിരെ ബാലാവകാശ നിയമപ്രകാരവും ക്രൂരമായ ശാരീരിക ഉപദ്രവത്തിനുമാണ് കേസെടുത്തിട്ടുള്ളത്. ഇതിനിടയിലാണ് ഒന്നാം പ്രതി വിദേശത്തേക്ക് കടന്നത്. മറ്റ് പ്രതികളെ കണ്ടെത്താനായി ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ പോലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. അതേസമയം, കാണാതായെന്ന് പറഞ്ഞ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കാന്‍ കാരണമായ വാച്ച് പിന്നീട് സമീപത്തെ പള്ളിയില്‍ നിന്ന് കണ്ടെത്തിയെന്നാണ് വിവരം.
