ശ്രീകണ്ഠാപുരം പാറമ്പുഴയില്‍ ജ്വല്ലറിയില്‍ നിന്നു ഓഗസ്റ്റ് 13ന് രാവിലെ 11 മണിയോടുകൂടി ശ്യാം കൃഷ്ണന്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ പ്രതി 5.970 ഗ്രാം തൂക്കം വരുന്നതും 23.990 ഗ്രാം തൂക്കം വരുന്നതുമായ രണ്ട് സ്വര്‍ണ്ണചെയിനുകള്‍ വാങ്ങി പണം നല്‍കാതെ കബളിപ്പിക്കുകയും തുടര്‍ന്ന് പരാതിക്കാരന്‍ പ്രതിയെ ഫോണില്‍ ബന്ധപ്പെട്ടതില്‍ അഭിഷേക് ഇ ജി. എന്നയാളുടെ അക്കൗണ്ടില്‍ നിന്നു 58000 രൂപ അയച്ചുകൊടുക്കുകയും ബാക്കി തുകയായ 400500 രൂപ അയച്ചുകൊടുക്കാതെ കബളിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.

ജ്വല്ലറികളില്‍ ഓണ്‍ലൈന്‍ പണമിടപാടിന്റെ വ്യാജ സ്‌ക്രീന്‍ഷോട്ട് കാണിച്ച് കബളിപ്പിച്ചു സ്വര്‍ണം തട്ടി; പ്രതി അറസ്റ്റില്‍



ശ്രീകണ്ഠപുരം: ഓൺലൈൻ വഴി പണമയച്ചതായി വ്യാജ സ്‌ക്രീൻഷോട്ട് കാണിച്ച് ജ്വല്ലറികളിൽനിന്ന് ലക്ഷങ്ങളുടെ സ്വർണാഭരണങ്ങൾ തട്ടിയെടുത്ത യുവാവ് പിടിയിൽ. പാപ്പിനിശ്ശേരി അരോളി കാമ്രത്ത്‌മൊട്ട അമൃതം മൈക്കീൽ ഹൗസിൽ ഇ.ജി. അഭിഷേക് (26) ആണ് തളിപ്പറമ്പ് ഡിവൈ.എസ്.പി. ടി.പി. സുമേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്. ശ്രീകണ്ഠപുരത്തെ പാറമ്പുഴയിലുള്ള ജ്വല്ലറിയിൽനിന്ന് 5.970 ഗ്രാമും 23.990 ഗ്രാമും തൂക്കം വരുന്ന രണ്ട് സ്വർണമാലകൾ വ്യാജ സ്ക്രീൻഷോട്ട് കാണിച്ച് തട്ടിയെടുത്ത കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.


കഴിഞ്ഞ മാസം 13-നാണ് 'ശ്യാംകൃഷ്ണൻ' എന്ന് പരിചയപ്പെടുത്തി വ്യാജ പേരിൽ യുവാവ് ശ്രീകണ്ഠപുരത്തെ ജ്വല്ലറിയിലെത്തിയത്. തുടർന്ന് ഇഷ്ടപ്പെട്ട സ്വർണാഭരണങ്ങൾ തെരഞ്ഞെടുത്ത ശേഷം ബാങ്ക് വഴി പണം നൽകിയെന്ന് വിശ്വസിപ്പിക്കുന്ന വ്യാജ സ്‌ക്രീൻഷോട്ട് ജീവനക്കാരെ കാണിച്ച് കബളിപ്പിച്ച് ആഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് ജ്വല്ലറി അധികൃതരുടെ ശ്രദ്ധയിൽപെട്ടത്. ഇയാൾ നൽകിയ ഫോൺ നമ്പറിൽ ജ്വല്ലറി ജീവനക്കാർ ബന്ധപ്പെട്ടപ്പോൾ ഇ.ജി. അഭിഷേക് എന്നയാളുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് 58,000 രൂപ മാത്രമാണ് ജ്വല്ലറി അക്കൗണ്ടിലേക്ക് എത്തിയത്.


എന്നാൽ ബാക്കി തുകയായ 4,00,500 രൂപ ഇയാൾ നൽകിയിരുന്നില്ല. പണം അക്കൗണ്ടിൽ എത്താതിരുന്നതോടെ ജ്വല്ലറി ഉടമ 19-ാം തീയതി ശ്രീകണ്ഠപുരം പൊലീസിൽ ഔദ്യോഗികമായി പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് പൊലീസ് നടത്തിയ ഊർജിതമായ അന്വേഷണത്തിലാണ് പ്രതി ഗോവയിൽനിന്ന് ട്രെയിനിൽ വരുന്നുണ്ടെന്ന വിവരം ലഭിച്ചത്. തുടർന്ന് എറണാകുളം റെയിൽവേ സ്റ്റേഷനിൽ എത്തിയ ഉടൻ തന്നെ പ്രത്യേക അന്വേഷണസംഘം ഇയാളെ സാഹസികമായി പിടികൂടുകയായിരുന്നു.


ശ്രീകണ്ഠപുരത്തിനു പുറമെ കേരളത്തിലെ മറ്റ് പല സ്ഥലങ്ങളിലും സമാനമായ രീതിയിൽ വ്യാജ സ്‌ക്രീൻഷോട്ടുകൾ കാണിച്ച് ഇയാൾ സ്വർണവും പണവും തട്ടിയിട്ടുണ്ടെന്ന് പൊലീസ് ചോദ്യം ചെയ്യലിൽ കണ്ടെത്തിയിട്ടുണ്ട്. ശ്രീകണ്ഠപുരം എസ്.ഐ. കെ. ഷർഫുദ്ദീൻ, തളിപ്പറമ്പ് ഡിവൈ.എസ്.പി.യുടെ ക്രൈംസ്ക്വാഡ് അംഗങ്ങളായ എസ്.ഐ. അബ്ദുൽറൗഫ്, സീനിയർ സി.പി.ഒ. ബിനീഷ് എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടുന്നതിൽ നിർണായക പങ്കുവഹിച്ചത്.