യുക്രൈനിന്റെ ഡ്രോണ്‍ ആക്രമണത്തില്‍ റഷ്യയില്‍ ഒരു കുട്ടി ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടു; 75ഓളം പേര്‍ക്ക് പരിക്ക്: 456 ഡ്രോണുകള്‍ വെടിവച്ചിട്ടെന്ന് റഷ്യ

യുക്രൈനിന്റെ ഡ്രോണ്‍ ആക്രമണത്തില്‍ റഷ്യയില്‍ ഒരു കുട്ടി ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടു; 75ഓളം പേര്‍ക്ക് പരിക്ക്: 456 ഡ്രോണുകള്‍ വെടിവച്ചിട്ടെന്ന് റഷ്യ



യുക്രെയ്ന്‍ നടത്തിയ വ്യാപകമായ ഡ്രോണ്‍ ആക്രമണത്തില്‍ റഷ്യയില്‍ ഒരു കുട്ടി ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ തജിക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ പൗരന്മാരും ഉള്‍പ്പെടുന്നുണ്ടെന്നും 75 ഓളം പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. റഷ്യയുടെ മധ്യഭാഗത്തുള്ള ടാറ്റര്‍സ്ഥാന്‍ മേഖലയെ ലക്ഷ്യമിട്ടായിരുന്നു പ്രധാന ആക്രമണം. രാജ്യാതിര്‍ത്തിയില്‍ നിന്ന് ആയിരത്തിലധികം കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന നിഷ്‌നെകാമ്‌സ്‌ക് എന്ന വ്യാവസായിക നഗരത്തിലെ എണ്ണ ശുദ്ധീകരണശാല ആക്രമിച്ചതായി യുക്രെയ്ന്‍ സ്ഥിരീകരിച്ചു. ഊര്‍ജ വിഭവങ്ങളാല്‍ സമ്പന്നമായ ടാറ്റര്‍സ്ഥാനിലെ എണ്ണ ശുദ്ധീകരണശാലകള്‍ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് യുക്രെയ്ന്‍ ആക്രമണം നടത്തിയത്.

അതിര്‍ത്തി പ്രദേശങ്ങളിലും ഇരുരാജ്യങ്ങളും ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. യുക്രെയ്ന്‍ തൊടുത്ത 456 ഡ്രോണുകള്‍ വെടിവച്ചിട്ടതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടെങ്കിലും, എത്രയെണ്ണം ലക്ഷ്യസ്ഥാനത്ത് പതിച്ചെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. അതേസമയം, റഷ്യന്‍ അതിര്‍ത്തി പ്രദേശമായ ബെല്‍ഗൊറോഡില്‍ യുക്രെയ്ന്‍ നടത്തിയ ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. റഷ്യ രാത്രികാലങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ 126 ഡ്രോണുകള്‍ അയച്ചതായി യുക്രെയ്ന്‍ വ്യോമസേന അറിയിച്ചു. ഇതിനുപുറമേ ഖേഴ്‌സണ്‍ മേഖലയില്‍ ടാക്‌സിക്ക് നേരെ റഷ്യ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഒരു പുരുഷനും കൊല്ലപ്പെട്ടു.

യുക്രെയ്‌നിലെ വിവിധ നഗരങ്ങളില്‍ റഷ്യ നടത്തിയ ആക്രമണത്തിലും വന്‍ നാശനഷ്ടങ്ങളാണുണ്ടായത്. ഹര്‍കീവില്‍ റഷ്യ നടത്തിയ ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ചുഗുവ് മേഖലയിലെ ബുഗൈവ്ക ഗ്രാമത്തിലെ ജനവാസ മേഖലയില്‍ റഷ്യ നടത്തിയ പീരങ്കി ആക്രമണത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നു. യുക്രെയ്‌നിലെ വൈദ്യുതി ഗ്രിഡുകളെ ലക്ഷ്യമിട്ട് റഷ്യന്‍ സേന നടത്തിയ ആക്രമണത്തെ തുടര്‍ന്ന് തെക്കന്‍ ഒഡെസ മേഖലയില്‍ വൈദ്യുതിബന്ധം പൂര്‍ണമായും വിച്ഛേദിക്കപ്പെട്ടു. ഇത് പതിനായിരത്തിലധികം വീടുകളെയാണ് ബാധിച്ചിരിക്കുന്നത്.