ആലപ്പുഴ: കരുവാറ്റയിലെ വയോധികന്റെ കൊലപാതക കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ബന്ധുവായ 13 കാരി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. മാതാപിതാക്കളുടെ സ്‌നേഹം അറിഞ്ഞിട്ടില്ലെന്ന് പൊലീസിനോട് മുഖ്യാസൂത്രകയായ പെണ്‍കുട്ടി പറഞ്ഞു. ചോദ്യം ചെയ്യലില്‍ ഉടനീളം ഒരു ഭാവഭേദവും ഇല്ലാതിരുന്ന പെണ്‍കുട്ടി വീട്ടിലെ സാഹചര്യത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് പൊട്ടിക്കരഞ്ഞത്. കൗമാരക്കാരുടെ കുടുംബാന്തരീക്ഷവും സാമൂഹിക സാഹചര്യങ്ങളും ക്രൂരകൃത്യത്തില്‍ സ്വാധീനിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കള്‍ നിയമപരമായി വേര്‍പിരിഞ്ഞവരാണ്. വിദേശത്ത് ജോലി ചെയ്യുന്ന അമ്മ ഇടയ്ക്ക് 10 ദിവസത്തേക്ക് നാട്ടില്‍ വന്നുപോകും. നാട്ടില്‍ ബന്ധുക്കളുടെ കൂടെയാണ് 13കാരി താമസിച്ചിരുന്നത്. കൊലപാതകത്തിന്റെ ഭാഗമായ മറ്റുള്ള കൗമാരക്കാരിലും കുടുംബാന്തരീക്ഷത്തില്‍ പ്രശ്‌നങ്ങളുണ്ടെന്ന് പൊലീസ് പറയുന്നു.
കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്താന്‍ ബന്ധുവായ പെണ്‍കുട്ടിയും സുഹൃത്തുക്കളും ആഴ്ചകളോളം ആസൂത്രണം നടത്തിയിരുന്നതായി പോലീസ്. പെണ്‍കുട്ടിയുടെ അമിത മൊബൈല്‍ ഫോണ്‍ ഉപയോഗവും രാത്രി വൈകി പുറത്തുപോകുന്നതും കൊല്ലപ്പെട്ട വയോധികന്‍ കര്‍ശനമായി വിലക്കിയിരുന്നു. ഇതും കുടുംബത്തിലെ ചില പ്രശ്‌നങ്ങളും പെണ്‍കുട്ടിയെ വീട്ടുകാരില്‍നിന്നകറ്റി. തന്റെ സ്വാതന്ത്ര്യങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും തടസ്സമായ വയോധികനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതിനു പിന്നിലെ പ്രധാന കാരണം ഇതാണെന്നാണ് പോലീസ് പറയുന്നത്.
കരുവാറ്റയില്‍ വയോധികന്‍ കൊല്ലപ്പെട്ട കേസില്‍ പിടിയിലായ കുറ്റാരോപിതര്‍ കൊലപാതക ശേഷം ഞായറാഴ്ച പുലര്‍ച്ചെ ഏഴു കിലോമീറ്ററോളം അകലെയുള്ള ഹരിപ്പാടു നഗരത്തിലെത്തി കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിനടുത്തുള്ള തട്ടുകടയില്‍നിന്ന് ആഘോഷപൂര്‍വം ഭക്ഷണം കഴിക്കുകയായിരുന്നു. കൃത്യം ആസൂത്രണം ചെയ്തപോലെ ഭംഗിയായി പൂര്‍ത്തിയാക്കിയതിന്റെ ആവേശത്തിലായിരുന്നു ഇവര്‍. രാത്രി മുഴുവന്‍ ഭക്ഷണം കഴിക്കാതിരുന്ന സംഘം പുലര്‍ച്ചെ ആഹാരം കഴിക്കുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്നും കടയിലുണ്ടായിരുന്നവരുടെ മൊഴിയില്‍നിന്നുമാണ് പോലീസിന് കേസില്‍ നിര്‍ണായക വിവരം ലഭിച്ചത്. ശനിയാഴ്ച രാത്രി ഏഴേമുക്കലോടെ കൊല്ലത്തുനിന്നുള്ള ട്രെയിനിലാണ് കുറ്റാരോപിതരായ ആണ്‍കുട്ടികള്‍ ഹരിപ്പാട്ടിറങ്ങുന്നത്.
റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഓട്ടോറിക്ഷയില്‍ കരുവാറ്റ കന്നുകാലിപ്പാലത്തിനു സമീപമെത്തിയ സംഘം അവിടെനിന്ന് ഒരു കിലോമീറ്ററോളം വിജനമായ നാട്ടുവഴിയിലൂടെ നടന്ന് ഒന്‍പതരയോടെ വയോധികന്റെ വീട്ടില്‍ച്ചെന്നു. കൃത്യത്തിനുശേഷം ഇതേ വഴിയിലൂടെ തന്നെയാണ് ഇവര്‍ ഹരിപ്പാട്ട് തിരിച്ചെത്തിയത്. ഹരിപ്പാട്ടുനിന്നു ഭക്ഷണശേഷമാണ് ബസില്‍ കൊല്ലത്തേക്കു പോയത്. തിങ്കളാഴ്ച രാവിലെവരെ തങ്ങള്‍ പിടിക്കപ്പെടില്ലെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു കുറ്റാരോപിതരെല്ലാം. എന്നാല്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തതോടെ ഇവര്‍ കടുത്ത ആശങ്കയിലായെന്ന് പോലീസ് പറഞ്ഞു.
തുടര്‍ന്ന് ഇവര്‍ പരസ്പരം ഫോണ്‍ വിളിച്ചും നേരിട്ടും ബന്ധപ്പെട്ടിരുന്നു. ഇതിനിടെ തിങ്കളാഴ്ച രാത്രിയോടെ ഹരിപ്പാട്ടുനിന്നുള്ള പോലീസ് കുറ്റാരോപിതരുടെ വീടുകളിലെത്തി എല്ലാവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. എങ്ങനെ കൊലപ്പെടുത്തണമെന്ന് സാമൂഹികമാധ്യമങ്ങളിലൂടെ കുറ്റാരോപിതരും പെണ്‍കുട്ടിയും നിരന്തരം ചര്‍ച്ചചെയ്തിരുന്നു. വിഷം കൊടുക്കുന്നതും വാഹനാപകടത്തില്‍പ്പെടുത്തുന്നതും ഉള്‍പ്പെടെയുള്ള പലവഴികളും ഇവര്‍ തമ്മില്‍ ചര്‍ച്ചചെയ്തു. ഇതിനിടെയാണ് വയോധികന്റെ മകളെ പ്രസവശുശ്രൂഷയ്ക്ക് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. നാലുദിവസം മുന്‍പായിരുന്നു ഇത്. മകള്‍ക്കൊപ്പം ഭാര്യയും പോയതോടെ വയോധികന്‍ മാത്രമായി വീട്ടിലുണ്ടായിരുന്നത്.
ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടി അന്നുമുതല്‍ കൂട്ടുകാരുടെ വീടുകളിലാണു താമസിച്ചിരുന്നത്. ശനിയാഴ്ച വൈകീട്ട് ട്യൂഷന്‍ കഴിഞ്ഞു വന്നപ്പോള്‍ വീട് അടഞ്ഞുകിടക്കുകയാണെന്നും വയോധികന്‍ സ്ഥലത്തില്ലെന്നുമാണ് പെണ്‍കുട്ടി മറ്റു ബന്ധുക്കളെ അറിയിച്ചത്. ശനിയാഴ്ച രാത്രി ഒന്‍പതരയ്ക്കും പുലര്‍ച്ചെ മൂന്നിനും മധ്യേയുള്ള സമയത്തായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്. ഞായറാഴ്ച രാവിലെ പെണ്‍കുട്ടി സുഹൃത്തിനൊപ്പം വീണ്ടും വീട്ടിലെത്തിയിരുന്നു. കതകില്‍ തട്ടിവിളിച്ചതിനൊപ്പം അടുത്ത താമസക്കാരോടും വയോധികനെ അന്വേഷിച്ചു. വൈകുന്നേരം വീണ്ടുമെത്തിയ പെണ്‍കുട്ടി അയല്‍വാസികളുടെ സാന്നിധ്യത്തില്‍ വയോധികന്റെ മൊബൈല്‍ ഫോണില്‍ വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു.
തിങ്കളാഴ്ച രാവിലെ വീണ്ടുമെത്തി അയല്‍വാസികളുടെ സഹായത്തോടെ പിന്‍വാതില്‍ തുറന്ന് അകത്തുകയറുകയായിരുന്നു. വയോധികന്‍ മരിച്ചുകിടക്കുന്നതു കണ്ട് പെണ്‍കുട്ടി അലമുറയിട്ടു. പോലീസെത്തിയപ്പോള്‍ താന്‍ ശനിയാഴ്ച രാവിലെയാണ് അവസാനമായി വയോധികനെ കണ്ടതെന്നും പിന്നീട് വീട് അടഞ്ഞുകിടക്കുകയായിരുന്നെന്നുമാണ് പെണ്‍കുട്ടി പോലീസിന് ആദ്യമൊഴി കൊടുത്തത്. മദ്യപിക്കുന്ന ശീലമുള്ള ആളായതിനാല്‍ വയോധികന്റെ സുഹൃത്തുക്കളെ സംശയമുണ്ടെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ പോലീസിനും ഇതേ സംശയമുണ്ടായിരുന്നു.
എന്നാല്‍, കൊലപാതകവിവരമറിഞ്ഞ് പോലീസെത്തിയപ്പോള്‍ സ്‌കൂളില്‍ പരീക്ഷയ്ക്കു പോകണമെന്ന് പറഞ്ഞ് പെണ്‍കുട്ടി തിടുക്കപ്പെട്ടു. ചോദ്യംചെയ്ത വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് ഇതില്‍ തോന്നിയ അസ്വാഭാവികമായ സംശയമാണ് കേസ് തെളിയിക്കുന്നതില്‍ നിര്‍ണായകമായത്. പിന്നീട് വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയെ മണിക്കൂറുകളോളം ചോദ്യംചെയ്തതോടെ തിങ്കളാഴ്ച രാത്രിയോടെ കുറ്റം സമ്മതിക്കുകയായിരുന്നു. കുറ്റംചെയ്തവരെപ്പറ്റി കൃത്യമായ സൂചന ലഭിച്ചതോടെ പോലീസ് സംഘം കൊല്ലം പരവൂരിലെത്തി മണിക്കൂറുകള്‍ക്കകം മൂന്നുപേരെയും വീടുകളില്‍നിന്നു പിടികൂടുകയായിരുന്നു.
ശൗചാലയത്തിന്റെ അസ്ബസ്റ്റോസ് ഷീറ്റ് മരത്തടി ഉപയോഗിച്ചു തിക്കി പൊക്കിയശേഷം എയര്‍ ഹോളിലൂടെ വീട്ടില്‍ കയറിയാണ് കുറ്റാരോപിതര്‍ കൊല നടത്തിയത്. വയോധികനെ നഗ്‌നനാക്കി കിടക്കവിരികൊണ്ട് കൈകാലുകള്‍ കൂട്ടിക്കെട്ടിയശേഷം അതേ കിടക്കവിരി കൊണ്ട് കഴുത്തുഞെരിച്ചു ശ്വാസംമുട്ടിച്ചാണു കൊന്നത്. ഈ സമയം വിഡിയോ കോളിലൂടെ ദൃശ്യങ്ങള്‍ പെണ്‍കുട്ടിയെ കാണിക്കുകയും ചെയ്തിരുന്നു. നാലരപ്പവന്റെ ആഭരണങ്ങള്‍ മോഷ്ടിച്ചാണ് കുറ്റാരോപിതര്‍ അവിടെനിന്ന് കടന്നത്. ഇതില്‍ ഒരു മോതിരം 16,000 രൂപയ്ക്കു വിറ്റിരുന്നു. ഇതും വീട്ടില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പോലീസ് കണ്ടെടുത്തു. പെണ്‍കുട്ടിക്ക് ഐ ഫോണും കാമുകനു ബൈക്കും വാങ്ങാനായിരുന്നു ഈ പണം ഉപയോഗിക്കാന്‍ പദ്ധതിയിട്ടിരുന്നതെന്നും പോലീസ് വ്യക്തമാക്കി.
