'മാതാപിതാക്കളുടെ സ്നേഹമറിഞ്ഞിട്ടില്ല’: പൊലീസിന് മുന്നിൽ പൊട്ടിക്കരഞ്ഞ് 13കാരി, വയോധികൻ്റെ കൊലയ്ക്ക് പ്രചോദനമായത് സിനിമ; മേൽക്കൂരയിലെ ഓട് പൊളിച്ച് കല്ലിട്ട് കൊല്ലാൻ പദ്ധതിയിട്ടു

'മാതാപിതാക്കളുടെ സ്നേഹമറിഞ്ഞിട്ടില്ല’: പൊലീസിന് മുന്നിൽ പൊട്ടിക്കരഞ്ഞ് 13കാരി, വയോധികൻ്റെ കൊലയ്ക്ക് പ്രചോദനമായത് സിനിമ; മേൽക്കൂരയിലെ ഓട് പൊളിച്ച് കല്ലിട്ട് കൊല്ലാൻ പദ്ധതിയിട്ടു 


ആലപ്പുഴ: കരുവാറ്റയിൽ ശിവൻകുട്ടി എന്ന വയോധികൻ കൊല്ലപ്പെട്ട കേസിൽ കൗമാരക്കാരായ പ്രതികളുടെ ആസൂത്രണത്തെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മേൽക്കൂരയിലെ ഓട് പൊളിച്ച് താഴേയ്ക്ക് വലിയ കല്ലിട്ട് കൊല്ലാനായിരുന്നു പ്രതികൾ ആദ്യം പദ്ധതിയിട്ടിരുന്നത്. സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പ്രതികളിൽ ഒരാൾ ഈ ആശയം മുന്നോട്ടുവെച്ചത്.(Karuvatta Murder Case Minor Accused Inspired By Movie)

ക്വട്ടേഷൻ നൽകിയ 13-കാരിയായ പെൺകുട്ടിയാണ് ശിവൻകുട്ടിയുടെ വീടിന് സമീപത്ത് വലിയ കല്ലുണ്ടെന്ന് പ്രതികളെ അറിയിച്ചിരുന്നത്. നേരിട്ട് ആക്രമിക്കുമ്പോഴുണ്ടാകുന്ന പ്രതിസന്ധികൾ ഒഴിവാക്കാനാണ് ഓട് പൊളിച്ച് കല്ലിടാൻ പ്ലാൻ ചെയ്തത്. എന്നാൽ, വാടകവീടിന്റെ മേൽക്കൂരയ്ക്ക് താഴെ മച്ച് ഉണ്ടായിരുന്നതിനാൽ സിനിമ മോഡൽ കൊലപാതക ശ്രമം പരാജയപ്പെടുകയായിരുന്നു. തുടർന്ന് ശൗചാലയത്തിന്റെ പിൻഭാഗത്തെ വാതിൽ വഴി ഉള്ളിൽ കടന്ന പ്രതികൾ ശിവൻകുട്ടിയെ ശ്വാസം മുട്ടിച്ച് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തിന് ശേഷം വീട്ടിൽ നിന്ന് കവർന്ന താലിയും മാലയും മോതിരവും വിറ്റഴിക്കാനും സംഘം ശ്രമിച്ചു. മോതിരം പ്രദേശത്തെ കടയിൽ 16,000 രൂപയ്ക്ക് വിറ്റ ശേഷം മുക്കുപണ്ടം കാണിച്ച് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിശദമായ ചോദ്യം ചെയ്യലിൽ സത്യം പുറത്തുവരുകയായിരുന്നു. കൊല്ലപ്പെട്ട ശിവൻകുട്ടി തന്നോട് മോശമായി പെരുമാറിയതിലുള്ള വൈരാഗ്യമാണ് ക്വട്ടേഷന് പിന്നിലെന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി. സ്കൂൾ കാലഘട്ടത്തിലെ പരിചയം വെച്ചാണ് പെൺകുട്ടി കാമുകനെയും സുഹൃത്തുക്കളെയും കൃത്യത്തിനായി ഉപയോഗിച്ചത്.

കുടുംബ പശ്ചാത്തലമാണ് കുട്ടികളെ ഇത്തരം ക്രൂരകൃത്യങ്ങളിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ. കേസിലെ മൂന്ന് പ്രതികളെയും മായിത്തറയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പ്രായപൂർത്തിയാകാത്തവരാണെങ്കിലും ഗുരുതരമായ കുറ്റകൃത്യമായതിനാൽ ഇവർക്കെതിരെ മുതിർന്നവർക്കുള്ള വിചാരണ നടപടികൾ സ്വീകരിക്കുന്ന കാര്യം പൊലീസ് പരിശോധിച്ചുവരികയാണ്