കോട്ടയം: കോട്ടയത്ത് കഞ്ചാവിന്റെ ചാറെടുത്ത് നിര്‍മിച്ച ലഹരി മിഠായി പതിവായി ഉപയോഗിച്ചിരുന്ന 14, 15, 16 വയസ്സുകളിലുള്ള 9 വിദ്യാര്‍ത്ഥികളെ മൂന്ന് മാസം നീണ്ട അന്വേഷണത്തിനൊടുവില്‍ എക്‌സൈസ് പിടികൂടി ലഹരിവിമുക്ത കേന്ദ്രത്തിലാക്കി. ജില്ലയിലെ വിദ്യാര്‍ത്ഥികളില്‍ നിന്ന് മാത്രമായി ഇതുവരെ 974 ഗ്രാം കഞ്ചാവ് മിഠായിയാണ് എക്‌സൈസ് പിടിച്ചെടുത്തത്. മൂന്ന് മാസം മുന്‍പ് ഉത്തര്‍പ്രദേശ് സ്വദേശിയായ ഋഷികേശ് സിംഗില്‍ നിന്ന് എക്‌സൈസിന് ലഭിച്ച 194 ഗ്രാം മിഠായി ഫോറന്‍സിക് ലാബില്‍ പരിശോധിച്ചപ്പോഴാണ് കഞ്ചാവിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലും പ്രതിയുടെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലുമാണ് ലഹരി മിഠായി സ്ഥിരമായി വാങ്ങിയിരുന്ന വിദ്യാര്‍ത്ഥികളിലേക്ക് അന്വേഷണം എത്തിയത്.
അഞ്ച് ഗ്രാം തൂക്കമുള്ള, കയ്പും മധുരവും കലര്‍ന്ന രുചിയുള്ള ഈ മിഠായികളുടെ 40 എണ്ണമടങ്ങുന്ന പാക്കറ്റിന് 200 രൂപയാണ് വില. ഇത് കഴിച്ചാല്‍ നിര്‍ത്താതെ ചിരിക്കാന്‍ കഴിയുമെന്നാണ് പിടിയിലായ ഒരു 15 വയസ്സുകാരന്‍ എക്‌സൈസിനോട് വെളിപ്പെടുത്തിയത്. എന്നാല്‍ തുടര്‍ച്ചയായ ഉപയോഗം കുട്ടികളുടെ നാഡീവ്യൂഹത്തെ തളര്‍ത്തുകയും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഡിപ്രഷന്‍ ഉള്‍പ്പെടെയുള്ള മാനസിക വെല്ലുവിളികള്‍ക്കും കാരണമാകുകയും ചെയ്യുമെന്ന് എക്‌സൈസ് വ്യക്തമാക്കുന്നു. കഞ്ചാവ് മിഠായിയുടെ ഉത്ഭവത്തെയും വിതരണ ശൃംഖലയെയും കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരുന്നതിനാല്‍ ഇതിന്റെ സഞ്ചാരപഥത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിട്ടില്ല.
എതാനും ദിവസം മുന്‍പ് കോട്ടയത്തുനിന്നു വിനോദയാത്ര പോയതാണ് ഒരു കോളജില്‍നിന്നുള്ള സംഘം. യാത്രയ്ക്കിടെ ഒരു വിദ്യാര്‍ഥി കുഴഞ്ഞുവീണു. കോളജ് അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ വിദ്യാര്‍ഥികള്‍ കഞ്ചാവ് മിഠായി കഴിച്ചെന്ന് കണ്ടെത്തി. വിവരം എക്‌സൈസിനെ അറിയിച്ചു. കഞ്ചാവ് അടങ്ങിയ മിഠായി എക്‌സൈസ് കണ്ടെത്തി. ഇതോടെ കോളജ് അധികൃതര്‍ യാത്ര റദ്ദാക്കി തിരികെയെത്തി. അതിഥിത്തൊഴിലാളി നല്‍കിയതാണ് മിഠായിയെന്നാണ് എക്‌സൈസിനോട് വിദ്യാര്‍ഥികള്‍ പറഞ്ഞത്.
കുട്ടികളിലുണ്ടാകുന്ന സ്വഭാവവ്യതിയാനങ്ങള്‍ മാതാപിതാക്കളും അധ്യാപകരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് എക്‌സൈസ് മുന്നറിയിപ്പ് നല്‍കുന്നു. വൃത്തിഹീനമായി നടക്കുക, കുളിക്കാതിരിക്കുക, പഠനത്തില്‍ പെട്ടെന്ന് പിന്നാക്കം പോകുക, മാതാപിതാക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ഒറ്റപ്പെട്ട് കഴിയുക തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ജാഗ്രത പുലര്‍ത്തണം. ഇത്തരം വിവരങ്ങള്‍ മാതാപിതാക്കളോ സ്‌കൂള്‍ അധികൃതരോ അറിയിച്ചാല്‍ പൂര്‍ണ്ണമായും രഹസ്യമായി സൂക്ഷിക്കുമെന്നും, ലഹരി ഉപയോഗിക്കുന്ന കുട്ടികള്‍ക്ക് 'വിമുക്തി' സെല്‍ വഴി സൗജന്യ കൗണ്‍സിലിംഗും ചികിത്സയും ഉറപ്പാക്കുമെന്നും എക്‌സൈസ് അറിയിച്ചു.
