'200 പെല്ലറ്റ് ശരീരത്തില്‍, കാഴ്ചയും നഷ്ടമായി'; വിദ്യാര്‍ഥി പ്രക്ഷോഭത്തിനിടെ 19കാരനെ വെടിവെച്ച സംഭവത്തില്‍ ഒടുവില്‍ എഫ്‌ഐആര്‍ ഇട്ട് ഡല്‍ഹി പൊലീസ്; രാഹുല്‍ ഗാന്ധിയുടെ മണിക്കൂറുകള്‍ നീണ്ട കുത്തിയിരിപ്പ് ധര്‍ണ ഫലം കണ്ടു; 'കേസ് എടുക്കാതെ പിന്മാറില്ലെന്ന സമ്മര്‍ദ്ദത്തിന് വഴങ്ങി പൊലീസ്

'200 പെല്ലറ്റ് ശരീരത്തില്‍, കാഴ്ചയും നഷ്ടമായി'; വിദ്യാര്‍ഥി പ്രക്ഷോഭത്തിനിടെ 19കാരനെ വെടിവെച്ച സംഭവത്തില്‍ ഒടുവില്‍ എഫ്‌ഐആര്‍ ഇട്ട് ഡല്‍ഹി പൊലീസ്; രാഹുല്‍ ഗാന്ധിയുടെ മണിക്കൂറുകള്‍ നീണ്ട കുത്തിയിരിപ്പ് ധര്‍ണ ഫലം കണ്ടു; 'കേസ് എടുക്കാതെ പിന്മാറില്ലെന്ന സമ്മര്‍ദ്ദത്തിന് വഴങ്ങി പൊലീസ്

ന്യൂഡൽഹി:ഡല്‍ഹിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രതിഷേധത്തിനിടെ 19 വയസ്സുകാരനായ സാഹില്‍ ലോചബിന് പെല്ലറ്റ് കൊണ്ട് പരിക്കേറ്റ സംഭവത്തില്‍ ഡല്‍ഹി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാര്‍ത്ഥിക്ക് നേരെ പെല്ലറ്റ് തോക്ക് ഉപയോഗിച്ച സംഭവത്തില്‍ പോലീസ് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന ശക്തമായ പ്രതിഷേധങ്ങള്‍ക്കും കുത്തിയിരിപ്പ് ധര്‍ണയ്ക്കും ഒടുവിലാണ് പോലീസിന്റെ ഈ അടിയന്തര നടപടി. പരാതിക്കാരനായ സാഹില്‍ ലോചബിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.


സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്.എസ്.സി) ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കെതിരെ ജൂലൈ 20-ന് ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തിനിടെയാണ് യാതൊരു രാഷ്ട്രീയ പശ്ചാത്തലവുമില്ലാത്ത സാഹില്‍ ലോചബിന് ഗുരുതരമായി പരിക്കേല്‍ക്കുന്നത്. പോലീസിന്റെ പെല്ലറ്റ് പ്രയോഗത്തില്‍ സാഹിലിന്റെ കണ്ണുകള്‍ക്കും വയറിനും ഗുരുതരമായി പരിക്കേറ്റു. തുടര്‍ന്ന് ലേഡി ഹാര്‍ഡിംഗ് മെഡിക്കല്‍ കോളേജിലും എയിംസ് ട്രോമ സെന്ററിലും പ്രവേശിപ്പിക്കപ്പെട്ട യുവാവ് ശസ്ത്രക്രിയയ്ക്ക് വിധേയനായെങ്കിലും കണ്ണിന്റെ കാഴ്ചശക്തി ഇപ്പോഴും പൂര്‍ണ്ണമായി വീണ്ടെടുക്കാനായിട്ടില്ല. സാഹിലിന്റെ ശരീരത്തില്‍ ഇരുനൂറിലധികം പെല്ലറ്റ് ചില്ലുകള്‍ തറച്ചുകയറിയതായി മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.


സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഓഗസ്റ്റ് 14-ന് സാഹിലും അഭിഭാഷകരും രേഖാമൂലം പരാതി നല്‍കിയിരുന്നെങ്കിലും പോലീസ് നടപടിയെടുക്കാന്‍ വിസമ്മതിക്കുകയായിരുന്നു. കോണാട്ട് പ്ലേസ്, പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനുകള്‍ക്കിടയില്‍ പരാതിക്കാരെ തിരിച്ചയച്ച് പോലീസ് ഒളിച്ചുകളി നടത്തുകയാണെന്ന് അഭിഭാഷകര്‍ ആരോപിച്ചു. എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യാന്‍ നിര്‍ദ്ദേശമില്ലെന്ന് കാട്ടിയാണ് പോലീസ് കേസ് എടുക്കാതിരുന്നത്. വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളിലെ അമിത ബലപ്രയോഗം പരിശോധിക്കാന്‍ സുപ്രീം കോടതി ഒരു ഉന്നതാധികാര വിദഗ്ദ്ധ സമിതിയെ (HPEC) നിയോഗിച്ചിട്ടുണ്ടെന്ന കാരണമാണ് പോലീസ് തുടക്കത്തില്‍ പറഞ്ഞിരുന്നത്.


രാഹുലിന്റെ ഇടപെടല്‍ ഫലം കണ്ടു


തുടര്‍ന്നാണ് വിഷയത്തില്‍ ഇടപെട്ടുകൊണ്ട് രാഹുല്‍ ഗാന്ധി നേരിട്ട് രംഗത്തെത്തിയത്. സാഹില്‍ ലോചബിനൊപ്പം ആദ്യം മന്ദിര്‍ മാര്‍ഗ് പോലീസ് സ്റ്റേഷനിലെത്തിയ അദ്ദേഹം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഇവിടുത്തെ ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ ഡി.സി.പി ഓഫീസ് പ്രവര്‍ത്തിക്കുന്ന പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലെത്തി ഡി.സി.പി സച്ചിന്‍ ശര്‍മ്മയുമായി കൂടിക്കാഴ്ച നടത്തി. എഫ്.ഐ.ആര്‍ ഫയല്‍ ചെയ്ത് നമ്പറും കൈമാറാതെ പിന്മാറില്ലെന്ന് വ്യക്തമാക്കിയ രാഹുല്‍ ഗാന്ധി, പോലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് ധര്‍ണ ആരംഭിക്കുകയായിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി വധ്ര, ജയറാം രമേഷ് എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളും ഈ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു.


മണിക്കൂറുകള്‍ നീണ്ട ധര്‍ണയ്‌ക്കൊടുവില്‍ മാധ്യമങ്ങളെ കണ്ട രാഹുല്‍ ഗാന്ധി, സാഹിലിന്റെ ശരീരത്തില്‍ നിന്നും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത പെല്ലറ്റ് ചില്ലുകള്‍ ഉള്ളം കയ്യില്‍ വെച്ച് പരസ്യമായി ഉയര്‍ത്തിക്കാട്ടി. സാഹിലിന്റെ ശരീരത്തില്‍ 200-ലധികം പെല്ലറ്റുകള്‍ തറച്ചിട്ടുണ്ടെന്ന് എയിംസിലെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സഹിതം അദ്ദേഹം വെളിപ്പെടുത്തി. എഫ്.ഐ.ആര്‍ ഇടുന്നത് വരെ 30 ദിവസവും വേണമെങ്കില്‍ ആറുമാസവും സ്റ്റേഷന് മുന്നില്‍ കുത്തിയിരിക്കുമെന്ന് രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കി. പ്രതിഷേധം ശക്തമായതോടെയാണ് സാഹിലില്‍ നിന്ന് മെഡിക്കല്‍ രേഖകളും പരാതിയും സ്വീകരിച്ച് കേസെടുക്കാന്‍ ഡല്‍ഹി പോലീസ് തയ്യാറായത്.


അതേസമയം വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പെല്ലറ്റ് തോക്കുകള്‍ ഉപയോഗിച്ചെന്ന ആരോപണം ഡല്‍ഹി പോലീസ് നിഷേധിച്ചിട്ടുണ്ട്. സാധാരണയായി സി.ആര്‍.പി.എഫിന്റെ റൈറ്റ് ആക്ഷന്‍ ഫോഴ്സ് (RAF) ഉപയോഗിക്കുന്ന പെല്ലറ്റ് തോക്കുകള്‍ ഈ പ്രതിഷേധത്തിനിടെ ഉപയോഗിച്ചോ എന്നതില്‍ അന്വേഷണം തുടരുകയാണ്. ഭരണകൂടം വിഷയം തിരിച്ചുവിടാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചപ്പോള്‍, സമാധാനപരമായ പ്രതിഷേധങ്ങള്‍ക്ക് നേരെ മാരകായുധങ്ങള്‍ പ്രയോഗിച്ചതിനെതിരായ നിയമപോരാട്ടം ശക്തമായി തുടരുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.