ന്യൂഡൽഹി | രാജ്യത്ത് 2000 രൂപയ്ക്ക് മുകളിലുള്ള യു പി ഐ (UPI) ഇടപാടുകൾക്ക് ഭാവിയിൽ സർവീസ് ചാർജ് (UPI MDR Charges) ഏർപ്പെടുത്താൻ വഴിയൊരുക്കുന്ന ബിൽ കേന്ദ്ര സർക്കാർ ലോക്‌സഭയിൽ അവതരിപ്പിച്ചു. പേയ്‌മെന്റ് സിസ്റ്റം പ്രൊവൈഡർമാരെയും ബാങ്കുകളെയും ചില നിരക്കുകൾ ഈടാക്കുന്നതിൽ നിന്ന് തടയുന്ന നിലവിലെ നിയമപരമായ നിയന്ത്രണം നീക്കം ചെയ്യുന്നതിനായി 2007 ലെ പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ടിൽ ഭേദഗതി വരുത്തുന്ന ടാക്‌സേഷൻ ആൻഡ് അദർ ലോസ് (അമൻഡ്‌മെന്റ്) ബിൽ 2026 ആണ് ചൊവ്വാഴ്ച പാർലമെന്റിൽ സമർപ്പിച്ചത്. നിയമം പ്രാബല്യത്തിലായാൽ ഭീം, ജിപേ, പേടിഎം, ഫോൺപേ തുടങ്ങിയ യുപിഐ ആപ്പുകൾ വഴിയുള്ള ഇടപാടുകൾക്ക് സർവീസ് ചാർജ് നൽകേണ്ടി വരും.
ഈ ഭേദഗതി നിയമമാകുകയും നടപ്പിലാക്കുകയും ചെയ്യുകയാണെങ്കിൽ, വൻകിട ബിസിനസുകളിലേക്ക് നടത്തുന്ന 2000 രൂപയ്ക്ക് മുകളിലുള്ള ഉയർന്ന തുകയുടെ ഡിജിറ്റൽ പേയ്‌മെന്റുകൾക്ക് (Digital Payments) മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (Merchant Discount Rate) ബാധകമായേക്കാം. എന്നാൽ സാധാരണ ഉപഭോക്താക്കളെ ഇത് ബാധിക്കില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പാൽ, പച്ചക്കറി, പലചരക്ക് സാധനങ്ങൾ എന്നിവ വാങ്ങുന്നതിനും ഓട്ടോ, ടാക്‌സി യാത്രകൾക്കും നടത്തുന്ന സാധാരണ കുറഞ്ഞ തുകയുടെ ഇടപാടുകളെ ഇത് ബാധിക്കില്ല.
ലഭ്യമായ കണക്കുകൾ പ്രകാരം 2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾ മൊത്തം യു പി ഐ ഇടപാടുകളുടെ അഞ്ച് ശതമാനം മാത്രമാണെങ്കിലും, ആകെ ഇടപാട് മൂല്യത്തിന്റെ 65 ശതമാനവും ഇവയാണ്. നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (National Payments Corporation of India) പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച് ജൂലൈ മാസത്തിൽ മാത്രം 29.9 ലക്ഷം കോടി രൂപ മൂല്യമുള്ള 23.66 ബില്യൺ യു പി ഐ ഇടപാടുകളാണ് രാജ്യത്ത് നടന്നത്.
നിലവിൽ ഈ നിർദ്ദേശം നടപ്പിലാക്കുന്നതിനുള്ള സമയക്രമമോ വ്യക്തമായ തീരുമാനമോ ഘടനയോ തയ്യാറാക്കിയിട്ടില്ല. എങ്കിലും ഡിജിറ്റൽ പേയ്‌മെന്റ് മേഖലയുടെ ദീർഘകാല നിലനിൽപ്പിനും വളർച്ചയ്ക്കും മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് പുനഃസ്ഥാപിക്കേണ്ടതുണ്ടെന്ന വ്യവസായ രംഗത്തെ വിദഗ്ധരുടെ ആവശ്യത്തിന് അനുസൃതമായാണ് പുതിയ നിയമ ചട്ടക്കൂട് ഒരുങ്ങുന്നത്

