തിരുവനന്തപുരം: സംസ്ഥാനത്ത് മലയോര മേഖലകളിലും മധ്യകേരളത്തിലും പ്രളയസമാനമായ സാഹചര്യം സൃഷ്ടിച്ച് കനത്ത മഴ തുടരുന്നു. വിവിധയിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും പെട്ട് മൂന്നുപേര്‍ മരിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മഴ ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. കനത്ത മഴയെത്തുടര്‍ന്ന് കോട്ടയം, ഇടുക്കി, പത്തനംതിട്ട, വയനാട്, മലപ്പുറം, ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നീ 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. സംസ്ഥാന സഹകരണ യൂണിയന്‍ ഇന്ന് നടത്താനിരുന്ന എച്ച്.ഡി.സി ആന്റ് ബി.എം പരീക്ഷ മാറ്റിവെച്ചിട്ടുണ്ട്.
കോട്ടയം, ഇടുക്കി ജില്ലകളിലെ മലയോര മേഖലകളിലുണ്ടായ ഉരുള്‍പൊട്ടലിലാണ് മൂന്ന് ജീവനുകള്‍ പൊലിഞ്ഞത്. ഇടുക്കി കുടയത്തൂര്‍ അടൂര്‍മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മഷിക്കല്ലേല്‍ സുമതി, വാഗമണ്‍ കോലാഹലമേട്ടില്‍ മണ്ണിടിഞ്ഞുവീണ് വൈക്കം സ്വദേശി പ്രഭാകരന്‍ നായര്‍ (72), പൂഞ്ഞാര്‍ തെക്കേക്കര പയ്യാനിത്തോട്ടത്തില്‍ വീട് ഇടിഞ്ഞുവീണ് മണക്കാട്ട് ജോസഫിന്‍ ജോണി (24) എന്നിവരാണ് മരിച്ചത്. പയ്യാനിത്തോട്ടത്തില്‍ ജോസഫിന്റെ മാതാവ് റജീനയ്ക്കായി തെരച്ചില്‍ തുടരുകയാണ്. അടൂര്‍മലയില്‍ നിന്ന് രണ്ടുപേരെ രക്ഷപ്പെടുത്തി.
പത്തനംതിട്ടയില്‍ 2018-ലെ മഹാപ്രളയത്തിന് സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. കേവലം രണ്ടു മണിക്കൂറിനുള്ളില്‍ പമ്പാ നദി രൗദ്രഭാവം പൂണ്ട് കവിഞ്ഞൊഴുകി. പത്തനംതിട്ട തൂമ്പാക്കുളത്ത് ശക്തമായ ഉരുള്‍പൊട്ടലുണ്ടാവുകയും തേക്കുതോട് കൊച്ചുപാലം വെള്ളത്തിനടിയിലാവുകയും ചെയ്തു. പമ്പയ്ക്ക് പുറമെ കക്കട്ടാറിലും ജലനിരപ്പ് അപകടനില കടന്ന് ഉയരുകയാണ്.
മഴ കനത്തതോടെ റാന്നി, കോന്നി പ്രദേശങ്ങള്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി. ആളുകള്‍ വീടുകളുടെ രണ്ടാം നിലയില്‍ വരെ അഭയം തേടിയതോടെ ബോട്ടുകള്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. റാന്നിയിലെ പല പഞ്ചായത്തുകളും പുറംലോകവുമായി ഒറ്റപ്പെട്ടു. പെട്ടെന്നുണ്ടായ പ്രളയത്തില്‍ വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം കയറി കോടികളുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്.
ഇടുക്കി ജില്ലയിലും സ്ഥിതിഗതികള്‍ ഗുരുതരമായി തുടരുന്നു. ഉപ്പുതറയില്‍ പോലീസ് ജീപ്പിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണെങ്കിലും ഉദ്യോഗസ്ഥര്‍ ഇറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഏലപ്പാറ ചെമ്മണ്ണ് ഭാഗത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് ഒരാള്‍ കുടുങ്ങിക്കിടക്കുകയാണ്. വാഗമണ്ണിലും ഈരാറ്റുപേട്ട റോഡിലും മണ്ണിടിഞ്ഞ് ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു.
കോട്ടയത്തിന്റെ കിഴക്കന്‍ മേഖലകളില്‍ വ്യാപക നാശനഷ്ടമാണുണ്ടായത്. മൂന്നിലവില്‍ ഉരുള്‍പൊട്ടി പാലാ ഡിപ്പോയിലെ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ രാജേഷിന്റെ വീട് പൂര്‍ണ്ണമായും ഒലിച്ചുപോയി. കൂട്ടിക്കല്‍, കൊടുങ്ങാ, പൂഞ്ഞാര്‍, മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ ?????യിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. കൂട്ടിക്കല്‍, ഈരാറ്റുപേട്ട ടൗണുകള്‍ വെള്ളത്തിനടിയിലായി. പ്രമളളലരലേറ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റാന്‍ ആറു കേന്ദ്രങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.
റോഡ് ഗതാഗതം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൂര്‍ണ്ണമായി സ്തംഭിച്ചു. പുനലൂര്‍-മൂവാറ്റുപുഴ റോഡ്, പാലാ-ഈരാറ്റുപേട്ട റോഡ്, കെ.കെ റോഡ്, കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡ് എന്നിവടങ്ങളില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. മണിമലയാര്‍ കവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് മണിമല ടൗണിലും സമീപപ്രദേശങ്ങളിലെ നിരവധി വീടുകളിലും വെള്ളം കയറി.
വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ 8 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലവിലുണ്ട്. അടുത്ത 24 മണിക്കൂറില്‍ 115.6 മി.മീ മുതല്‍ 204.4 മി.മീ വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.
തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദപാത്തിയാണ് പെട്ടെന്നുള്ള കനത്ത മഴയ്ക്ക് കാരണം. ആഗസ്റ്റ് 4 വരെ സംസ്ഥാനത്ത് മഴ തുടരാന്‍ സാധ്യതയുണ്ട്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.
കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് തീരങ്ങളിലുള്ളവര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം. കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നദിക്കരകളിലും ഉരുള്‍പൊട്ടല്‍ ഭീതിയുള്ള മലയോര മേഖലകളിലും താമസിക്കുന്നവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ദുരന്തനിവാരണ അതോറിറ്റി അഭ്യര്‍ത്ഥിച്ചു.
