സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി മഞ്ചേശ്വരം ഉപജില്ലയിലെ എൽപി വിദ്യാർഥികൾക്കായി നടത്തിയ ‘ഫ്രീഡം ക്വിസ് 2026’ മത്സരത്തിലെ ഒരു ചോദ്യം വിവാദമായി

‘ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി സവർക്കറോ?’; മഞ്ചേശ്വരം ഉപജില്ലയിലെ ഫ്രീഡം ക്വിസ് ചോദ്യം വിവാദത്തിൽ

മഞ്ചേശ്വരം: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി മഞ്ചേശ്വരം ഉപജില്ലയിലെ എൽപി വിദ്യാർഥികൾക്കായി നടത്തിയ ‘ഫ്രീഡം ക്വിസ് 2026’ മത്സരത്തിലെ ഒരു ചോദ്യം വിവാദമായി. ‘ബ്രിട്ടിഷുകാരിൽനിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി ആര്?’ എന്ന ചോദ്യത്തിനുള്ള ഉത്തരമായി വി.ഡി. സവർക്കറുടെ പേര് നൽകിയതാണ് വിവാദത്തിന് ഇടയാക്കിയത് (Manjeshwaram Freedom Quiz controversy). സോഷ്യൽ സയൻസ് ക്ലബ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു ക്വിസ് മത്സരം. അധ്യാപകർക്കായി നൽകിയ ഉത്തരസൂചികയിൽ ചോദ്യത്തിന്റെ ശരിയുത്തരമായി സവർക്കറുടെ പേരാണ് രേഖപ്പെടുത്തിയിരുന്നതെന്നാണ് പരാതി. ചോദ്യത്തിന്റെ ചരിത്രപരമായ കൃത്യതയെയും ഇത്തരമൊരു ചോദ്യത്തിന്റെ ആവശ്യകതയെയും ചോദ്യം ചെയ്ത് ചിലർ രംഗത്തെത്തി.

അസോസിയേഷൻ ഭാരവാഹികളിൽ ഒരാൾ ഒരു അധ്യാപക സംഘടനയുടെ നേതാവാണെന്നും, അദ്ദേഹമാണ് ചോദ്യം തയ്യാറാക്കിയതെന്നുമാണ് പരാതിക്കാരുടെ ആരോപണം. എന്നാൽ ഇക്കാര്യത്തിൽ ബന്ധപ്പെട്ടവരുടെ ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല. ചോദ്യവും ഉത്തരസൂചികയും സ്കൂളുകൾക്ക് എഇഒ ഓഫീസ് വഴിയാണ് കൈമാറിയതെന്നാണ് വിവരം. ഇതോടെ വിദ്യാഭ്യാസ പരിപാടികളിൽ ചരിത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ തയ്യാറാക്കുമ്പോൾ വസ്തുതാപരമായ കൃത്യതയും രാഷ്ട്രീയനിഷ്പക്ഷതയും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും ചർച്ചയായിരിക്കുകയാണ്. ‘ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി’ എന്ന വിശേഷണത്തിന് ഏകീകൃതമായ ചരിത്ര മാനദണ്ഡമുണ്ടോ എന്നതും ചോദ്യത്തിന്റെ ഉത്തരമായി സവർക്കറെ നിശ്ചയിച്ചതിന്റെ അടിസ്ഥാനമെന്തെന്നതും വ്യക്തമല്ല. സംഭവത്തിൽ ബന്ധപ്പെട്ട വിദ്യാഭ്യാസ അധികൃതരുടെ വിശദീകരണം ലഭിച്ചിട്ടില്ല