
റിയാദ്: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയുടെ വാണിജ്യ സിരാകേന്ദ്രമായ ദമ്മാം അൽ അമാമ്ര ഏരിയയിലെ പ്രമുഖ വാണിജ്യ സമുച്ചയത്തിൽ വൻ തീപിടിത്തം. മലയാളികളുടേതുൾപ്പെടെ നിരവധി സ്ഥാപനങ്ങളും ഓഫീസുകളും പ്രവർത്തിക്കുന്ന 30-ഓളം നിലകളുള്ള കെട്ടിടത്തിലാണ് ശനിയാഴ്ച രാത്രിയോടെ തീപിടിത്തമുണ്ടായത്.
സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണ് ആദ്യം തീപടർന്നതെന്നാണ് പ്രാഥമിക വിവരം. അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
വിവരമറിഞ്ഞ ഉടൻ തന്നെ സിവിൽ ഡിഫൻസ് യൂണിറ്റുകളും പോലീസും സംഭവസ്ഥലത്തെത്തി തീയണയ്ക്കാനുള്ള അടിയന്തര നടപടികൾ ആരംഭിച്ചു. നിലവിൽ തീപിടിത്തം പൂർണ്ണമായി നിയന്ത്രണവിധേയമാക്കാനുള്ള തീവ്രശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. അപകടസ്ഥലത്ത് സിവിൽ ഡിഫൻസിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങളും സുരക്ഷാ ഏകോപനങ്ങളും ഊർജ്ജിതമായി നടന്നുവരുന്നു
