
അമരാവതി: മഹാരാഷ്ട്രയിലെ അമരാവതി ജില്ലാ ഗവൺമെന്റ് വനിതാ ആശുപത്രിയിൽ അതിദാരുണമായ ദുരന്തം. സ്പെഷ്യൽ ന്യൂബോൺ കെയർ യൂണിറ്റിൽ വെന്റിലേറ്റർ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തിൽ മൂന്ന് നവജാതശിശുക്കൾക്ക് ജീവൻ നഷ്ടപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെ 3:30 ഓടെ മൂന്നാം നിലയിലുള്ള ഐ.സി.യു വാർഡിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.(Three Newborns Killed In Maharashtra Amravati Hospital Fire Following Ventilator Blast)
അപകടസമയത്ത് 39 ഓളം നവജാതശിശുക്കൾ ഈ വാർഡിൽ ചികിത്സയിലുണ്ടായിരുന്നു. തീപിടിത്തമുണ്ടായതിന് തൊട്ടുപിന്നാലെ ഡോക്ടർമാരും നഴ്സുമാരും ചേർന്ന് കുഞ്ഞുങ്ങളെ ഒഴിപ്പിക്കാൻ ശ്രമിച്ചെങ്കിലും മൂന്ന് കുഞ്ഞുങ്ങൾ പുകശ്വസിച്ചും ഗുരുതരമായി പൊള്ളലേറ്റും മരണപ്പെടുകയായിരുന്നു. ഗുരുതരാവസ്ഥയിലായ മറ്റ് ആറ് കുഞ്ഞുങ്ങളെ സമീപത്തെ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി.
വെന്റിലേറ്ററിന്റെ സാങ്കേതിക തകരാറാണ് സ്ഫോടനത്തിന് വഴിവെച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തിയ റവന്യൂ മന്ത്രി, ഇരയായ കുടുംബങ്ങൾക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു.
